കേരളത്തിൽ ഒരേ കെട്ടിടത്തിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ എന്ന പലരുടെയും സംശയത്തിന് മറുപടിയുമായി കെ.എസ്.ഇ.ബി. രംഗത്തെത്തി. ഒന്നിലധികം താമസക്കാർ വെവ്വേറെ താമസിക്കുന്ന കെട്ടിടങ്ങളിൽ, ഓരോ യൂണിറ്റിലും ഉടമസ്ഥരോ താമസക്കാരോ വ്യത്യസ്തരാണെങ്കിൽ കണക്ഷൻ ലഭിക്കും. കൂടാതെ, ഓരോ യൂണിറ്റിനും വ്യത്യസ്തമായ പ്രവേശന കവാടവും ഭൗതികവും വൈദ്യുതിപരവുമായ വേർതിരിവും ഉണ്ടായിരിക്കണം. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കെ.എസ്.ഇ.ബി. ഈക്കാര്യം വ്യക്തമാക്കിയത്.
സാധാരണഗതിയിൽ ഒരേ വീട്ടിലോ വൈദ്യുത പരിസരത്തോ ഒരേ ആവശ്യത്തിനായി ഒന്നിലധികം വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി. അനുവദിക്കാറില്ല. എന്നാൽ, ഈ നിയമത്തിന് ഇളവുകളുണ്ട്. ഒന്നിലധികം താമസക്കാർ വെവ്വേറെ താമസിക്കുന്ന കെട്ടിടങ്ങളിൽ, ഉടമസ്ഥരോ താമസക്കാരോ വ്യത്യസ്തരായിരിക്കണം. അതോടൊപ്പം, ഓരോ താമസ യൂണിറ്റിനും വ്യത്യസ്തമായ പ്രവേശന കവാടവും ഭൗതികവും വൈദ്യുതിപരവുമായ വ്യക്തമായ വേർതിരിവും ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അപേക്ഷാനുസരണം ഒരേ ആവശ്യത്തിനായി ഒന്നിലേറെ കണക്ഷൻ അനുവദിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു,.ഒന്നിലധികം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി അപേക്ഷകർ ചില രേഖകൾ ഹാജരാക്കണം. ആധാരത്തിൻ്റെയോ പാട്ടക്കരാറിൻ്റെയോ സർട്ടിഫൈഡ്/അറ്റസ്റ്റ് ചെയ്ത പകർപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഉടമസ്ഥാവകാശ രേഖ, അംഗീകൃത വാടക/പാട്ടക്കരാർ, അല്ലെങ്കിൽ കൈവശാവകാശ രേഖ എന്നിവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കാവുന്നതാണ്. അതല്ലെങ്കിൽ, ഓരോ കുടുംബത്തിനും വ്യത്യസ്ത റേഷൻ കാർഡുകൾ ഉണ്ടെന്നതിൻ്റെ രേഖാമൂലമുള്ള തെളിവ് ഹാജരാക്കണം.
വ്യത്യസ്ത കുടുംബങ്ങൾ വെവ്വേറെ താമസിക്കുന്ന തറവാട് വീടുകളിലും അപേക്ഷാനുസരണം വ്യത്യസ്ത വൈദ്യുതി കണക്ഷനുകൾ നൽകാവുന്നതാണ്. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ പ്രവേശന കവാടം പൊതുവാണെങ്കിൽ പോലും ചില നിബന്ധനകൾ പാലിച്ചിരിക്കണം. ഓരോ വ്യത്യസ്ത താമസ ഇടത്തിനും വ്യത്യസ്ത കെട്ടിട നമ്പറുകൾ ഉണ്ടായിരിക്കണം. അതോടൊപ്പം, ഓരോ യൂണിറ്റുകളും വൈദ്യുതിപരമായി വേർതിരിവ് പുലർത്തേണ്ടതും അത്യാവശ്യമാണ്.
