മുത്തുമാല വിറ്റു നടന്ന് സമൂഹ മാധ്യമങ്ങളില്‍ താരമായ മധ്യപ്രദേശിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മഹാരാഷ്ട്രക്കാരനായ ഒരു യുവാവിന് വിവാഹം ചെയ്തു കൊടുക്കാന്‍ കൂട്ടുനിന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദനും മന്ത്രി വി.ശിവന്‍കുട്ടിയും രാജ്യസഭാ എംപി എ.എ.റഹിമും വെട്ടിലായിരിക്കുകയാണ്. ഇതിനോടകം സിനിമാതാരമായി മാറിയ ഈ പെണ്‍കുട്ടിയെ സ്വന്തം പിതാവിന്റെ എതിര്‍പ്പ് മറികടന്ന് തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ എത്തിച്ച് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും, ദേശീയ പട്ടികവര്‍ഗ കമ്മിഷന് ഇടപെടുകയും ചെയ്തതോടെയാണ് സിപിഎം നേതാക്കള്‍ വെട്ടിലായത്. നിരവധി വര്‍ഷങ്ങള്‍ തടവു ശിക്ഷ ലഭിക്കാവുന്ന ഒന്നിലധികം കുറ്റങ്ങളാണ് പെണ്‍കുട്ടിയുടെ വരനും വിവാഹം നടത്തിപ്പുകാരും ചെയ്തിട്ടുള്ളത്. ഒന്നാമതായി പെണ്‍കുട്ടിക്ക് വിവാഹപ്രായം ആയിരുന്നില്ല. 2009 ല്‍ ജനിച്ച ഈ കുട്ടി 16 വയസ്സ് പിന്നിട്ടിട്ടേയുള്ളൂ. 18 വയസ്സാണ് നിയമപ്രകാരം വിവാഹ പ്രായം. തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ആരോപണ വിധേയര്‍ക്കെതിരെ പോക്സോ കേസിനുപുറമെ പട്ടിക വര്‍ഗപീഡന കുറ്റവും വ്യാജരേഖ ചമച്ച കുറ്റവും ചുമത്തണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് പട്ടികവര്‍ഗ കമ്മിഷന് വ്യക്തമാക്കി.. പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് വലിയ വീഴ്ച്ചയാണെന്നും, സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, വിവാഹത്തിന് നേതൃത്വം നല്‍കിയവരെയെല്ലാം പ്രതികളാക്കണമെന്നും പരാതിയിലുണ്ട്.പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചുവെന്നും, കേരളത്തിലെത്തി നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയെന്നും പട്ടികവര്‍ഗ കമ്മിഷന്റെ നിയമോപദേശകന് പറയുന്നു.
കേരളത്തിലെത്തിച്ച് വിവാഹം നടത്തിയത് ദുരൂഹമാണെന്നും, സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരന് ആരോപിക്കുന്നു. വരന് ഫര്‍മാനെതിരായ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിക്കുന്നത്.
വിവാഹത്തില്‍ ഒരു വീഴ്ചയും തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും പൊലീസ് പറയുന്നു. യുഐഡിഎഐ സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയത്രേ. ഇതേ ആധാര്‍ നമ്പറാണ് ജനന സര്‍ട്ടിഫിക്കറ്റിലും ഉള്ളതെന്നും, ജനന സര്‍ട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും നിയമത്തിനു മുന്നില്‍ വിലപ്പോവില്ല. സിപിഎമ്മുകാരെ രക്ഷിക്കാന്‍ വേണ്ടിയാണ് കേരള പൊലീസ് ഇങ്ങനെയൊക്കെ പറയുന്നത്. ദേശീയ പട്ടിക വര്‍ഗ കമ്മിഷന് മുമ്പാകെ ബന്ധപ്പെട്ട ഡിജിപിമാര്‍ ഹാജരാകേണ്ടതുണ്ട്.ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അത് മറ്റൊരു നിയമലംഘനമായി മാറും.
എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാം.ഇത് ഒരു ലൗ ജിഹാദാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള അവസരമായി കണ്ടാണ് സിപിഎം നേതാക്കള്‍ എടുത്തു ചാടിയത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ ക്ഷേത്ര കമ്മിറ്റിക്കാര്‍ക്ക് അധികാരമില്ല.. സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് വേണം ഇത്തരം വിവാഹങ്ങള്‍ നടത്താന്‍. ഇതൊക്കെ അറിയാവുന്നവര്‍ തന്നെ ബോധപൂര്‍വ്വം നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു.
