ജാമിയയിൽ വൻ വിദ്യാർത്ഥി പ്രക്ഷോഭം!

രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ജാമിയ മില്ലിയ ഇസ്‌ലാമിയയിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്താമെന്ന സർവകലാശാലയുടെ പ്രഖ്യാപനം വിദ്യാർത്ഥികൾ തള്ളി. സമരത്തിലായിരുന്ന വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാമെന്നും തിരഞ്ഞെടുപ്പ് നടത്താമെന്നും വ്യക്തമാക്കി സർവകലാശാല അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക നോട്ടീസിലെ വാഗ്ദാനങ്ങൾ അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ സമരം തുടരുമെന്ന് പ്രഖ്യാപിച്ചത്.

വിദ്യാർത്ഥി യൂണിയനായി സർവകലാശാല ഭരണകൂടം തയാറാക്കിയ പുതിയ ഭരണഘടന വിദ്യാർത്ഥികൾ അംഗീകരിച്ച് 15 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് അധികൃതരുടെ അറിയിപ്പ്. എന്നാൽ തിരഞ്ഞെടുപ്പ് തീയതികളിൽ കൃത്യമായ വ്യക്തതയില്ലെന്നും പ്രോക്ടറുടെ രാജി ഉൾപ്പെടെയുള്ള മറ്റ് പ്രധാന ആവശ്യങ്ങളെക്കുറിച്ച് നോട്ടീസിൽ പരാമർശമില്ലെന്നും ചൂണ്ടിക്കാട്ടി സമരം നടത്തുന്ന വിദ്യാർത്ഥികൾ ഈ നിർദ്ദേശം നിരസിച്ചു. 2006-ലാണ് ജാമിയയിൽ വിദ്യാർത്ഥി യൂണിയൻ പിരിച്ചുവിട്ടത്.പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി ഇന്ന് (ഒക്‌ടോബർ 26) പുലർച്ചെ 4:30-ഓടെ സർവകലാശാല രജിസ്ട്രാർ മഹ്താബ് ആലം റിസ്‌വി വിദ്യാർത്ഥികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി നോട്ടീസ് കൈമാറിയിരുന്നു. ആവശ്യങ്ങൾ പരിഗണിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചെങ്കിലും യൂണിയൻ പുനഃസ്ഥാപിക്കുന്നതിലും ജനാധിപത്യപരമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലും വ്യക്തതയില്ലാത്ത നോട്ടീസ് തങ്ങൾ അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. അവ്യക്തമായ വാഗ്ദാനങ്ങൾക്ക് വഴങ്ങാതെ ക്യാമ്പസിൽ ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *