കോൺഗ്രസ്സിൽ വീണ്ടും പോര്

നമസ്കാരം. കേരളത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വരാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. പക്ഷേ, നമ്മുടെ കോൺഗ്രസ് പാളയത്തിൽ ഇപ്പോൾ തന്നെ ആഘോഷം തുടങ്ങിക്കഴിഞ്ഞു. സാധാരണ ഗതിയിൽ ജയിച്ചു കഴിഞ്ഞാണല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കാറുള്ളത്, എന്നാൽ ഇവിടെ വോട്ട് പെട്ടിയിൽ ഇരിക്കുമ്പോൾ തന്നെ കുപ്പായം തുന്നി കാത്തിരിക്കുകയാണ് നമ്മുടെ നേതാക്കൾ. ഈ ഒരു സാഹചര്യത്തിലാണ് കെ. മുരളീധരൻ തന്റെ സ്വഭാവഗുണമായ ആ ‘വെട്ടിത്തുറന്നു പറച്ചിലുമായി’ രംഗത്തെത്തിയിരിക്കുന്നത്. മുരളീധരന്റെ വാക്കുകൾ കേട്ടാൽ തോന്നും അദ്ദേഹം ഒരു വലിയ ശാസന നൽകുകയാണെന്ന്. ‘റെസ്റ്റ് എടുക്കേണ്ടവർക്ക് റെസ്റ്റ് എടുക്കാം, മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇവിടെ ആരും തിരക്ക് കൂട്ടണ്ട’ എന്നാണ് അദ്ദേഹം പറയുന്നത്. ഇത് കേട്ട് ഏറ്റവും കൂടുതൽ ഞെട്ടിയത് നമ്മുടെ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ആദ്യം നമുക്ക് രമേശ് ചെന്നിത്തലയുടെ കാര്യം നോക്കാം. പാവം, കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷ നേതാവായി ഇരുന്ന് പിണറായി സർക്കാരിനെതിരെ ഇത്രയും ആരോപണങ്ങൾ ഒക്കെ കൊണ്ടുവന്നത് തനിക്ക് മുഖ്യമന്ത്രി ആകാൻ ഒരു അവസരം കിട്ടും എന്ന് കരുതിയാണ്. പക്ഷേ, കഴിഞ്ഞ തവണ സീറ്റ് കിട്ടിയപ്പോൾ ഹൈക്കമാൻഡ് സതീശനെ കൊണ്ടുവന്നു പ്രതിപക്ഷ നേതാവാക്കി. അന്ന് മുതൽ ചെന്നിത്തലയുടെ മനസ്സിൽ ഒരേയൊരു ആഗ്രഹമേയുള്ളൂ—ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എങ്ങനെയെങ്കിലും ആ കസേരയിൽ ഒന്ന് ഇരിക്കണം. എന്നാൽ മുരളീധരൻ ഇപ്പോൾ പറയുന്നത് എന്താണ്? ‘ടേം വ്യവസ്ഥയൊന്നുമില്ല’ എന്ന്. അതായത്, ആദ്യത്തെ രണ്ടര വർഷം ചെന്നിത്തലയ്ക്കും ബാക്കി രണ്ടര വർഷം സതീശനും എന്നൊക്കെ ആരെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ അത് നടപ്പില്ലെന്ന് ചുരുക്കം. ‘റെസ്റ്റ് എടുക്കേണ്ടവർക്ക് റെസ്റ്റ് എടുക്കാം’ എന്ന് മുരളീധരൻ പറയുമ്പോൾ അത് ചെന്നിത്തലയെ ഉദ്ദേശിച്ചാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം, ഡൽഹിയിൽ ഹൈക്കമാൻഡ് പ്രതിനിധിയായി കറങ്ങി നടക്കുമ്പോഴും ചെന്നിത്തലയുടെ കണ്ണ് എപ്പോഴും തിരുവനന്തപുരത്തെ ആ കസേരയിലാണ്.
ഇനി നമുക്ക് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിലേക്ക് വരാം. സോഷ്യൽ മീഡിയയിലും മറ്റും താൻ തന്നെയാണ് അടുത്ത മുഖ്യമന്ത്രി എന്ന രീതിയിലുള്ള ഒരു ഇമേജ് ബിൽഡിങ് പണ്ടേ സതീശൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ, പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾ സതീശന് അത്ര അനുകൂലമല്ല എന്ന് മുരളീധരന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. എം.പിമാരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന കെ.പി.സി.സി അധ്യക്ഷന്റെ ആവശ്യം സതീശന് ഒരു വലിയ വെല്ലുവിളിയാണ്. ഡൽഹിയിൽ പോയി എം.പിമാർ ഫ്ലൈറ്റ് ഇറങ്ങി വരുമ്പോൾ ഇവിടെ എം.എൽ.എമാരെ കൂടെ നിർത്താൻ സതീശൻ പെടാപ്പാട് പെടുകയാണ്. ഇതിനിടയിലാണ് മുരളീധരന്റെ വക അടുത്ത കൊട്ട്—’തെരഞ്ഞെടുക്കപ്പെടുന്ന ആൾ അഞ്ച് വർഷവും മുഖ്യമന്ത്രിയാകും’. അതായത് ഇടയ്ക്ക് വെച്ച് മാറ്റാനോ വിട്ടുകൊടുക്കാനോ ഉള്ള കളി ഇവിടെ നടക്കില്ല. ചെന്നിത്തലയെയും സതീശനെയും ഒരേപോലെ ഒന്ന് കുത്തിക്കൊണ്ട് മുരളി ഏട്ടൻ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
സത്യത്തിൽ കോൺഗ്രസിന്റെ ഒരു അവസ്ഥ ആലോചിച്ചു നോക്കൂ. മെയ് നാലാം തീയതി റിസൾട്ട് വരുമ്പോൾ എത്ര സീറ്റ് കിട്ടും എന്ന് ആർക്കും അറിയില്ല. ചിലപ്പോൾ ഭരണം കിട്ടിയില്ലെങ്കിലോ? അപ്പോഴും ഇവർ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തല്ലുകൂടുമോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. മുരളീധരൻ ചോദിക്കുന്നത് വളരെ പ്രസക്തമായ ഒരു കാര്യമാണ്—24 മണിക്കൂർ കൊണ്ട് തീരുമാനിക്കേണ്ട കാര്യമല്ലല്ലോ ഇത്? പിണറായി സർക്കാരിന് മെയ് 28 വരെ കാലാവധിയുണ്ട്. അതുവരെ കാത്തിരിക്കാൻ വയ്യാതെ എന്തിനാണ് ഈ നേതാക്കൾ ഇപ്പോൾ തന്നെ ഗ്രൂപ്പ് മീറ്റിങ്ങുകളും ഡൽഹി യാത്രകളും നടത്തുന്നത്? കെ. സുധാകരൻ ഖർഗെയെ കാണാൻ പോയത് പോലും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള കരുനീക്കമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ മുരളീധരൻ അതിനെ വളരെ നിസ്സാരമായിട്ടാണ് കാണുന്നത്. ‘ആർക്കും ആരെയും കാണാം, അതൊക്കെ അവരുടെ സ്വാതന്ത്ര്യം’ എന്ന് പറയുമ്പോഴും തനിക്ക് പറയാനുള്ളത് മെയ് നാലിന് ശേഷം കൃത്യമായി പറയുമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്.കോൺഗ്രസിനുള്ളിൽ ഇപ്പോൾ വലിയൊരു കൊടുങ്കാറ്റ് വീശാൻ തയ്യാറെടുക്കുകയാണ്. ചെന്നിത്തലയ്ക്കും സതീശനും ഇടയിൽ ഒരു മധ്യസ്ഥനായി നിൽക്കാൻ ഹൈക്കമാൻഡിന് പോലും കഴിയില്ലെന്ന് തോന്നുന്നു. മുരളീധരന്റെ ഈ ‘വെടിനിർത്തൽ’ പ്രഖ്യാപനം എത്രനാൾ നീണ്ടുനിൽക്കും എന്ന് കണ്ടറിയണം. മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നി വെച്ചിരിക്കുന്നവർക്ക് മെയ് നാല് ഒരു വലിയ പരീക്ഷണമായിരിക്കും. ഫലം വരുമ്പോൾ ഭരണം കിട്ടിയില്ലെങ്കിൽ ഈ തുന്നിയ കുപ്പായമൊക്കെ എന്ത് ചെയ്യും എന്നൊരു ചോദ്യം കൂടി ബാക്കിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *