മരുഭൂമിയിലെ കഠിനാധ്വാനത്തിനൊടുവിൽ നാട്ടിലേക്ക് പണമയക്കാൻ ഒരു പ്രവാസി മൊബൈലിൽ നിരക്ക് നോക്കി ആശ്വസിക്കുന്നു. അതേസമയം, വിദേശ വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന ഒരു സംരംഭകൻ ഡോളർ നിരക്കിലെ മാറ്റം കണ്ട് ആശങ്കയോടെ കണക്കുകൾ കൂട്ടുന്നു! ഒരാൾക്ക് രൂപയുടെ കരുത്ത് ആശ്വാസമാകുമ്പോൾ, മറ്റൊരാൾക്ക് അത് വലിയ വെല്ലുവിളിയാകുന്ന കൗതുകകരമായൊരു ലോകമുണ്ട്—അതാണ് കറൻസി വിപണി!
കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഏതാണ്ട് നാല് രൂപയോളം പെട്ടെന്നുള്ള മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ പതിനൊന്നിന് ഒരു ഡോളറിന് 96.78 രൂപയായിരുന്നു എന്നുണ്ടെങ്കിൽ, നവംബർ ഇരുപതൊക്കെ ആയപ്പോഴേക്കും അത് ഏതാണ്ട് 92.62 രൂപയായി കുറഞ്ഞു. അതിനിടയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലും ശ്രദ്ധേയമായത്.
രൂപയുടെ മൂല്യം ഇനിയും അതിവേഗം കൂടാതിരിക്കാൻ റിസർവ് ബാങ്ക് വിവിധ തരത്തിൽ ഇടപെടലുകൾ നടത്തി എന്നും പറയപ്പെടുന്നുണ്ട്. സ്വാഭാവികമായിട്ടും ഇതുമായി ബന്ധപ്പെട്ട ഒരുപാട് ചർച്ചകൾ ഉയരുന്നുണ്ട്. എന്തുകൊണ്ടാണ് രൂപയുടെ പെട്ടെന്നുള്ള മൂല്യവർദ്ധനവ് ഉണ്ടായത് എന്നതും, ഇത് രാജ്യത്തെ എങ്ങനെയൊക്കെ ബാധിക്കും എന്നതും, ഇത്തരം മാറ്റങ്ങൾ ഉണ്ടാകുമ്പോൾ വരും ദിവസങ്ങളിൽ എങ്ങോട്ടായിരിക്കും പോക്ക് എന്നതും, എന്തിനാണ് ഇത് ഇത്രയേറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയം എന്നതുമൊക്കെ നമുക്ക് പരിശോധിക്കാം.
ഇന്ത്യൻ രൂപയുടെ മൂല്യം ഈ വർഷത്തിന്റെ തുടക്കത്തിൽ, അതായത് ജനുവരി രണ്ടാം തീയതി, ഒരു ഡോളർ വാങ്ങിക്കാൻ ഏതാണ്ട് 90.5 രൂപ കൊടുക്കണമായിരുന്നു. അതിനുമുമ്പ് 2025-ൽ ഏതാണ്ട് 89.8 രൂപ കൊടുത്താൽ ഒരു ഡോളർ കിട്ടുമായിരുന്നു. എന്നാൽ ഈ വർഷം തുടങ്ങിയപ്പോൾ തന്നെ രൂപയുടെ മൂല്യം താഴോട്ട് പോകുന്ന പ്രവണത കണ്ടു; പിന്നെ അത് പിടിവിട്ട് താഴോട്ട് വീണുകൊണ്ടിരിക്കുകയായിരുന്നു.
ഫെബ്രുവരിയിൽ അത് ഒന്ന് സ്റ്റേബിൾ ആയി; ജനുവരിയിലാണ് തൊണ്ണൂറിലേക്ക് വന്നത്. ഫെബ്രുവരിയിൽ അത് 91 എന്ന നിലയിൽ കുറേ ദിവസം തുടർന്നു. പിന്നീട് മാർച്ച്, മെയ് ഒക്കെ ആയപ്പോൾ 95-ലേക്ക് എത്തി; ജൂലൈ ഒടുവിൽ 96.50 രൂപ വരെയായി. ഒക്ടോബർ പതിനൊന്നായപ്പോൾ സർവ്വകാല വീഴ്ച എന്ന നിലയിലേക്ക്, ഒരു ഡോളറിന് 96.78 രൂപ കൊടുക്കേണ്ട അവസ്ഥ വന്നു. ഡോളറുമായി താരതമ്യപ്പെടുത്തിയാണ് നമ്മൾ എപ്പോഴും രൂപയുടെ ശക്തി കണക്കാക്കുന്നത്.
ഇപ്പോൾ നവംബർ ഇരുപതായപ്പോൾ രൂപയുടെ മൂല്യം കൂടിയിട്ട് ഒരു ഡോളറിന് 92.62 രൂപ എന്ന നിലയിലേക്ക് എത്തി. ഏതാണ്ട് ഒരു മാസവും ഒൻപത് ദിവസവും മുമ്പ് ഒക്ടോബർ പതിനൊന്നിന് 96.78 രൂപ കൊടുക്കണമായിരുന്നു. ആ 96.78-ൽ നിന്നും 92.62 എന്ന നിലയിലേക്ക്, അതായത് ഏതാണ്ട് നാല് രൂപയോളം രൂപ ശക്തിപ്പെട്ടു എന്നത് മാർക്കറ്റിന്റെ സ്വാഭാവിക ചലനങ്ങളുടെ ഭാഗമാണ്.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം സംഭവിച്ചത് എന്ന് നോക്കാം. വിദേശ നിക്ഷേപകർ ഇന്ത്യയുടെ ഇക്വിറ്റി മാർക്കറ്റുകളിൽ നിന്നും ഷെയർ മാർക്കറ്റിൽ നിന്നും 2025 കാലഘട്ടത്തിൽ ഏതാണ്ട് 20 മുതൽ 30 ബില്യൺ ഡോളർ വരെ പിൻവലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ഷെയർ ഇക്വിറ്റി മാർക്കറ്റുകളിലേക്ക് വലിയ വിദേശ നിക്ഷേപ ഒഴുക്കാണ് കാണുന്നത്; അതൊരു പ്രധാന കാരണമാണ്.
രണ്ടാമത്തെ കാരണം, കുറച്ച് ഒരു മാസം മുമ്പ് വരെ റിസർവ് ബാങ്ക് വിദേശത്തുനിന്ന് നോൺ റെസിഡന്റ് ഇന്ത്യക്കാർ അയക്കുന്ന പണത്തിന് ചില ആനുകൂല്യങ്ങൾ നൽകിയിരുന്നു. അതുവഴി വലിയ രീതിയിൽ, ഏതാണ്ട് 120 ബില്യൺ ഡോളറിലധികം വിദേശത്തുനിന്ന് ഒഴുക്കുണ്ടായി എന്നാണ് പറയപ്പെടുന്നത്. മൂന്നാമതായി, ഇന്ത്യയുടെ ഇമ്പോർട്ടർമാർക്ക് മാർക്കറ്റിൽ നിന്ന് ഡോളർ കിട്ടാനുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ നീക്കിയതും, റിസർവ് ബാങ്കിന്റെ വിവിധ ഇടപെടലുകളും ഇതിന് പിന്നിലുണ്ട്.
ഇതിനൊപ്പം എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് അമേരിക്കയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്കുള്ള നിക്ഷേപകരുടെ ശ്രദ്ധയിൽ വന്ന മാറ്റം. രണ്ടാഴ്ച മുമ്പ് വരെ, എഐ മേഖലയിലെ എൻവിഡിയയിൽ ഉണ്ടായ ചലനങ്ങൾക്കും കോലാഹലങ്ങൾക്കും മുമ്പ് വരെ, വലിയ നിക്ഷേപം നാസ്ഡാക്കിലും മറ്റ് യൂറോപ്യൻ എക്സ്ചേഞ്ചുകളിലും ഒഴുകിയിരുന്നു.
ഇപ്പോൾ പെട്ടെന്ന് അമേരിക്കയുടെയും യൂറോപ്യൻ എക്സ്ചേഞ്ചുകളുടെയും എഐ മേഖലയിലേക്കുള്ള നിക്ഷേപകരുടെ ഫോക്കസ് മാറി. എഐ മേഖലയിൽ നിക്ഷേപിക്കുന്നതുകൊണ്ട് ചില റിസ്ക്കുകൾ ഉണ്ടെന്ന ബോധ്യം പലർക്കും ഉണ്ടായിരിക്കാം. അതോടെ പരമ്പരാഗത ഇലക്ട്രോണിക് കമ്പനികളും സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് നൽകുന്ന കമ്പനികളുമുള്ള ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റിലേക്ക് അമേരിക്കൻ, യൂറോപ്യൻ വിദേശ നിക്ഷേപകർ തിരികെ എത്തി.
രണ്ടാഴ്ച കൊണ്ട് ഏതാണ്ട് 84,000 കോടി രൂപ ഇന്ത്യൻ മാർക്കറ്റിൽ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സ്റ്റോക്ക് മാർക്കറ്റിന്റെ ഒരു പ്രത്യേകതയുണ്ട്; കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ പണം ഇങ്ങോട്ട് വരും, അതേ വേഗതയിൽ തന്നെ പുറത്തേക്ക് പോവുകയും ചെയ്യാം. വിദേശ നിക്ഷേപങ്ങൾ വരുമ്പോൾ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് മാത്രമേ സ്ഥായിയായ പ്രസക്തിയുള്ള നിക്ഷേപമായി കാണേണ്ടതുള്ളൂ; അല്ലാത്ത നിക്ഷേപങ്ങൾക്ക് പലപ്പോഴും ഈ സ്വഭാവമാണ്.
ഇപ്പോൾ തൽക്കാലത്തേക്ക് ഇന്ത്യയുടെ ഒരു ആശങ്ക, രൂപയുടെ മൂല്യം ഇനിയും അതിവേഗം മുകളിലേക്ക് കയറുക എന്നതാണ്. അത് ഒരു കാരണവശാലും ഇന്ത്യയുടെ കയറ്റുമതി മേഖല അനുവദിക്കില്ല. കാരണം രൂപയുടെ മൂല്യം കൂടിയാൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില വിദേശ വിപണിയിൽ കൂടും.
രണ്ടാഴ്ച മുമ്പ് വരെ ഏതാണ്ട് 97 രൂപയ്ക്ക് അടുത്തായിരുന്നപ്പോൾ ഒരു ഡോളർ കൊണ്ട് വാങ്ങാൻ കഴിയുന്ന സാധനങ്ങൾ, ഇപ്പോൾ ഡോളറിന്റെ വില 92.5 രൂപയിലേക്ക് താഴുമ്പോൾ അത്ര എളുപ്പത്തിൽ കിട്ടില്ല. വിദേശത്ത് നിന്ന് വാങ്ങുന്നയാൾക്ക് കൂടുതൽ ഡോളർ നൽകേണ്ടി വരും; അതോടെ നമ്മുടെ ഉൽപ്പന്നത്തിന്റെ വില വിദേശ മാർക്കറ്റിൽ കൂടും. ചെറിയ വില വ്യത്യാസങ്ങൾ പോലും ഗാർമെന്റ് എക്സ്പോർട്സ് ഉൾപ്പെടെയുള്ള ചില മേഖലകളെ സാരമായി ബാധിക്കും.
അങ്ങനെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടി ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് രൂപയുടെ മൂല്യം അത്ര വേഗം ഇനി കൂടണ്ട എന്ന തീരുമാനത്തിലേക്ക് റിസർവ് ബാങ്ക് എത്തിയത്. റിസർവ് ബാങ്കിന്റെ ഇടപെടലുകളിലൂടെ രൂപയുടെ മൂല്യവർദ്ധനവിന്റെ വേഗത അവർ കുറച്ചിരിക്കുകയാണ്; പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും മാർക്കറ്റിൽ ഇടപെടലുകൾ നടന്നിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഒരു ഡോളറിന് 90 മുതൽ 91 രൂപ എന്ന നിലയിൽ നിർത്താനാണ് ഇന്ത്യയ്ക്ക് താൽപ്പര്യം. നേരെ മറിച്ച് 89 രൂപയിലേക്ക് താഴ്ന്നാൽ, അതായത് രൂപയുടെ മൂല്യം വീണ്ടും ശക്തിപ്പെട്ടാൽ, അത് കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയാകും.
കഴിഞ്ഞ ആറു മാസത്തിൽ ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയർന്നു; ഏതാണ്ട് 90 ബില്യൺ ഡോളറോളം കയറ്റുമതിയും 110 ബില്യൺ ഡോളർ ഇമ്പോർട്ടും എന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഇന്ത്യയുടെ മെർച്ചൻഡൈസ് എക്സ്പോർട്ട് സർവ്വകാല റെക്കോർഡിലാണ് നിൽക്കുന്നത്; മൂല്യവർദ്ധിത പെട്രോളിയം ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് കമ്പോണന്റ്സ്, എഞ്ചിനീയറിംഗ് ഗുഡ്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2026 ഏപ്രിൽ ഒന്നിന് തുടങ്ങി 2027 മാർച്ച് 31-ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷത്തിൽ, ഇന്ത്യ ഒരു ട്രില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾ കയറ്റി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു മാസം കൊണ്ട് ഏതാണ്ട് 567 ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്ന സാഹചര്യത്തിൽ, വരുന്ന ആറു മാസത്തിൽ ഇത് ആയിരം ബില്യൺ കടക്കാൻ സാധ്യതയുണ്ട്; അങ്ങനെ വന്നാൽ ഒരു ട്രില്യൺ ക്ലബ്ബിലേക്ക് അമേരിക്കയുടെയും ചൈനയുടെയും ഒപ്പം ഇന്ത്യ എത്തും.
ആ ലക്ഷ്യത്തിന് രൂപയുടെ മൂല്യം അനിയന്ത്രിതമായി കൂടുന്നത് ഹാനികരമാകും. മൂല്യം അനിയന്ത്രിതമായി കൂടിയാലും കുഴപ്പമാണ്, കൈവിട്ട് താഴോട്ട് പോയാലും കുഴപ്പമാണ്. എപ്പോഴും ഒരു ബാലൻസ്ഡ് ആയി, ഒരു പ്രത്യേക റേഞ്ചിൽ നിൽക്കുന്ന സ്റ്റെബിലിറ്റിക്കാണ് പ്രാധാന്യം. ആ സ്റ്റെബിലിറ്റി നിലനിർത്താനാണ് റിസർവ് ബാങ്ക് ഇടപെടലുകൾ നടത്തുന്നത്.
2006-ൽ സമാനമായ രീതിയിൽ രൂപയുടെ മൂല്യം പെട്ടെന്ന് വർദ്ധിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു; അന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക് വലിയ വിദേശ നിക്ഷേപം എത്തിയിരുന്നു. ആ സമയത്താണ് ഇന്ത്യൻ ഗാർമെന്റ് എക്സ്പോർട്ട് താഴോട്ട് പോയതും, വിയറ്റ്നാം പോലുള്ള രാജ്യങ്ങളും ബംഗ്ലാദേശും മുന്നിലേക്ക് പോയതും.
ബംഗ്ലാദേശിന്റെ കാര്യം പിന്നീട് രാഷ്ട്രീയ അസ്ഥിരതകൾ കൊണ്ട് മാറിമറിഞ്ഞു; ഷെയ്ഖ് ഹസീനയുടെ കാലത്ത് എട്ട് ശതമാനത്തിലധികം വളർച്ച നിരക്ക് നേടിയ രാജ്യം, പിന്നീട് സാമ്പത്തികമായി വലിയ പ്രതിസന്ധികളിലേക്ക് വീണു. രാഷ്ട്രീയ അസ്ഥിരത പലപ്പോഴും സാമ്പത്തിക മേഖലയെ തകർക്കും എന്നതിന് അതൊരു ഉദാഹരണമാണ്.
രൂപയുടെ മൂല്യം കൂടുമ്പോൾ സാധാരണ ജനങ്ങൾ വിചാരിക്കും അത് നല്ലതല്ലേ എന്ന്; ഇറക്കുമതി ചെയ്യാൻ കുറച്ചു രൂപ മതിയാകും എന്നത് ശരിയാണ്. പക്ഷേ നമ്മുടെ ഉൽപ്പന്നം വിദേശത്ത് വാങ്ങുന്നയാൾക്ക് കൂടുതൽ ഡോളർ വേണ്ടിവരും എന്നത് കയറ്റുമതിക്ക് തടസ്സമാകും. അതുകൊണ്ട് കൂടാനും കുറയാനും പാടില്ല, സ്റ്റെബിലിറ്റിയാണ് ആവശ്യം.
രൂപ ഫ്രീ ഫ്ലോട്ടിങ് ആണെന്ന് പറയുമ്പോഴും, ആവശ്യമുള്ള ഘട്ടങ്ങളിൽ ഇടപെടലുകൾ ഉണ്ടാകും. വിദേശത്തുനിന്ന് രൂപയെ ഉയർത്താനോ താഴ്ത്താനോ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകാം; കയറ്റുമതി കൂടുമ്പോൾ രൂപ വാങ്ങിച്ചു കൂട്ടുന്ന കളികളും നടക്കും. സ്റ്റെബിലിറ്റിയിലൂടെ എക്കണോമിക് ഗ്രോത്ത് എന്ന തത്വത്തിലാണ് ആർബിഐ പ്രവർത്തിക്കുന്നത്.
അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴു മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തി 92 രൂപ 99 പൈസ എന്ന നിലവാരത്തിൽ എത്തിയ ദിവസങ്ങളും ശ്രദ്ധേയമാണ്. വിദേശ നിക്ഷേപ ഒഴുക്ക്, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ്, ഡോളർ സൂചികയുടെ തളർച്ച, യുഎസ് ട്രഷറി ഈൽഡുകളിലെ കുറവ് എന്നിവയെല്ലാം രൂപയ്ക്ക് അനുകൂലമായി മാറിയ ഘടകങ്ങളാണ്.
ബ്രെന്റ് ക്രൂഡ് ഓയിൽ വില കുറഞ്ഞത് ഇന്ത്യയുടെ ഇറക്കുമതി ചെലവും ഡോളർ ആവശ്യകതയും കുറയ്ക്കാൻ സഹായിച്ചു. യുഎസ് ഡോളർ ദുർബലമായതും, യുഎസ് ട്രഷറി ഈൽഡുകൾ കുറഞ്ഞതും രൂപയ്ക്ക് കരുത്തായി. ഇറക്കുമതി, പണപ്പെരുപ്പം, വിദേശ യാത്രകൾ, വിദേശ പഠനം, കയറ്റുമതി, ഐടി മേഖല, പ്രവാസികളുടെ പണമയക്കൽ എന്നിവയെല്ലാം ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
എഐ മേഖലയിൽ മനുഷ്യബുദ്ധിയെയും കവച്ചുവയ്ക്കുമെന്ന തരത്തിലുള്ള ഊഹാബോഹങ്ങളും ഭയങ്ങളും നിലനിൽക്കുന്നിടത്തോളം കാലം, നിക്ഷേപം പെട്ടെന്ന് എഐയിലേക്ക് തിരികെ പോകുമോ എന്ന സംശയമുണ്ട്. അതുകൊണ്ട് തൽക്കാലം ഈ മാറ്റം ഒരുതരത്തിൽ ഇന്ത്യക്ക് അനുകൂലമാണ്.
കറൻസി വിപണിയിലെ ഓരോ ചലനവും കയറ്റുമതിക്കാർക്കും നിക്ഷേപകർക്കും സാധാരണ ജനങ്ങൾക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകുന്നത്.
സാധാരണക്കാരുടെ ദൈനംദിന ചെലവുകളും പ്രവാസികളുടെ പണമയക്കലും ഒക്കെ ഇതിനോട് ചേർന്നുനിൽക്കുന്നു.
ഡോളറിനെ വിറപ്പിച്ച് രൂപ! മോദിയുടെ മാസ്റ്റർ ബ്രെയിൻ കണ്ട് ഷോക്കായി ട്രംപ്
