2016-ൽ പറ്റിച്ചു! യഥാർത്ഥ മദ്യലോബി ആര്?

കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയം എന്താണെന്ന് ചോദിച്ചാൽ അതിനൊറ്റ ഉത്തരമേയുള്ളൂ—മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ ശ്രീ വി.ഡി. സതീശൻ കൊണ്ടുവന്ന പുതിയ ബജറ്റിലെ മദ്യനികുതി പരിഷ്കരണം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച്, സാധാരണക്കാരായ കർഷകർക്കും ടൂറിസം മേഖലയ്ക്കും ഒരുപോലെ ഉണർവേകാൻ വി.ഡി.എസ് സർക്കാർ ശ്രമിക്കുമ്പോൾ, അതിനെതിരെ വാളെടുത്തിറങ്ങിയിരിക്കുകയാണ് ഇവിടുത്തെ എൽ.ഡി.എഫ് പ്രതിപക്ഷം. കർണാടക ലോബിയെന്നും സ്പിരിറ്റ് മാഫിയയെന്നും വി.ഡി.എസിനെതിരെ മുറവിളി കൂട്ടുന്ന മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷും കൂട്ടരും ഒരു കാര്യം മറന്നുപോകുന്നു. ജനങ്ങളുടെ ഓർമ്മശക്തിയെ അത്രയ്ക്ക് അങ്ങ് കുറച്ചുകാണരുത് . ഇന്ന് വി.ഡി. സതീശൻ സർക്കാരിനെതിരെ ഇരട്ടത്താപ്പും കൊണ്ട് ഇറങ്ങുന്ന എൽ.ഡി.എഫിന്റെ സ്വന്തം മദ്യചരിത്രം എന്തായിരുന്നു? അന്ന് നിങ്ങൾ കേരളത്തോട് പറഞ്ഞ ആ വലിയ നുണ എന്തായിരുന്നു?

  നമുക്ക് പത്ത് വർഷം പുറകിലേക്ക് ഒന്ന് സഞ്ചരിക്കാം. വർഷം 2016. ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യവർജ്ജന നയങ്ങൾക്കെതിരെ വലിയ തോതിലുള്ള കുപ്രചാരണങ്ങൾ അഴിച്ചുവിട്ട് എൽ.ഡി.എഫ് അധികാരത്തിലേക്ക് വരാൻ തുനിഞ്ഞിറങ്ങിയ കാലം. അന്ന് നിങ്ങളുടെയൊക്കെ ടിവി സ്ക്രീനുകളിൽ നിരന്തരം വന്നിരുന്ന ഒരു പരസ്യമുണ്ടായിരുന്നു. പ്രിയങ്കരിയായ നടി കെ.പി.എ.സി ലളിത ചേച്ചി വന്ന് നിഷ്കളങ്കമായി ക്യാമറ നോക്കി പറഞ്ഞ ചില വാചകങ്ങളുണ്ട്. അന്ന് അവർ പറഞ്ഞു: "കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണ് എൽ.ഡി.എഫ് മുന്നണി. കൂടാതെ മദ്യപരെ ബോധവത്കരിക്കാൻ സമഗ്രമായ പദ്ധതികളും ഉണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക. നിങ്ങളുടെ വോട്ട് എൽ.ഡി.എഫിന് തന്നെ നൽകുക."

എന്നിട്ട് ആ പരസ്യത്തിന്റെ അവസാനം ഒരു മാസ് ഡയലോഗും ഉണ്ടായിരുന്നു—”LDF വരും, എല്ലാം ശരിയാകും”.
അതെ, അവർ വന്നു! എല്ലാം ശരിയാക്കി! മദ്യവിമുക്ത കേരളം ഉണ്ടാക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് വോട്ട് വാങ്ങി അധികാരത്തിൽ കയറിയ പിണറായി വിജയനും എൽ.ഡി.എഫും പിന്നീട് ചെയ്തത് എന്താണെന്ന് നമുക്കറിയാം. മദ്യവിരുദ്ധത പ്രസംഗിച്ച് വോട്ട് പിടിച്ചവർ ഭരണം കിട്ടിയ അന്ന് മുതൽ ഇക്കഴിഞ്ഞ 2026-ന്റെ തുടക്കം വരെ കേരളത്തെ ഒരു പരിപൂർണ്ണ ‘മദ്യശാല’യാക്കി മാറ്റുകയാണ് ചെയ്തത്. ഉമ്മൻചാണ്ടി സർക്കാർ പൂട്ടിച്ച ബാറുകളെല്ലാം ഒന്നിന് പുറകെ ഒന്ന് വീതം അവർ തുറന്നുകൊടുത്തു. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ വ്യത്യാസമില്ലാതെ ബാറുകൾക്ക് ലൈസൻസ് വാരി വിതറി. എന്നിട്ടാണ് ഇന്ന് ഈ ശുദ്ധാത്മാക്കൾ വി.ഡി. സതീശൻ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചപ്പോൾ ടൂറിസം തകരുമെന്നോ, കർഷകർ നശിക്കുമെന്നോ ഒക്കെ പറഞ്ഞ് നിലവിളിക്കുന്നത്!

 വി.ഡി.എസ് സർക്കാരിനെ കർണാടക ലോബിയുടെ ആളുകളെന്ന് വിളിക്കുന്ന എം.ബി. രാജേഷിനോടും സി.പി.എമ്മിനോടും ഒരു ചോദ്യം. നിങ്ങൾ 2022-ൽ ഇവിടെ പ്രഖ്യാപിച്ച ആ 'വിപ്ലവാത്മകമായ' മദ്യനയം ഒന്ന് ഓർത്തുനോക്കൂ. അന്ന് നിങ്ങളുടെ എൽ.ഡി.എഫ് സർക്കാർ എന്തൊക്കെയാണ് ഇവിടെ ചെയ്തത്? ഒന്നാമതായി, മദ്യം വാങ്ങാൻ ആളുകൾ വെയിലത്തും മഴയത്തും ക്യൂ നിൽക്കുന്നത് കാണുമ്പോൾ പിണറായി വിജയന് വലിയ സങ്കടം!    അതുകൊണ്ട് 'ഇനി ക്യൂ വേണ്ട' എന്ന് പറഞ്ഞ് പ്രീമിയം കൗണ്ടറുകൾ കൂട്ടി, സൂപ്പർ മാർക്കറ്റിൽ പോയി സാധനം വാങ്ങുന്നത് പോലെ മദ്യം നടന്നുപോയി വാങ്ങാനുള്ള 'വാക്ക് ഇൻ'  സൗകര്യം ഒരുക്കി തന്നത് ഏത് സർക്കാരാണ്? ഇതേ എൽ.ഡി.എഫ് സർക്കാരല്ലേ?
രണ്ടാമതായി, ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവർക്ക് മദ്യം കിട്ടാത്തതാണോ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം എന്ന് ചോദിച്ച് അവിടെ ബാറുകൾക്കും പബ്ബുകൾക്കും അനുമതി നൽകാൻ കടുത്ത വ്യവസ്ഥകളോടെ തീരുമാനിച്ചതും ഇതേ എൽ.ഡി.എഫ് അല്ലേ? അത്രയും കൊണ്ട് തീർന്നില്ല. കർഷകരെ സഹായിക്കാനാണെന്ന വ്യാജേന ചക്ക, കൈതച്ചക്ക, കശുവണ്ടി മാങ്ങ, വാഴപ്പഴം എന്നിവയിൽ നിന്നെല്ലാം വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാൻ അനുമതി നൽകിയതും 2022-ലെ നിങ്ങളുടെ ഇതേ മദ്യനയത്തിലാണ്. അന്ന് നിങ്ങൾ പഴങ്ങളിൽ നിന്ന് മദ്യമുണ്ടാക്കാൻ അനുമതി നൽകിയപ്പോൾ അത് കർഷക സ്നേഹം, ഇന്ന് വി.ഡി. സതീശൻ ആ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ജനങ്ങൾക്ക് താങ്ങാവുന്ന രീതിയിലേക്ക് ശാസ്ത്രീയമായി ക്രമീകരിക്കുമ്പോൾ അത് മദ്യലോബി സ്നേഹം! എന്ത് പ്രഹസനമാണ് പിണറായി വിജയൻ നിങ്ങളുടേത്?

കേരളത്തിലെ ജനപ്രിയ ബ്രാൻഡായ ജവാൻ റമ്മിന്റെ ഉൽപ്പാദനം കൂട്ടാനും, മലബാർ ഡിസ്റ്റിലറിയിൽ പോലും അതിന്റെ നിർമ്മാണം തുടങ്ങാനും മുൻകൈ എടുത്ത എൽ.ഡി.എഫ് ആണ് ഇന്ന് ഉമ്മൻചാണ്ടിയുടെയും വി.ഡി. സതീശന്റെയും മദ്യനയത്തെ കുറ്റം പറയാൻ വരുന്നത്. പ്ലാസ്റ്റിക് കുപ്പികൾ മാറ്റി ഗ്ലാസ് കുപ്പികളാക്കുമെന്നും ‘Peoples Eye’ ആപ്പ് വഴി മദ്യപർക്ക് പരാതി നൽകാൻ സൗകര്യമൊരുക്കുമെന്നും പറഞ്ഞ് മദ്യപാനത്തെ ഒരു സാംസ്കാരിക ഉത്സവമാക്കാൻ നോക്കിയത് ഇവിടുത്തെ ഇടതുപക്ഷ സർക്കാരായിരുന്നു എന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്.

ഇനി നമുക്ക് പ്രതിപക്ഷം ഉയർത്തുന്ന ആ ‘കർണാടക ലോബി’ ആരോപണത്തിന്റെ പൊരുൾ എന്താണെന്ന് നോക്കാം. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ചാനലുകളിൽ വന്നിരുന്ന് ചോദിക്കുകയാണ്—വി.ഡി.എസിന് ഇതിലൂടെ എന്ത് കിട്ടി? എത്ര കിട്ടി? എന്ന്. എന്നാൽ MR രാജേഷ് ഭായ്, നിങ്ങൾ 2026 മാർച്ച് മാസം, അതായത് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ ഭരിച്ചപ്പോൾ ഇവിടുത്തെ വൻകിട വിദേശ മദ്യക്കമ്പനികൾക്ക് വേണ്ടി നികുതി ഒരേ സ്ലാബിൽ നിലനിർത്തിയപ്പോൾ നിങ്ങൾക്ക് എന്ത് കിട്ടി എന്ന് തിരിച്ച് ചോദിച്ചാൽ എന്ത് പറയും? അന്ന് യു.ഡി.എഫ് ഈ ചോദ്യം ചോദിച്ചപ്പോൾ നിങ്ങൾക്ക് വലിയ ദേഷ്യമായിരുന്നു. ഇപ്പോൾ വി.ഡി. സതീശൻ സർക്കാർ വളരെ സുതാര്യമായി, 0.5% മുതൽ 10% വരെയുള്ള ലൈറ്റ് ആൽക്കഹോളിന് മാത്രം നികുതി പകുതിയാക്കി കുറച്ചപ്പോൾ നിങ്ങൾക്ക് എവിടെയാണ് പൊള്ളുന്നത്? സ്പിരിറ്റ് കമ്പനികളുടെ കുത്തക തകരുമെന്ന ഭയമല്ലേ നിങ്ങളെ നയിക്കുന്നത്?
ഇനി ഇപ്പോഴത്തെ എക്സൈസ് മന്ത്രി ശ്രീ എം. ലിജുവിനെ ഇതിലേക്ക് വലിച്ച് ഇഴയ്ക്കാൻ നോക്കേണ്ട. പുതിയ മദ്യനയം പൂർണ്ണമായി പ്രഖ്യാപിക്കുന്നതിന് മുൻപ്, ബജറ്റിന്റെ ഭാഗമായി ധനകാര്യമന്ത്രി എന്ന നിലയിൽ വി.ഡി.എസ് എടുത്ത ഈ തീരുമാനം തികച്ചും പ്രായോഗികമാണ്. അതിൽ വരാൻ പോകുന്ന 600 കോടിയുടെ നികുതി നഷ്ടം കെ.എസ്.ആർ.ടി.സിയിലെ വനിതാ സൗജന്യ യാത്ര പോലുള്ള ജനക്ഷേമ പദ്ധതികളെ ബാധിക്കാത്ത രീതിയിൽ എങ്ങനെ നികത്തണമെന്ന് ഈ ഗവൺമെന്റിന് കൃത്യമായ പ്ലാനുണ്ട്.

ഇവിടെയാണ് വി.ഡി. സതീശൻ എന്ന ജനകീയനായ മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും ആർജ്ജവം നമ്മൾ കാണേണ്ടത്. വി.ഡി.എസ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്—വീര്യം കൂടിയ മദ്യം ഒരു വിപത്താണ്, അത് വിഷമാണ്, അതിന്റെ ഉപയോഗം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. അതുകൊണ്ടാണ് വിദേശ നിർമ്മിത വീര്യം കൂടിയ മദ്യത്തിന്റെ നികുതി 251 ശതമാനമായി തന്നെ നിലനിർത്തിയത്. എന്നാൽ അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകർഷിക്കാനും, വിദേശ രാജ്യങ്ങളിലെപ്പോലെ ആരോഗ്യപ്രശ്നങ്ങൾ കുറഞ്ഞ ലൈറ്റ് ആൽക്കഹോൾ സംസ്കാരം വളർത്താനും വേണ്ടി 0.5% മുതൽ 10% വരെയുള്ള വീര്യം കുറഞ്ഞ പാനീയങ്ങളുടെ നികുതിയാണ് അദ്ദേഹം ജനകീയമായി കുറച്ചത്.
തീർന്നില്ല, കോൺഗ്രസിനുള്ളിൽ വലിയ തർക്കമാണെന്ന് പറഞ്ഞ് കൈകൊട്ടിച്ചിരിക്കുന്ന സി.പി.എം സഖാക്കൾ ഒരു കാര്യം മനസ്സിലാക്കണം. മുതിർന്ന നേതാവ് വി.എം. സുധീരൻ ഉന്നയിച്ച ആശങ്കകളെയും കത്തോലിക്കാ സഭയുടെയും കെ.സി.ബി.സിയുടെയും വിമർശനങ്ങളെയും യു.ഡി.എഫ് സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കാരണം, തെറ്റുകളോ വീഴ്ചകളോ ഉണ്ടായാൽ അത് ജനാധിപത്യപരമായി ചർച്ച ചെയ്യാനും തിരുത്താനും മടിയില്ലാത്ത ഒരു ‘ടീം യു.ഡി.എഫ്’ ആണ് ഇന്ന് കേരളം ഭരിക്കുന്നത്. അല്ലാതെ, ജനങ്ങളെ വെല്ലുവിളിച്ച്, സ്വന്തം പാർട്ടിയിലെ അഴിമതിക്കാരെ സംരക്ഷിക്കാൻ ക്യാപ്റ്റൻ പറയുന്നതാണ് അവസാന വാക്ക് എന്ന് വിശ്വസിക്കുന്ന പഴയ എൽ.ഡി.എഫ് ശൈലിയല്ല ഇത്.

അതുകൊണ്ട് പ്രിയപ്പെട്ട എൽ.ഡി.എഫ് നേതാക്കളെ, 2016-ൽ വോട്ട് തന്ന ജനങ്ങളെ പറ്റിച്ച്, “എൽ.ഡി.എഫ് വരും എല്ലാം ശരിയാകും” എന്ന് പരസ്യം നൽകി, അധികാരത്തിൽ വന്ന് കേരളത്തെ മദ്യക്കടലാക്കിയ നിങ്ങളുടെ ചരിത്രം ഇവിടെ എല്ലാവർക്കുമറിയാം. സ്വന്തം പാർട്ടിക്കുള്ളിലെ തിരുത്തൽ ശക്തികളുടെ കത്തുകളെപ്പോലും മാനിക്കാൻ വി.ഡി.എസിന് മടിയില്ല. കാരണം, ജനങ്ങൾ മാത്രമാണ് യു.ഡി.എഫിന്റെ യജമാനന്മാർ. എൽ.ഡി.എഫിന്റെ ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *