പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണെന്നും തനിക്ക് അവസരം ലഭിച്ചാൽ അദ്ദേഹത്തിന്റെ കാൽ കഴുകി വെള്ളം കുടിക്കണമെന്ന ആഗ്രഹമുണ്ടെന്നും പ്രമുഖ നടൻ സുദേഷ് ബെറി നടത്തിയ പരാമർശങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നു. ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് നടൻ മോദിയെ പുകഴ്ത്തിക്കൊണ്ട് വിവാദപരമായ ഈ പ്രസ്താവനകൾ നടത്തിയത്. താൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ലെങ്കിലും ദൈവത്തെ ആരാധിക്കുന്നത് പോലെയാണ് കാണുന്നതെന്നും, അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ലെന്നും സുദേഷ് ബെറി വ്യക്തമാക്കുകയുണ്ടായി. പ്രധാനമന്ത്രി എന്തു തെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചോദ്യം ചെയ്തു.
ഇതിനിടെ രാഷ്ട്രീയ കൂട്ടായ്മകളെയും സംഘടനകളെയും രൂക്ഷമായ ഭാഷയിലാണ് നടൻ വിമർശിച്ചത്. എജിപിയോ സിജിപിയോ തനിക്ക് അറിയാമെന്നോ ആ ആളുകളെ തിരിച്ചറിയാൻ സാധിക്കുമെന്നോ പറഞ്ഞ അദ്ദേഹം, അവർ രാജ്യത്തെ പിന്നോട്ട് വലിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി.കോക്രോച്ച് ജനതാ പാർട്ടിക്കാർ ഭ്രാന്തന്മാരാണെന്ന് അധിക്ഷേപിച്ച സുദേഷ്, വിചിത്രമായ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിന് പകരം ‘ഹൈന (കഴുതപ്പുലി) പാർട്ടി’ എന്ന് പേരിടൂ എന്നും പരിഹാസരൂപേണ ചോദിച്ചു. സിജെപി പ്രസിഡന്റ് തന്നെ വിളിച്ച് കൂട്ടായ്മയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടെങ്കിലും താൻ ഫോൺ കട്ട് ചെയ്യുകയാണുണ്ടായെന്നും അവർ നുണയന്മാരാണെന്നും നടൻ അവകാശപ്പെട്ടു.
സമൂഹത്തെ ആത്മാർത്ഥമായി സേവിക്കണമെന്നുണ്ടെങ്കിൽ കുട്ടികൾക്കായി പാർക്കുകളും മുതിർന്ന പൗരന്മാർക്കായി വൃദ്ധസദനങ്ങളും ചികിത്സാ സൗകര്യങ്ങളുമാണ് ഒരുക്കേണ്ടതെന്നും, ജന്തർ മന്തറിൽ വെറുതെ ഇരുന്ന് പ്രതിഷേധം നടത്തിയാൽ ഒന്നും നേടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായി മാറിയിരിക്കുന്ന ഈ പരാമർശങ്ങൾ വലിയ രീതിയിലുള്ള അനുകൂല-പ്രതികൂല പ്രതികരണങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാഷ്ട്രീയ രംഗത്തും സിനിമാ ലോകത്തും ഒരുപോലെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് നടന്റെ ഈ തുറന്നുപറച്ചിൽ.
