ക്രൂരമായ മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക ക്ഷതവും രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചത്;അഷ്കറിന്റേത് കൊടും ക്രൂരത

നെടുമങ്ങാട് ഒന്നരവയസ്സുകാരനെ രണ്ടാനച്ഛൻ അഷ്കർ അടിച്ചുകൊന്ന സംഭവത്തിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ കഠിനമായ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 91 മുറിവുകളുണ്ടായിരുന്നു. ഇതോടൊപ്പം വാരിയെല്ലുകൾക്ക് പൊട്ടലുമുണ്ട്. ക്രൂരമായ മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക ക്ഷതവും രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചത്.

കുട്ടിയുടെ കൈ ഒടിഞ്ഞിരുന്നതായും റിപ്പോർട്ടിലുണ്ട്. എന്നാൽ കുട്ടി പടിയിൽ നിന്നും വീണപ്പോൾ കൈ ഒടിഞ്ഞതാണെന്നാണ് അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും പൊലീസിന് നൽകിയ മൊഴി. ഈ മൊഴിയിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയായ അഷ്കറിനെതിരെ കൊലപാതകക്കുറ്റത്തിന് പുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമം, എസ്‌.സി-എസ്‌.ടി പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും ചുമത്തും. കുഞ്ഞിന്റെ അമ്മ അഖിലയ്ക്കെതിരെ കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചു. തനിക്ക് അഖിലയുമായി ഒരുമിച്ച് ജീവിക്കുന്നതിന് ഈ കുഞ്ഞ് ഒരു തടസ്സമായിരുന്നുവെന്നാണ് പ്രതി അഷ്കർ പൊലീസിന് നൽകിയ മൊഴി. കുഞ്ഞിനെ അഷ്കർ നിരന്തരം ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന കാര്യം അമ്മ അഖിലയ്ക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും, എന്നിട്ടും അവർ ഇത് തടയാനോ കുഞ്ഞിനെ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അഷ്കർ മുൻപും നിരവധി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇയാളുടെ ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മർദ്ദിച്ച് തലയോട്ടി തകർത്ത നിലയിലാണ്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റീഹാബിലിറ്റേഷൻ സെന്ററിൽ കോമ അവസ്ഥയിലാണ് ഈ യുവതി. ആമിനയെ മൃതപ്രായയാക്കിയതിന് പുറമെ, അവരുടെ സഹോദരൻ മുൻപ് മുങ്ങിമരിച്ച സംഭവത്തിലും അഷ്കറിന് പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നു. ഇതിനുപുറമെ, അഷ്കറുമായി ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന ചിറയിൻകീഴ് സ്വദേശിയായ മറ്റൊരു യുവതി, അഷ്കർ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ജീവനൊടുക്കിയിരുന്നു. ഈ മരണങ്ങളിലെല്ലാം ഇയാൾക്കുള്ള പങ്ക് പൊലീസ് പ്രത്യേകമായി അന്വേഷിക്കും. കുടുംബങ്ങളെ സന്ദർശിച്ച വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, പ്രതിക്കെതിരെ മുൻപ് ലഭിച്ച പരാതികളിൽ നടപടിയെടുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആവർത്തിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന് നീതി ഉറപ്പാക്കുമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *