പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട്, അമേരിക്കയുടെ തന്ത്രപ്രധാനമായ വ്യോമതാവളം തങ്ങൾ പ്രത്യാക്രമണത്തിലൂടെ തകർത്തതായി ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം. തെക്കൻ ഹോർമുസ്ഗാൻ പ്രവിശ്യയിലെ സിരിക് ദ്വീപിലുള്ള ഇറാന്റെ പ്രധാന ടെലി കമ്മ്യൂണിക്കേഷൻ ടവർ അമേരിക്കൻ സൈന്യം ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് മണിക്കൂറുകൾക്കകം രാജ്യാന്തര സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് ഇറാന്റെ ശക്തമായ തിരിച്ചടിയുണ്ടായത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസിനെ ഉദ്ധരിച്ച് അനദൊലു ഏജൻസിയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
സിരിക് ദ്വീപിലെ ആശയവിനിമയ കേന്ദ്രത്തിന് നേരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച അതേ വ്യോമതാവളത്തെ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ പ്രത്യാക്രമണമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഐആർജിസിയുടെ എയറോസ്‌പേസ് ഫോഴ്‌സ് നടത്തിയ ദൗത്യം പൂർണ്ണ വിജയമായിരുന്നുവെന്നും, മുൻകൂട്ടി നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും കൃത്യതയോടെ തകർക്കാൻ സാധിച്ചതായും ഇറാൻ അവകാശപ്പെടുന്നു. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന കർശന മുന്നറിയിപ്പും ഇതിനൊപ്പം ഇറാൻ നൽകിയിട്ടുണ്ട്. ഇനിയൊരു പ്രകോപനമുണ്ടായാൽ അതിന്റെ പ്രത്യാഘാതം വലിപ്പത്തിലും സ്വഭാവത്തിലും തികച്ചും വ്യത്യസ്തമായിരിക്കുമെന്നും, ഭാവിയിലുണ്ടാകുന്ന ഏത് സൈനിക സംഘർഷത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കായിരിക്കുമെന്നും ഐആർജിസി ഓർമ്മിപ്പിച്ചു.അതേസമയം, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമാണ് സിരിക് ദ്വീപ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഈ സൈനിക നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ ഈ അവകാശവാദങ്ങളോട് പ്രതികരിക്കാൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയമോ ഔദ്യോഗിക വക്താക്കളോ ഇതുവരെ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്നും, അന്തിമമായ ഒരു തീരുമാനത്തിൽ എത്തുന്നതുവരെ പുറത്തുവരുന്ന ഊഹാപോഹങ്ങളെയും മറ്റ് പ്രസ്താവനകളെയും ഗൗരവമായി എടുക്കേണ്ടതില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. എങ്കിലും ഈ പുതിയ സൈനിക ഏറ്റുമുട്ടൽ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
