സ്വന്തമായി കൈരണ്ടും ശുദ്ധമാക്കി വെച്ചതുകൊണ്ട് രാഷ്ട്രീയത്തിൽ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലത്രേ! ഭാര്യയുടെ പെൻഷൻ കാശെടുത്ത് മകൾക്ക് പെട്ടിക്കട തുടങ്ങാൻ കൊടുത്തതോടെ ആ സമ്പാദ്യവും തീർന്നുപോയി! ഇപ്പോ ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണ്! ഇതാരുടെ നിലവിളി ആണെന്ന് അറിയാമോ… കേട്ടാൽ നിങ്ങൾക്ക് ചിരി വരും നമ്മുടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ… ചുരുക്കി പറഞ്ഞാൽ കേരളത്തിലെ പാവപ്പെട്ടവന്റെ ദാരിദ്ര്യം മാറിയോ ഇല്ലയോ എന്ന് അറിയണമെങ്കിൽ നമ്മൾ റേഷൻ കടയിലോ തൊഴിലുറപ്പ് പണിസ്ഥലത്തോ പോയാൽ പോര. പകരം നേരെ പോകേണ്ടത് തിരുവനന്തപുരത്തെ ആഡംബര മന്ത്രിമന്ദിരങ്ങളിലേക്കും കന്റോൺമെന്റ് ഹൗസിലേക്കുമാണ്! എന്തൊരു കഷ്ടമാണിത്! നാട്ടിലെ സാധാരണക്കാരന്റെ ദാരിദ്ര്യം മുഴുവൻ മാറ്റിയ നമ്മുടെ ‘കാരണാഭൂതൻ’ ഇപ്പോ കന്റോൺമെന്റ് ഹൗസിന്റെ മുന്നിൽ നിന്ന് വിലപിക്കുകയാണ്! ‘അയ്യോ… ഈ 200 കൊല്ലം പഴക്കമുള്ള കെട്ടിടത്തിൽ എനിക്ക് കിടക്കാൻ പറ്റുന്നില്ലേ, എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ സൗകര്യമില്ലേ…’ എന്ന്! വേണ്ട വേണ്ട… ആരും കണ്ണീർ തുടയ്ക്കണ്ട! ഈ കാണുന്ന പാവം മനുഷ്യന് എങ്ങനെയെങ്കിലും ഒരു ബിപിഎൽ റേഷൻ കാർഡും, ലൈഫ് മിഷനിൽ ഒരു വീടും സംഘടിപ്പിച്ചു കൊടുക്കാൻ ദയവുചെയ്ത് സർക്കാരിനോട് നമ്മൾ അപേക്ഷിക്കണം! അതിനും പറ്റിയില്ലെങ്കിൽ സഭയിലെ ബാക്കി എംഎൽഎമാർ ചേർന്ന് മാസാമാസം ഒരു വട്ടിപ്പരിവ് ഇട്ട് ഈ പാവപ്പെട്ട പ്രതിപക്ഷ നേതാവിന് ഒരു ധനസഹായം എങ്കിലും കൊടുക്കണം!
കാരണം, പട്ടിണി മാറ്റി എന്ന് പ്രഖ്യാപിച്ച നേതാവിന്റെ സ്വന്തം ‘അതിദാരിദ്ര്യം’ കണ്ടില്ലെന്ന് നടിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? കസേരയിൽ ഭദ്രമായി ഇരുന്നോളൂ… ഇന്ന് നമ്മൾ പൊളിച്ചടുക്കാൻ പോകുന്നത് ഈ ഇരട്ടത്താപ്പിന്റെയും ധാർഷ്ട്യത്തിന്റെയും കൊട്ടാര രാഷ്ട്രീയത്തെക്കുറിച്ചാണ്!”
“സംഭവം എന്താണെന്നുവെച്ചാൽ, മുൻ പ്രതിപക്ഷ നേതാവ് കന്റോൺമെന്റ് ഹൗസിൽ എങ്ങനെയോ കഴിച്ചുകൂട്ടി, എന്നാൽ ഇന്നത്തെ പ്രതിപക്ഷ നേതാവിന് അവിടെ കാലുകുത്താൻ പോലും പറ്റുന്നില്ല! അവിടുത്തെ ശോചനീയാവസ്ഥ കണ്ട് കണ്ണീരൊഴുക്കാൻ കുറച്ച് പി.ആർ മാപ്രകളും കൂടെയുണ്ട്. പക്ഷേ, എന്റെ പൊന്നു സഖാവേ… കഴിഞ്ഞ പത്തു കൊല്ലമായി ഈ കേരളം ഭരിച്ചത് ഏത് ഗ്രഹത്തിൽ നിന്ന് വന്ന ആളുകളാണ്? കഴിഞ്ഞ പത്തുകൊല്ലം മുഖ്യമന്ത്രി കസേരയിലിരുന്ന് ഭരണം നടത്തിയതും, ഭരണം സമഗ്രമായി മുടിച്ചതും ആരുടേ നേതൃത്വത്തിലായിരുന്നു?
പത്തു വർഷം ഭരിച്ചിട്ടും ഒരു പ്രതിപക്ഷ നേതാവിന് മിനിമം സ്വസ്ഥമായി കിടന്നുറങ്ങാൻ സൗകര്യമുള്ള ഒരു ഔദ്യോഗിക വസതി ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ… ഇവർ കഴിഞ്ഞ പത്തു കൊല്ലവും 16-ൽ അടുപ്പുകൂട്ടുന്ന തിരക്കിലായിരുന്നോ? അതോ ഈ കഴിഞ്ഞ ആറുമാസം കൊണ്ട് കന്റോൺമെന്റ് ഹൗസിന് പെട്ടെന്ന് 200 കൊല്ലത്തെ പഴക്കം പെട്ടെന്ന് കേറി വന്നതാണോ?
സംസാരിക്കുമ്പോൾ ലേശം ഉളുപ്പൊക്കെ വേണ്ടേ മനുഷ്യന്മാരേ?
വസതിയും, നീന്തൽകുളവും, പശുത്തൊഴുത്തും, ചാണകക്കുഴിയും വരെ കോടികൾ പൊടിച്ച് റിപ്പയർ ചെയ്ത് മോടിപിടിപ്പിച്ച് ഭരിച്ച ചരിത്രമുള്ളവർക്കാണ് ഇപ്പോൾ പെട്ടെന്ന് ലാളിത്യത്തിന്റെ സുവിശേഷം ഓതാൻ തോന്നുന്നത്! ഈ കാണിക്കുന്ന ലാളിത്യമൊക്കെ ഏത് ഷോക്കേസിൽ വെക്കേണ്ടതാണെന്ന് നാട്ടുകാർക്ക് കൃത്യമായി അറിയാം.
ഒരു കമ്മ്യൂണിസ്റ്റ് മുതലാളിക്ക് താമസിക്കാൻ ഫൈവ് സ്റ്റാർ സൗകര്യങ്ങൾ തന്നെ വേണം, അത് ഞങ്ങൾക്കറിയാം. സാധാരണക്കാരനായ മുൻ പ്രതിപക്ഷ നേതാവ് പരാതിയൊന്നും പറയാതെ ഉള്ള സൗകര്യത്തിൽ അവിടെ കഴിഞ്ഞുപോയി. പക്ഷെ ഉള്ള സൗകര്യങ്ങൾ തികയാത്ത വിധം അഹങ്കാരവും ധാർഷ്ട്യവും തലയ്ക്ക് പിടിക്കുമ്പോൾ, കൊട്ടാരങ്ങൾ പോരാതെ വരും. കാരണം വസതി എത്ര വലുതായാലും മനസ്സ് ചെറുതാണെങ്കിൽ സൗകര്യങ്ങൾ ഒന്നും തികയില്ലല്ലോ!”
“മറ്റൊരു രസകരമായ കാഴ്ച എന്താണെന്നുവെച്ചാൽ, ഈയിടെയായി നമ്മുടെ പുതിയ പ്രതിപക്ഷ നേതാവിന് വല്ലാത്തൊരു അനുകരണ ഭ്രാന്ത് വന്നിട്ടുണ്ട്! നിലവിലെ മുഖ്യമന്ത്രി എവിടെയെങ്കിലും പോയി ചിരിച്ചാൽ, ഉടനെ പ്രതിപക്ഷ നേതാവിനും ചിരിക്കാൻ മുട്ടും! മുഖ്യമന്ത്രി കുട്ടികളെ ചേർത്തു പിടിച്ച് ഫോട്ടോയെടുത്താൽ, ഉടനെ പുള്ളിക്കാരനും ഓടിച്ചെന്ന് കുട്ടികൾക്ക് ഉമ്മ കൊടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യും! മുഖ്യമന്ത്രി ഏതെങ്കിലും ദുരന്തബാധിതരെ പോയി ആശ്വസിപ്പിച്ചാൽ, ഭരിച്ചിരുന്നപ്പോൾ തിരിഞ്ഞുപോലും നോക്കാത്ത പ്രതിപക്ഷ നേതാവ് ഉടൻ പാവങ്ങളുടെ വീട്ടിലേക്ക് വണ്ടിയെടുത്ത് വച്ചുപിടിക്കും!
എന്റെ പൊന്നു സഖാവേ… കാണുന്നവർക്ക് സഹിക്കുന്നില്ല! ഈ ചിരിക്കാൻ അറിയാത്ത ആളുകൾ പെട്ടെന്ന് ക്യാമറയ്ക്ക് മുന്നിൽ വന്ന് ബ്രേക്കില്ലാതെ ചിരിക്കുമ്പോൾ എവിടെ ചിരിക്കണം, എപ്പോ നിർത്തണം എന്ന് അറിയാത്ത അവസ്ഥയാണ്!
എഴുതി വായിക്കുന്ന ഡയലോഗുകൾ വല്ലവരുടേതും കണ്ട് കൊപ്പി അടിക്കുക. സ്വന്തമായിട്ടുള്ളത് എന്താണ്? രണ്ട് ചങ്കും രണ്ട് കയ്യും മാത്രം! ആ കൈകളിലാണെങ്കിൽ നാട്ടുകാരെ പറ്റിച്ച അഴുക്ക് നിറഞ്ഞു കിടക്കുകയാണ്. ഇതിനിടയിലാണ് ആഡംബരത്തിന്റെ പുതിയ ന്യായീകരണങ്ങൾ!
ആഗോള സംഗമങ്ങൾ നടന്നപ്പോൾ രണ്ടു ദിവസത്തേക്ക് കിടന്നുറങ്ങാൻ ലക്ഷങ്ങൾ പൊടിച്ച് പട്ടുമെത്തയും പരവതാനിയും ഒരുക്കിയ മഹാനാണ് ഇപ്പോൾ 200 കൊല്ലം പഴക്കമുള്ള കെട്ടിടത്തിൽ ചോർച്ച തിരയുന്നത്! ഇവർ ഭരിച്ചിരുന്ന കാലത്ത് നിർമ്മിച്ച പാലങ്ങൾ പൊളിഞ്ഞു വീഴുന്നു, ആശുപത്രി കെട്ടിടങ്ങളുടെ സിങ്ക് ഇടിഞ്ഞുവീഴുന്നു… ആറുമാസം കൊണ്ട് കേരളത്തിലെ സകലമാന കെട്ടിടങ്ങളും ജീർണിച്ചുപോയി എന്ന് പറയാൻ കാണിക്കുന്ന ആ തൊലിക്കട്ടിയിട്ടുണ്ടല്ലോ… അത് ഗിന്നസ് ബുക്കിൽ കയറ്റേണ്ട ഒന്നാണ്!”
“നമുക്ക് കാര്യം തുറന്നു പറയാം. കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക അവസ്ഥ എന്താണ്? ക്ഷേമപെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. സർക്കാർ ജീവനക്കാർക്ക് കൊടുക്കാൻ പണമില്ല. കെഎസ്ആർടിസിയിലെ പാവം തൊഴിലാളികൾ ശമ്പളത്തിന് വേണ്ടി തെരുവിൽ കിടന്ന് കഷ്ടപ്പെടുന്നു.
എന്നിട്ടാണ് നമ്മുടെ ജനപ്രതിനിധികൾ ശമ്പളവും അലവൻസും കൂട്ടി വാങ്ങി സുഖിക്കുന്നത്! മുഖ്യമന്ത്രി കസേരയിൽ ഇരുന്നാലും ശരി, പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരുന്നാലും ശരി… സ്വന്തം സുഖസൗകര്യങ്ങളിൽ ഒരു കുറവും വരാൻ പാടില്ല!
നവകേരള സദസ്സിന് വേണ്ടി കോടികൾ മുടക്കി ലിഫ്റ്റും കക്കൂസുമുള്ള ബസ് ഇറക്കിയതും, തൃപ്പാദങ്ങൾ മണ്ണിൽ ചവിട്ടാതിരിക്കാൻ സ്കൂളിന്റെ മതിൽ വരെ പൊളിച്ചതുമൊക്കെ ഈ കേരളത്തിലെ ജനങ്ങൾ മറന്നുപോയി എന്ന് കരുതരുത്.
ഇത്രയും വലിയ ആഡംബരങ്ങൾ കാട്ടിക്കൂട്ടി കേരളത്തെ കടക്കെണിയിലാക്കിയ ശേഷമാണ്, ഇപ്പോൾ പ്രതിപക്ഷത്തിരുന്ന് വസതിയിലെ സൗകര്യക്കുറവിനെക്കുറിച്ച് പ്രസംഗിക്കുന്നത്! ഇതാണ് കമ്മ്യൂണിസ്റ്റ് മോഡൽ ‘അതിദാരിദ്ര്യം’!
സാധാരണക്കാരൻ ഒരു കിലോ അരി വാങ്ങാൻ കാശില്ലാതെ നെട്ടോട്ടമോടുമ്പോൾ, ജനപ്രതിനിധികൾക്ക് കൊട്ടാരങ്ങളുടെ മെയിന്റനൻസ് ആണ് വലിയ പ്രശ്നം! ഓരോ കൊല്ലവും കെട്ടിടങ്ങൾ മെയിന്റനൻസ് ചെയ്യണം എന്നാണ് വയ്പ്പ്. കൊല്ലം തോറും എന്തിനാ സഖാവേ… ആഴ്ചതോറും മെയിന്റനൻസ് നടത്തിക്കോ! നാട്ടുകാരുടെ നികുതിപ്പണം അല്ലേ, എത്ര വേണമെങ്കിലും തിന്ന് മുടിക്കാലോ!”
“അതുകൊണ്ട്, എക്സ്-തമ്പുരാന്മാരോടും ഇപ്പോഴത്തെ ഭരണാധികാരികളോടും പറയാൻ ഒന്നേയുള്ളൂ… ഈ കപട ലാളിത്യ നാടകങ്ങളും മാധ്യമങ്ങൾക്ക് മുന്നിലെ പല്ലിളിച്ചുള്ള ചിരികളും ഇനിയിവിടെ ചിലവാകില്ല. കന്റോൺമെന്റ് ഹൗസിന്റെ ചോർച്ചയല്ല ഈ നാട്ടിലെ സാധാരണക്കാരന്റെ പ്രശ്നം. പാവപ്പെട്ടവന് ജീവിക്കാൻ വഴിയുണ്ടോ, ചെറുപ്പക്കാർക്ക് തൊഴിലുണ്ടോ, ട്രഷറിയിൽ പണമുണ്ടോ എന്നതാണ് വിഷയം. സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ വസതികളുടെ പേരും പറഞ്ഞ് എയറിൽ കയറുന്ന രാഷ്ട്രീയക്കാരെ വിചാരണ ചെയ്യാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു. ഇനിയെങ്കിലും ഈ ഇരട്ടത്താപ്പ് നിർത്തി കാര്യക്ഷമമായി പ്രതിപക്ഷ ധർമ്മവും ഭരണധർമ്മവും നിർവ്വഹിക്കാൻ പഠിക്കുക! കേരളം സാമ്പത്തികമായി പാപ്പരായി, ട്രഷറി പൂട്ടിയ പൂട്ട് വീഴുന്ന കാഴ്ചയാണ് നാം ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. ക്ഷേമപെൻഷനുകൾക്കായി മാസങ്ങളായി ക്യൂ നിൽക്കുന്ന മുതിർന്ന പൗരന്മാരുടെയും, അർഹമായ ആനുകൂല്യങ്ങൾ കിട്ടാതെ ആത്മഹത്യയുടെ വക്കിലെത്തിയ സാധാരണക്കാരുടെയും കണ്ണീര് ഈ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ല. എന്നാൽ, സഖാക്കളുടെയും നേതാക്കളുടെയും സുഖസൗകര്യങ്ങളുടെ കാര്യത്തിൽ മാത്രം ഒരു കുറവും വരാൻ പാടില്ല! കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലാതെ സർക്കാർ കൈമലർത്തുമ്പോൾ, മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാനും, കോടികൾ വിലമതിക്കുന്ന ലക്ഷ്വറി കാറുകൾ വാങ്ങാനും, വിദേശയാത്രകൾ നടത്താനും ഖജനാവ് തുറന്നിടുന്നു. ഇതൊക്കെ ചോദിച്ചാൽ കിട്ടുന്ന മറുപടിയോ? ‘സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, കേന്ദ്രം പണം തരുന്നില്ല’ എന്ന പതിവ് പല്ലവി! അതായത്, സാധാരണക്കാരൻ പട്ടിണികിടന്ന് മരിക്കുമ്പോൾ, കേന്ദ്രത്തെ കുറ്റപ്പെടുത്തി തടിയൂരാം… എന്നാൽ സ്വന്തം താമസസ്ഥലത്ത് ഒരു ചെറിയ അറ്റകുറ്റപ്പണി വന്നാൽ, അതിനായി ഖജനാവിലെ പണം വെള്ളം പോലെ കോരിവരിയും! ഇത് കമ്മ്യൂണിസമാണോ, അതോ കൊള്ളരുതായ്മയുടെ ആധുനിക പതിപ്പാണോ എന്ന് സാമാന്യബുദ്ധിയുള്ള ആരെങ്കിലും ചോദിച്ചുപോയാൽ അവരെ കുറ്റം പറയാൻ പറ്റുമോ?
പണ്ട് പ്രതിപക്ഷത്തിരുന്നപ്പോൾ ഏതെങ്കിലും ഒരു ചെറിയ കാര്യത്തിന് സമരം പ്രഖ്യാപിച്ചവരാണ് ഇന്ന് ഭരണം കയ്യാളുന്നത്. റോഡിൽ കുഴിയുണ്ടായാൽ വാളെടുത്തിറങ്ങിയവർ, ഇന്ന് കേരളത്തിലെ റോഡുകളെല്ലാം തകർന്ന് മരണക്കുഴികളായി മാറുമ്പോൾ ഒരു അനക്കവുമില്ലാതെ എസി കാറുകളിൽ സുഖയാത്ര ചെയ്യുന്നു. പ്രതിപക്ഷത്തിരുന്നുകൊണ്ട് ചോദ്യം ചെയ്യേണ്ടവരോ, തങ്ങളുടെ പാർട്ടിക്കാർ ചെയ്തുകൊണ്ടിരിക്കുന്ന കൊള്ളരുതായ്മകളെ വെള്ളപൂശാൻ വേണ്ടി മാത്രം പ്രസ്താവനകൾ ഇറക്കുന്നു. ഭരണം മാറിയാലും കസേര മാറിയാലും നേതാക്കളുടെ ഈ ഒത്തുകളി രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവാണ് സോഷ്യൽ മീഡിയയിലെ ട്രോളുകളും പ്രതിഷേധങ്ങളും. ഈ നാട്ടിലെ യുവത്വം ഇന്ന് ചോദ്യങ്ങൾ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. ‘ഞങ്ങൾ പഠിച്ച് ജോലിയില്ലാതെ അലയുമ്പോൾ, സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളും ബന്ധുനിയമനങ്ങളും പൊടിപൊടിക്കുന്നത് എന്തിനാണ്?’ എന്ന് ആരെങ്കിലും ചോദിച്ചാൽ, അവരെ ക്രൂരമായി നേരിടുന്ന ഭരണകൂട ഭീകരതയാണ് നമ്മൾ കാണുന്നത്. മാധ്യമപ്രവർത്തകർ സത്യം വിളിച്ചുപറഞ്ഞാൽ അവരെ അടിച്ചമർത്താൻ നോക്കുന്നു, ജനങ്ങളുടെ പ്രതിഷേധങ്ങളെ പോലീസിനെ വെച്ച് അടിച്ചമർത്തുന്നു. എന്നിട്ട് സാംസ്കാരിക നായകന്മാർ എന്ന് സ്വയം വിളിക്കുന്ന ചിലർ ഇതിനൊക്കെ കുടപിടിച്ചു കൊടുക്കാനും രംഗത്തുണ്ട്! ഇതാണ് ഇന്നത്തെ കേരളത്തിന്റെ യഥാർത്ഥ നേർക്കാഴ്ച. അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന് പത്രങ്ങളിൽ വലിയ പരസ്യങ്ങൾ നൽകി കോടികൾ ധൂർത്തടിക്കുമ്പോൾ, അതേ കേരളത്തിന്റെ ഗ്രാമങ്ങളിൽ ഒരു പിടി അന്നത്തിനായി കഷ്ടപ്പെടുന്ന എത്രയോ മനുഷ്യരുണ്ട്! പക്ഷേ, ഇതൊന്നും കാണാൻ നമ്മുടെ ഭരണാധികാരികൾക്ക് സമയമില്ല. കാരണം, അവർക്ക് കന്റോൺമെന്റ് ഹൗസിന്റെ ചോർച്ചയും, മന്ത്രിമന്ദിരങ്ങളുടെ നീന്തൽകുളവും, സ്വന്തം സുഖസൗകര്യങ്ങളുമാണ് വലുത്.
വിജയന് വേണ്ടി സഹായ ഹസ്തം
