ടിനി ടോമിനെതിരെ പരാതിയുമായി അൻസിബ ഹസൻ;

താരസംഘടനയിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ കൊച്ചി ഇൻഫോ പാർക്ക് പോലീസിൽ പരാതി നൽകി. തന്നെക്കുറിച്ച് തുടർച്ചയായി സൈബർ അധിക്ഷേപങ്ങളും വർഗീയ പരാമർശങ്ങളും നടത്തുന്നുവെന്നും, തന്റെ കുടുംബത്തെ വേട്ടയാടുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്നുവെന്നും അൻസിബ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അൻസിബ നേരത്തെ നൽകിയ മറ്റൊരു പരാതിയിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് മാനസികമായി പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ് തീരുമാനിച്ചു. സംഭവദിവസം തൃപ്പൂണിത്തുറ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് നടി ലക്ഷ്മിപ്രിയയുടെ ഭർത്താവിനോടും ഹാജരായി മൊഴി നൽകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമയിലെ ഈ ആഭ്യന്തര തർക്കങ്ങൾക്കിടയിൽ, വിവിധ ചലച്ചിത്ര സംഘടനകളുടെ പ്രതിനിധികളുമായി സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ചർച്ച നടത്തും. ബജറ്റിന് മുന്നോടിയായി വിളിച്ചുചേർത്ത ഈ യോഗത്തിൽ അഭിനേതാക്കൾ, നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. ‘അമ്മ’യിലെ തർക്കങ്ങളിൽ സർക്കാർ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നത് ഈ ചർച്ചയോടെ വ്യക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *