ചീഫ് ജസ്റ്റിസിന് നന്ദി പറഞ്ഞ് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച ചരിത്രപരമായ സമരത്തിന് പിന്നാലെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെയും അദ്ദേഹത്തിന്റെ വിവാദ പരാമർശത്തിനെതിരെയും പരിഹാസവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്ത്. ജന്തർ മന്ദറിലെ സമരവേദിയിൽ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസിനോട് അദ്ദേഹം നന്ദി പ്രകടിപ്പിച്ചത്. “ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് തിരികെ വരില്ലായിരുന്നു, ഈ വലിയ പ്രസ്ഥാനം ആരംഭിക്കുമായിരുന്നുമില്ല” എന്ന് ദീപ്കെ തുറന്നടിച്ചു.

മെയ് 15-ന് സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകരുടെ പദവിയുമായി ബന്ധപ്പെട്ട വാദത്തിനിടയിൽ തൊഴിലില്ലാത്ത ചില യുവാക്കളെ ‘പാറ്റകൾ’ എന്ന് ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചതായിരുന്നു ഈ വലിയ പ്രതിഷേധ പ്രസ്ഥാനത്തിന് തിരികൊളുത്തിയത്. പിന്നീട് താൻ വ്യാജ നിയമ ബിരുദമുള്ളവരെക്കുറിച്ചാണ് സംസാരിച്ചതെന്ന് വിശദീകരണം നൽകിയെങ്കിലും, ആ ഒരു പരാമർശമാണ് രാജ്യത്തെ നടുക്കിയ വലിയൊരു യുവജന മുന്നേറ്റത്തിന് വഴിതുറന്നത്.ബോസ്റ്റണിൽ വിദ്യാർത്ഥിയായിരുന്ന അഭിജിത്ത് ദീപ്കെ മെയ് 16-ന് എക്സിൽ പങ്കുവെച്ച പരിഹാസ രൂപേണയുള്ള കുറിപ്പിലൂടെയാണ് ‘കോക്ക്റോച്ച് ജനതാ പാർട്ടി’ എന്ന ആശയത്തിന് ജന്മം നൽകിയത്. തൊഴിലില്ലാത്തവരും മടിയന്മാരുമായ എല്ലാവർക്കും വേണ്ടിയുള്ള പ്ലാറ്റ്‌ഫോമായി ഇത് അവതരിപ്പിക്കപ്പെട്ടെങ്കിലും, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥി രോഷം അലയടിച്ചതോടെ ദീപ്കെ ജൂൺ ആദ്യം ഇന്ത്യയിലെത്തി ജന്തർ മന്ദറിൽ സമരം ആരംഭിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമായതോടെ, ജൂൺ 28-ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരം ആരംഭിക്കുകയും ചെയ്തു. 26 ദിവസം നീണ്ടുനിന്ന ആ നിരാഹാര സമരം, സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ കേസെടുക്കില്ലെന്നും പരീക്ഷാ പരിഷ്കാരങ്ങൾ പാർലമെന്റ് ചർച്ച ചെയ്യുമെന്നും ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പരിഗണിക്കുമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പിനെ തുടർന്നാണ് അവസാനിച്ചത്. ജൂലൈ 20-ലെ ക്രൂരമായ ലാത്തിച്ചാർജ്ജും സർക്കാരിന്റെ കടുത്ത നിലപാടുകളും ഉണ്ടായിട്ടും പ്രധാന്റെ രാജിക്കായി സിജെപി ഒട്ടും പിന്നോട്ട് പോയില്ല.

ഒടുവിൽ രാജ്യവിരുദ്ധ ശക്തികൾ സമരം മുതലെടുക്കുന്നത് തടയാനും വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയും താൻ പദവി ഒഴിഞ്ഞുനൽകുകയാണെന്ന് വ്യക്തമാക്കി ധർമ്മേന്ദ്ര പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജി സമർപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *