ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ ഡൽഹി ക്യാപിറ്റൽസിന് ജയം. ആറുവിക്കറ്റിനാണ് ആർസിബിയെ തകർത്തത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു.കെ.എൽ.രാഹുൽഅർധസെഞ്ചുറിയുമായി(93) തിളങ്ങി. ഈ ഐപിഎൽ സീസണിലെ അപരാജിതരായ ഏക ടീമാണ് ഡൽഹി. കളിച്ച നാല് മത്സരങ്ങളും വിജയിച്ച ഡൽഹി നിലവിൽ രണ്ടാമതാണ്.റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 164 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി തുടക്കത്തിൽ തന്നെ പതറി. ടീമിന് 10 റൺസിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഫാഫ് ഡുപ്ലെസിസ്(2), ജേക്ക് ഫ്രേസർ മക്ഗുർക്(7) എന്നിവർ നിരാശപ്പെടുത്തി. അഭിഷേക് പോറലും(7) മടങ്ങിയതോടെ ടീം 30-3 എന്ന നിലയിലായി. എന്നാൽ കെ.എൽ രാഹുൽ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവന്നു.അക്ഷർ പട്ടേൽ(15) പുറത്തായെങ്കിലും ട്രിസ്റ്റൺ സ്റ്റബ്സുമായി ചേർന്ന് രാഹുൽ ടീമിനെ വിജയത്തിലെത്തിച്ചു. രാഹുൽ 53 പന്തിൽ നിന്ന് ഏഴ് ഫോറും ആറ് സിക്സറുകളുമുൾപ്പെടെ 93 റൺസെടുത്തു. സ്റ്റബ്സ് 38 റൺസെടുത്ത് പുറത്താകാതെ നിന്നു. 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ടീം വിജയത്തിലെത്തി.നിശ്ചിത 20 ഓവറിൽ ബെംഗളൂരു ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റേത് തകർപ്പൻ തുടക്കമായിരുന്നു. ഫിലിപ് സാൾട്ടിന്റെ വെടിക്കെട്ടാണ് ടീമിന് കരുത്തായത്. ആദ്യ ഓവറുകളിൽ സാൾട്ട് കത്തിക്കയറിയതോടെ ആർസിബി മൂന്നോവറിൽ അമ്പത് റൺസ് കടന്നു. എന്നാൽ നാലാം ഓവറിൽ സാൾട്ട് റണ്ണൗട്ടായത് ടീമിന് തിരിച്ചടിയായി. 17 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും നാല് ഫോറുകളുമുൾപ്പെടെ സാൾട്ട് 37 റൺസെടുത്തു.സാൾട്ട് പുറത്തായതിന് പിന്നാലെ ടീം വൻ തകർച്ച നേരിട്ടു. പിന്നാലെ ബാറ്റർമാർ നിരനിരയായി കൂടാരം കയറുന്നതാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാണാനായത്. ദേവ്ദത്ത് പടിക്കൽ(1), വിരാട് കോലി(22), ലിയാം ലിവിങ്സ്റ്റൺ(4),ജിതേഷ് ശർമ(3) എന്നിവർ പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. ടീം 102-5 എന്ന നിലയിലേക്ക് വീണു. നായകൻ രജത് പാട്ടിദാർ ക്രീസിൽ നിലയുറപ്പിച്ച് സ്കോറുയർത്താൻ ശ്രമിച്ചെങ്കിലും കുൽദീപ് യാദവ് വിക്കറ്റെടുത്തതോടെ ആർസിബി തകർന്നു. 25 റൺസാണ് ആർസിബി നായകന്റെ സമ്പാദ്യം. ക്രുനാൽ പാണ്ഡ്യ 18 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ടിം ഡേവിഡ് 20 പന്തിൽ നിന്ന് 37 റൺസെടുത്തു. ഡൽഹിക്കായി വിപ്രജ് നിഗം, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ ഡൽഹി ക്യാപിറ്റൽസിന് ജയം
