ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ഓഫീസിൽ റെയ്ഡ് നടത്തി. രണ്ട് സംഘങ്ങളായി തിരിഞ്ഞെത്തിയ ഉദ്യോഗസ്ഥർ പരീക്ഷയുമായി ബന്ധപ്പെട്ട നിർണായക രേഖകളും കമ്പ്യൂട്ടർ ഡാറ്റയും പിടിച്ചെടുത്തു. ഈ മാസം 11-നാണ് പരിശോധന നടന്നത്. കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം.
ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്ക് വരുന്ന 10 ചോദ്യങ്ങൾ ദുരൂഹമായ സാഹചര്യത്തിൽ ഒഴിവാക്കിയതാണ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിനും പരാതിക്കും കാരണമായത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു. ഉത്തരങ്ങളിൽ 6 എണ്ണം തെറ്റിപ്പോയി. 4 എണ്ണം എഴുതിയില്ല. അതിനാൽ 10 ചോദ്യങ്ങൾ ഒഴിവാക്കി എന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവിനാണ്.അതിനിടെ, പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കില്ലെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക വിലയിരുത്തൽ. വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കൂടാതെ, കെഎഎസ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളും എസ്‌ഐടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
