കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷൻ അഥവാ പിഎസ്സിയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ഒരു വലിയ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. KPSC ചെയർമാൻ എം.ആർ. ബൈജുവിനെയും ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളെയും പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും പിഎസ്സി ഭരണസമിതി പൂർണ്ണമായി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് നിർണ്ണായക ശുപാർശ നൽകിയിരിക്കുകയാണ്. സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് ഒരാഴ്ച മുൻപ് അദ്ദേഹം എടുത്ത ഈ അസാധാരണ നീക്കം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന വിവിധ പിഎസ്സി പരീക്ഷകളിൽ വ്യാപകമായി തട്ടിപ്പുകൾ നടന്നു എന്ന ഒട്ടനവധി പരാതികൾ ലോക്ഭവനിലേക്ക് എത്തിയിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് മനു പ്രസാദ്, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ എന്നിവരുൾപ്പെടെയുള്ള നിരവധി പേരും പൊതുപ്രവർത്തകരും നൽകിയ പരാതികൾ ഗവർണർ ഗൗരവത്തോടെയാണ് പരിശോധിച്ചത്. തുടർന്ന് ചീഫ് സെക്രട്ടറിയോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടുകയും ചെയ്തു. പിഎസ്സി തട്ടിപ്പുകളെ കുറിച്ച് അന്വേഷിച്ച ഐജി അജിത ബീഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പിഎസ്സിക്കെതിരെ അതിഗുരുതരമായ പരാമർശങ്ങളാണ് ഉണ്ടായത്. പ്ലാനിംഗ് ബോർഡ് പരീക്ഷയിൽ കൃത്രിമവും തട്ടിപ്പും നടന്നതായി ഈ റിപ്പോർട്ട് സ്ഥിരീകരിച്ചു. അതുമാത്രമല്ല, തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ പിഎസ്സി ഭരണസമിതി നേരിട്ട് സംരക്ഷിക്കുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ലെന്ന ആരോപണവും ശക്തമായതോടെയാണ് ഗവർണർ ഇത്രയും കടുത്ത ഒരു തീരുമാനത്തിലേക്ക് എത്തിയത്. ഭരണഘടനയുടെ 317-ാം അനുച്ഛേദ പ്രകാരമാണ് ഗവർണർ ഈ നിർണ്ണായക ഇടപെടൽ നടത്തിയിരിക്കുന്നത്. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണർ ആണെങ്കിലും, അവരുടെ കാലാവധി തീരുന്നതിന് മുൻപ് പുറത്താക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ് ഉള്ളത്. ഗവർണറുടെ ഈ ശുപാർശ ഇനി രാഷ്ട്രപതി സുപ്രീം കോടതിക്ക് കൈമാറും. സുപ്രീം കോടതി ഇതിൽ വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ചെയർമാനെ പുറത്താക്കാൻ സുപ്രീം കോടതി രാഷ്ട്രപതിക്ക് ശുപാർശ ചെയ്യും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പുറത്താക്കൽ ഉത്തരവ് ഉണ്ടാകുക. നിലവിൽ ചെയർമാൻ എം.ആർ. ബൈജുവും 15 അംഗങ്ങളും ഇടത് ആഭിമുഖ്യമുള്ളവരാണ്. 2028 മെയ് വരെ ചെയർമാന് കാലാവധിയുണ്ട്. ഗവർണറുടെ ഈ നടപടിക്കെതിരെ ചെയർമാനും കമ്മീഷനും നിയമോപദേശം തേടിയിട്ടുണ്ടെങ്കിലും, നിയമനാധികാരി തങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കമ്മീഷൻ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഇത്തരത്തിലുള്ള പരീക്ഷാ തട്ടിപ്പുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ നമ്മൾ എത്തിപ്പെടുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പുകളിലൊന്നായ 2002 ലെ പഞ്ചാബ് ‘ക്യാഷ് ഫോർ ജോബ്സ്’ അഴിമതിയിലാണ്. 1996 മുതൽ 2002 വരെയുള്ള കാലയളവിൽ പഞ്ചാബ് പിഎസ്സി ചെയർമാനായിരുന്ന രവീന്ദ്രപാൽ സിംഗ് സിദ്ധു എന്ന രവിസിദ്ധു നടത്തിയ നിയമന അഴിമതി രാജ്യത്തെയെല്ലാമാകെ ഞെട്ടിച്ച ഒന്നായിരുന്നു. 2002 മാർച്ച് 25-ന് ഒരു എക്സൈസ് ഇൻസ്പെക്ടറിൽ നിന്ന് അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പഞ്ചാബ് വിജിലൻസ് ബ്യൂറോ അദ്ദേഹത്തെ ചണ്ഡിഗഡിൽ നിന്ന് പിടികൂടിയത്. അറസ്റ്റിനുശേഷം നടത്തിയ റെയ്ഡുകളിൽ അദ്ദേഹത്തിന്റെ ബാങ്ക് ലോക്കറുകൾ ഉൾപ്പെടെ 9.57 കോടി രൂപ പണമായി വിജിലൻസ് കണ്ടെടുത്തു. കോടിക്കണക്കിന് രൂപയുടെ ബാങ്ക് അക്കൗണ്ടുകളും ഷെയറുകളും വിദേശത്തേക്ക് കടത്തിയതായും ബെനാമി പേരുകളിലുള്ള സ്വത്തുക്കൾ അടക്കം ഏകദേശം 30 കോടിയിലധികം രൂപയുടെ അനധികൃത സ്വത്താണ് അക്കാലത്ത് കണ്ടുകിട്ടിയത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, പഞ്ചാബ് സിവിൽ സർവീസ് ഓഫീസർമാർ തുടങ്ങിയ ഉയർന്ന തസ്തികകളിലെ ജോലികളിലാണ് പണം വാങ്ങി ഈ അഴുമതികൾ നടത്തിയത്. പണം നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് തലേദിവസം രാത്രി ചോദ്യപ്പേപ്പറുകൾ മുൻകൂട്ടി നൽകുകയും, ഉത്തരക്കടലാസുകൾ കൃത്യമായി വിലയിരുത്താതെ അവർക്ക് ഉയർന്ന മാർക്കുകൾ നൽകി നിയമനം ഉറപ്പാക്കുകയുമായിരുന്നു രീതി. ഈ വലിയ അഴിമതി പുറത്തുവന്നതിനെ തുടർന്ന് രവീന്ത്ര നാഥ് സിദ്ധുവിന്റെ കാലയളവിൽ അവിഹിതമായി നിയമനം ലഭിച്ച 639-ലധികം
ഉദ്യോഗാർത്ഥികളുടെ നിയമനം പഞ്ചാബ് സർക്കാർ റദ്ദാക്കി. അഴിമതിയിലൂടെ സർവീസിൽ പ്രവേശിച്ച നിരവധി ജുഡീഷ്യൽ ഓഫീസർമാരെയും ഹൈക്കോടതി പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിവിധ ഘട്ടങ്ങളിലായി സിദ്ധുവിനെ കോടതി കടുത്ത ശിക്ഷകൾക്ക് വിധേയനാക്കി. 2013-ൽ ആറു വർഷം തടവിനും, 2015-ൽ പട്ടിയാല കോടതി ഏഴു വർഷം കഠിനതടവിനും അദ്ദേഹത്തെ ശിക്ഷിച്ചു. 2018-ൽ അനധികൃത സ്വത്ത് സമ്പാദനം, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളിൽ മൊഹാലിയിലെ പ്രത്യേക കോടതി വീണ്ടും ഏഴു വർഷം കൂടി തടവും എഴുപത്തഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് യോഗ്യരായ ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് കോടികൾ സമ്പാദിച്ച ഈ കേസ് സിവിൽ സർവീസ് നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നത് സംബന്ധിച്ച് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
ചരിത്രത്തിൽ പിഎസ്സി അംഗങ്ങൾക്കോ ചെയർമാൻമാർക്കോ എതിരെ ഇത്തരം നടപടികൾ മുൻപും ഉണ്ടായിട്ടുണ്ട്. 1982-ൽ പഞ്ചാബ് പിഎസ്സി അംഗം ഗോപാൽകൃഷ്ണ സൈനിയെ ചെയർമാന്റെ മുഖത്തടിച്ചതിന്റെ പേരിൽ രാഷ്ട്രപതി പുറത്താക്കിയതാണ് രാജ്യത്തെ ആദ്യത്തെ നടപടി. അതുപോലെ 2008-ൽ ഹരിയാന പിഎസ്സി ചെയർമാൻ മഹർ സിംഗ് സൈനിയെ ക്രമക്കേടുകളുടെ പേരിൽ സുപ്രീം കോടതി അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി പുറത്താക്കുകയുണ്ടായി. അതേസമയം, ഛത്തീസ്ഗഡ് ചെയർമാൻ അശോക് ദർബാരി, ഒഡീഷ പിഎസ്സി ചെയർമാൻ എച്ച്.ബി. മിർദ എന്നിവരെ സുപ്രീം കോടതി അന്വേഷണത്തിൽ കുറ്റവിമുക്തരാക്കിയ ചരിത്രവുമുണ്ട്.
കേരള പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ നൽകിയ ശുപാർശയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് ഗവർണർ നടത്തിയത് അസാധാരണവും രാഷ്ട്രീയ പ്രേരിതവുമായ നീക്കമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഗവർണർ പദവിയിൽ ഇരുന്നുകൊണ്ട് ആർഎസ്എസുകാരനായി പ്രവർത്തിക്കാനാണ് ആർലേക്കർ ശ്രമിച്ചതെന്നും, എഴുതപ്പെട്ട ഭരണഘടനയിലെ കൃത്യമായ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് തീർത്തും ഭരണഘടനാ വിരുദ്ധവും ചട്ടവിരുദ്ധവുമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളും ഭാവിയുമാണ് പിഎസ്സിയുമായി ബന്ധപ്പെട്ട് കിടക്കുന്നത്. അതിനാൽ തന്നെ മുൻ ഗവർണറുടെ ഈ ശുപാർശയിലും തുടർന്ന് വരാനിരിക്കുന്ന സുപ്രീം കോടതിയുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങളിലും കേരളം ഉറ്റുനോക്കുന്നത് വലിയ പ്രതീക്ഷകളോടെയും ആശങ്കകളോടെയുമാണ്.
