ഡൽഹി പോലീസിനെ പുകഴ്ത്തി കേന്ദ്രമന്ത്രി

ൽഹി ജന്തർമന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കെതിരെയും ആം ആദ്മി പാർട്ടിക്കുമെതിരെയും രൂക്ഷ വിമർശനവുമായി കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു. അഭിജീത് ദീപ്കെ ഒരു എഎപി പ്രവർത്തകനാണെന്നും, വിദ്യാർത്ഥികളെ മറയാക്കി എഎപി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധം കൈകാര്യം ചെയ്ത ഡൽഹി പോലീസിനെ കിരൺ റിജിജു പ്രത്യേകമായി പ്രശംസിച്ചു. കോൺഗ്രസ് ഭരണകാലത്തായിരുന്നെങ്കിൽ സമാനമായ പ്രതിഷേധങ്ങളിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ. എന്നാൽ ഇന്നത്തെ സംഭവത്തിൽ ഒരാളുടെ പോലും എല്ലൊടിഞ്ഞിട്ടില്ലെന്നും, ഗുരുതര പരിക്കുകളോടെ ആരും ആശുപത്രിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകളാണ് പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറിയതെന്നും, ആം ആദ്മി പാർട്ടി, ഭീം ആർമി, സമാജ്‌വാദി പാർട്ടി തുടങ്ങിയ രാഷ്ട്രീയ സംഘടനകൾ സമരത്തിൽ പങ്കെടുത്ത് പ്രതിഷേധക്കാരെ അക്രമത്തിലേക്ക് പ്രേരിപ്പിച്ചതായും റിജിജു കുറ്റപ്പെടുത്തി. ഇത്രയും വലിയൊരു പ്രതിഷേധം ആർക്കും പരിക്കേൽക്കാതെ കൈകാര്യം ചെയ്ത ഡൽഹി പോലീസിനെ അഭിനന്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എഫ്.സി.ആർ.എ ഭേദഗതി സംബന്ധിച്ചും കേന്ദ്രമന്ത്രി വിശദീകരണം നൽകി. വിദേശ ഫണ്ടുകളിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിക്കുന്നത് ഹിന്ദു സംഘടനകൾക്കാണ്. അതിനാൽ യഥാർത്ഥത്തിൽ ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് അവരാണ്. എന്നാൽ ക്രിസ്ത്യൻ മിഷണറിമാർക്ക് 16 ശതമാനം വിഹിതം മാത്രമാണ് ലഭിക്കുന്നത്. ഈ ബിൽ ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രതിപക്ഷം നുണപ്രചാരണം നടത്തുകയാണെന്നും, നിലവിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തമായ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *