15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിക്കുന്ന സുപ്രധാന ബിൽ പാസാക്കി ഫ്രാൻസ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി ഫ്രാൻസ് മാറി. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുൻകൈയിൽ കൊണ്ടുവന്ന ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരുസഭകളും ഐക്യകണ്ഠേന അംഗീകാരം നൽകി. സെപ്റ്റംബർ മാസം മുതൽ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരും. സോഷ്യൽ മീഡിയ നിരോധനത്തിന് പുറമെ ഹൈസ്‌കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനും ബില്ലിൽ പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ വിജ്ഞാനകോശങ്ങൾ, വിദ്യാഭ്യാസ സംബന്ധിയായ വെബ്‌സൈറ്റുകൾ, ശാസ്ത്രീയ ഡയറക്ടറികൾ എന്നിവയ്ക്ക് ഈ നിരോധനം ബാധകമായിരിക്കില്ല.
