അടി പതറി സതീശൻ KC യുടെ തുറന്നു പറച്ചിൽ

കോൺഗ്രസ് അധികാരത്തിൽ വന്നിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. ഈ ആറുമാസം കൊണ്ട് കേരളത്തിൽ എന്ത് മാറ്റമുണ്ടായി എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ അതിനൊന്നും മറുപടി പറയാൻ സമയമില്ല. കാരണം അവർ വലിയൊരു രാഷ്ട്രീയ യുദ്ധത്തിലാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യുദ്ധമല്ല. മുഖ്യമന്ത്രി കസേരയ്ക്ക് ചുറ്റും നടക്കുന്ന അധികാര യുദ്ധം! ആരാണ് വലിയ നേതാവ്, ആരുടെ ഗ്രൂപ്പിനാണ് കൂടുതൽ സ്വാധീനം, ആരാണ് മുഖ്യമന്ത്രിയുടെ അടുത്തയാൾ, ആരാണ് ഹൈക്കമാൻഡിന്റെ വിശ്വസ്തൻ എന്നൊക്കെയുള്ള കണക്കെടുപ്പിലാണ് പാർട്ടിയിലെ പല നേതാക്കളും.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലം കൂടി പരിശോധിക്കാം. സർക്കാരിന്റെ ആറുമാസം പൂർത്തിയായ സമയത്ത് ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചത്.
ആറുമാസം പിന്നിട്ട സർക്കാരിന്റെ മന്ത്രിസഭാ യോഗത്തിൽ എന്താണ് നടന്നത്? ജനങ്ങൾക്ക് വേണ്ടി നയപരമായ തീരുമാനങ്ങൾ എടുക്കേണ്ട മന്ത്രിസഭാ യോഗം തന്നെ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായി മാറിവൈദ്യുതി വാങ്ങുന്നതിനെച്ചൊല്ലി തർക്കം, പി.എസ്.സി നിയമനത്തെച്ചൊല്ലി തർക്കം, മന്ത്രിമാർ തമ്മിൽ വാക്കേറ്റം, യോഗത്തിലെ വിവരങ്ങൾ പുറത്തുപോയെന്ന ആരോപണം. ഇതൊക്കെ കേട്ടാൽ കേരളത്തിന്റെ മന്ത്രിസഭയാണോ അതോ കോൺഗ്രസിന്റെ ഗ്രൂപ്പ് കമ്മിറ്റി യോഗമാണോ അവിടെ നടന്നതെന്ന് സംശയം തോന്നും!

ആദ്യം മന്ത്രിസഭാ യോഗത്തിലെ തമ്മിലടി എടുക്കാം. ഭരണം ആറുമാസം പിന്നിടുമ്പോൾ ഒത്തൊരുമയോടെ മുന്നോട്ട് പോകുന്നതിന് പകരം, അവിടെ നടന്നത് അടുത്തവന്റെ കുഴി തോണ്ടലാണ്. കറന്റ് വാങ്ങുന്ന വിഷയത്തിൽ മന്ത്രി സണ്ണി ജോസഫുമായി ഉണ്ടായ ചെറിയൊരു തർക്കത്തെ പെരുപ്പിച്ചു കാട്ടി, പിഎസ്‌സി അംഗങ്ങളുടെ നിയമനവുമായി ബന്ധിപ്പിച്ച് സർക്കാരിനെ നാറ്റിക്കാൻ കെ.സി. വേണുഗോപാൽ പക്ഷത്തെ പ്രമുഖ മന്ത്രി കരുക്കൾ നീക്കിയെന്നാണ് സതീശൻ പക്ഷത്തിന്റെ പരാതി. അതിലും വലിയ തമാശ, യോഗം കഴിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപേ തർക്കവാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞതാണ്. എന്ത് രഹസ്യസ്വഭാവമാണ് ഈ മന്ത്രിസഭയ്ക്കുള്ളതെന്ന് ആലോചിക്കുമ്പോൾ ചിരിയാണ് വരുന്നത്. അത് ചോർത്തിയത് മന്ത്രി എ.പി. അനിൽകുമാറാണെന്ന് സതീശൻ പക്ഷം കുറ്റപ്പെടുത്തുമ്പോൾ, അല്ല, മുഖ്യമന്ത്രിയോട് അടുപ്പമുള്ള മന്ത്രി കെ. മുരളീധരനാണ് മാധ്യമങ്ങൾക്ക് നൽകിയതെന്നാണ് കെ.സി. പക്ഷത്തിന്റെ മറുവാദം. മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനത്തിൽ തർക്കങ്ങളുണ്ടായെന്ന് സമ്മതിച്ചതോടെ ചോർച്ച ഉറപ്പായി. സത്യം പറഞ്ഞാൽ ഇതൊരു ഭരണമാണോ അതോ സ്കൂളിലെ പിള്ളേരുടെ കടിപിടിയാണോ? വാർത്ത ചോർത്തിയതാരാണെന്ന് തർക്കിക്കാൻ കാണിക്കുന്ന ഉത്സാഹത്തിന്റെ പകുതി പോലും നാട്ടിലെ കാര്യങ്ങളിൽ കാണിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഇതിനിടയിലാണ് സൈബർ പോര്. യോഗത്തിൽ ശരിയായ നിലപാട് എടുത്തതിന്റെ പേരിൽ സണ്ണി ജോസഫിനും അനിൽകുമാറിനുമെതിരെ വ്യാജ അക്കൗണ്ടുകൾ വഴി സൈബർ ആക്രമണം നടത്തുന്നുവെന്നാണ് കെ.സി. വിഭാഗം പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോരിൽ കെ.സി. വേണുഗോപാലിനെ ലക്ഷ്യംവച്ച അതേ സൈബർ കേന്ദ്രങ്ങളാണ് ഇപ്പോഴും കറങ്ങുന്നതെന്നും അവർ ആരോപിക്കുന്നു. സ്വന്തം പാർട്ടിക്കാർ തന്നെയാണ് പരസ്പരം സൈബർ ഗുണ്ടകളെ വിട്ട് മാന്തുന്നത് എന്നോർക്കുമ്പോൾ ശരിക്കും ചിരി വരും. ടി.എൻ. പ്രതാപനെ എഐസിസി ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിയതിന് പിന്നിലും മുഖ്യമന്ത്രിയോടുള്ള അടുപ്പമാണെന്ന പരാതിയും വേറെയുണ്ട്.
ഇനി മുസ്ലിം ലീഗിന്റെ തിരക്കഥ നോക്കാം. സതീശന് പ്രതിരോധം തീർക്കാൻ ലീഗ് ഇറങ്ങുന്നുണ്ടത്രേ! എന്തിനാണ് ഈ പെട്ടെന്നുള്ള സ്നേഹപ്രകടനം എന്ന് ചോദിച്ചാൽ, മുഖ്യമന്ത്രി പദത്തിലേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കാതിരുന്നതിന്റെ പകയാണ് കെ.സി. ഇപ്പോൾ തീർക്കുന്നതെന്നാണ് ലീഗിന്റെ സംശയം. മന്ത്രിസഭാ യോഗത്തിൽ അനിൽകുമാറും കുഞ്ഞാലിക്കുട്ടിയും തമ്മിൽ വാക്കേറ്റമുണ്ടായതും ഇതിന്റെ തുടർച്ചയാണ്. ഡൽഹിയിൽ പോയിട്ട് ലീഗിന് കിട്ടിയ ‘പരിഗണന’ കേട്ടാൽ ശരിക്കും പാവം തോന്നും. രാഷ്ട്രപതിയെ കാണാനുള്ള സംഘത്തിൽ നിന്ന് അവസാന നിമിഷം ഇ.ടി. മുഹമ്മദ് ബഷീർ എംപിയെ മാറ്റിനിർത്തിയത്രേ! രാംലീല മൈതാനിയിലെ റാലിയിൽ കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം കൊടുത്തില്ലത്രേ! സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ലീഗിനെ ക്ഷണിച്ചില്ലത്രേ! ഡൽഹിയിൽ പുതിയ ആസ്ഥാനമന്ദിരം തുറന്നിട്ടും ചെറിയ കക്ഷികൾക്ക് പോലും കിട്ടുന്ന പരിഗണന വലിയ ലീഗിന് കിട്ടുന്നില്ലെന്ന വേദനയാണ് ലീഗ് നേതാക്കൾക്ക്. എന്നിട്ട് ഇപ്പോൾ കെ.സി. വേണുഗോപാലിന്റെ മധ്യസ്ഥത വേണ്ട, പ്രിയങ്ക ഗാന്ധി വഴി രാഹുൽ ഗാന്ധിയെ കാര്യങ്ങൾ അറിയിക്കാമെന്ന പുതിയ പ്ലാനിലാണ് ലീഗ്. എന്ത് നാടകങ്ങളാണ് ഈ നടക്കുന്നത്!
ഇതൊന്നും പോരാഞ്ഞിട്ട്, ഹൈക്കമാൻഡിന് കത്തയക്കാൻ സാംസ്കാരിക നായകരും രംഗത്തിറങ്ങുന്നുണ്ടത്രേ. മുഖ്യമന്ത്രി കസേരയുടെ തർക്കകാലത്ത് സതീശന് വേണ്ടി ഹൈക്കമാൻഡിൽ ഇടപെട്ട അതേ സാംസ്കാരിക നായകരാണ് ഇപ്പോഴും കത്തുകളുമായി നടക്കുന്നത്. അധികാരമേറി ആറുമാസം തികയുന്നതിനു മുൻപേ ഇത്രയും നാണംകെട്ട കളികൾ കളിക്കണമെങ്കിൽ, മുന്നോട്ടുള്ള കാലത്ത് എന്തൊക്കെ കാണേണ്ടി വരുമെന്ന് ഓർക്കാൻ കൂടി വയ്യ. ജനങ്ങളുടെ പ്രശ്നങ്ങൾ തീർക്കേണ്ട ഭരണകൂടവും മുന്നണിയും, പരസ്പരമുള്ള കുറ്റപ്പെടുത്തലുകളുടെയും ഈഗോയുടെയും ചന്തയായി മാറിയിരിക്കുന്നു. ആറുമാസം കൊണ്ട് മാറ്റമുണ്ടോ എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ: ഗ്രൂപ്പ് പോര് നല്ല മുറയ്ക്ക് മുറുകിയിട്ടുണ്ട്, ബാക്കിയെല്ലാം പഴയപടി തന്നെ!

Leave a Reply

Your email address will not be published. Required fields are marked *