സേലത്ത് വാഹനാപകടം; നടൻ ഷൈനിന്റെ പിതാവ് മരിച്ചു, നടനും പരിക്ക്

സിനിമ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരുക്ക്. അപകട സമയത്ത് ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷിക‍ൾ പറയുന്നു. തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലർച്ചെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

രാവിലെ ഏഴു മണിയോടെ സേലം–ബെംഗളൂരു ദേശീയപാതയിൽ ധർമപുരിയ്ക്കടുത്ത് പാലക്കോട് എന്ന സ്ഥലത്തായിരുന്നു അപകടം. ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായി അപകടം കണ്ട മലയാളിയായ ബിനോയ് പറഞ്ഞു. കൊച്ചിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബിനോയ്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.