പൂജയ്‌ക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി; 

 വിശ്വാസത്തിന്റെ മറവില്‍ വീട്ടിലെത്തി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ പൂജാരിക്ക് കോടതി കഠിന തടവും പിഴയും വിധിച്ചു. മന്ദരത്തൂര്‍ സ്വദേശി രാമദാസനെ (51) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ മേനോന്‍ അഞ്ച് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. പിഴത്തുക പരാതിക്കാരനായ കുട്ടിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

2024 ഒക്ടോബര്‍ 20നാണ് കേരളത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. കുട്ടിയുടെ വീട്ടില്‍ പൂജ കര്‍മ്മങ്ങള്‍ക്കായി എത്തിയതായിരുന്നു പ്രതിയായ രാമദാസന്‍. പൂജകള്‍ക്ക് ശേഷം ബാക്കി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് പ്രതി കുട്ടിയെ വീടിന്റെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന കൗണ്‍സിലിംഗിനിടെയാണ് കുട്ടി തനിക്ക് നേരിട്ട ക്രൂരതയെക്കുറിച്ച് തുറന്നുപറഞ്ഞത്. കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.വടകര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പവനന്‍ എം.സി, രഞ്ജിത്ത് എം.കെ, ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. കുട്ടികളുടെ സുരക്ഷയെക്കുറിച്ചും വിശ്വാസ വഞ്ചനയെക്കുറിച്ചും സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഈ വിധി.

Leave a Reply

Your email address will not be published. Required fields are marked *