അമേരിക്കയിലെ 2026 ഇടക്കാല തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ വൻതുക മുടക്കി ശതകോടീശ്വരൻ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനായി കുറഞ്ഞത് 445 മില്യൺ ഡോളർ, അതായത് ഏകദേശം 44,500 കോടി രൂപയിലേറെ, സംഭാവന ചെയ്തതായാണ് റിപ്പോർട്ട്. അമേരിക്കൻ സെനറ്റിന്റെ നിയന്ത്രണം നിലനിർത്താൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയെ സഹായിക്കുകയാണ് ഈ പണമൊഴുക്കിന്റെ പ്രധാന ലക്ഷ്യം. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലാവധിയിലെ അവസാന രണ്ടുവർഷങ്ങളിൽ കോൺഗ്രസിന്റെ നിയന്ത്രണം ആർക്കായിരിക്കുമെന്ന് തീരുമാനിക്കുന്നതിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണായകമാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ മസ്ക് തന്റെ സൂപ്പർ പി.എ.സി.യിലേക്ക് 76.8 മില്യൺ ഡോളർ കൂടി സംഭാവന ചെയ്തു. സെപ്റ്റംബറിൽ സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ ത്യൂണുമായി ബന്ധമുള്ള സെനറ്റ് ലീഡർഷിപ്പ് ഫണ്ടിന് 158 മില്യൺ ഡോളറും നൽകി. ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ സഹായിക്കുന്ന സൂപ്പർ പി.എ.സി.കൾക്കും കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്ക പി.എ.സി.യിലൂടെ തപാൽ പ്രചാരണങ്ങൾ, ഡിജിറ്റൽ പരസ്യങ്ങൾ, സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് റിപ്പബ്ലിക്കൻ വോട്ടർമാരെ വോട്ടെടുപ്പിന് എത്തിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്ദേശീയ തിരഞ്ഞെടുപ്പുകൾക്കു പുറമെ സംസ്ഥാനതല രാഷ്ട്രീയത്തിലും മസ്കിന്റെ പണം സ്വാധീനം ചെലുത്തുന്നുണ്ട്. കഴിഞ്ഞ വർഷം വിസ്കോൺസിൻ സുപ്രീം കോടതി തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക സ്ഥാനാർഥിയെ വിജയിപ്പിക്കാൻ അമേരിക്ക പി.എ.സി. ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതേസമയം, നവംബറിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം നേടിയാൽ തന്റെ ബിസിനസ് താൽപര്യങ്ങളെയും ഫെഡറൽ സർക്കാരിലെ പങ്കിനെയും കുറിച്ച് അന്വേഷണം നടത്തുമെന്ന റിപ്പോർട്ടുകളോട് മസ്ക് രൂക്ഷമായി പ്രതികരിച്ചു. ബുധനാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിൽ, തന്നെ നേരിടാൻ വരുന്നവർ ആരാണ് പിന്നിൽനിന്ന് നീക്കങ്ങൾ നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തി അവർക്കെതിരെയും നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്.
ട്രംപിന്റെ അടുത്ത രാഷ്ട്രീയ സഖ്യകക്ഷിയായ മസ്കിന്റെ വൻ സാമ്പത്തിക പിന്തുണ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിൽ നിർണായക ഘടകമായി മാറിയിരിക്കുകയാണ്. സെനറ്റിലെ നിയന്ത്രണം നിലനിർത്താനുള്ള പോരാട്ടത്തിനൊപ്പം, തിരഞ്ഞെടുപ്പിനു ശേഷമുള്ള അന്വേഷണങ്ങളെക്കുറിച്ചുള്ള മസ്കിന്റെ മുന്നറിയിപ്പുകളും അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു.
