ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ ആഗോള റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന നടി വീണ നന്ദകുമാർ മോഹൻലാലിനൊപ്പമുള്ള അഭിനയ അനുഭവം പങ്കുവെക്കുന്നു. 2013-ൽ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗം നാളെയാണ് തീയറ്ററുകളിലെത്തുന്നത്.
ജീത്തു ജോസഫ് ചിത്രത്തിലേക്ക് വിളിച്ചപ്പോൾ വലിയ സന്തോഷം തോന്നിയെന്നും മോഹൻലാലിനൊപ്പമുള്ള തന്റെ ആദ്യ സിനിമയാണിതെന്നും വീണ പറഞ്ഞു. “ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ നമ്മൾ നോക്കിയാൽ അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും. എന്നാൽ മോണിറ്ററിൽ പോയി നോക്കുമ്പോഴാണ് അത്ഭുതപ്പെടുക. വളരെ ചെറിയ എക്സ്പ്രഷനുകൾ പോലും കൃത്യമായി ക്യാമറയിൽ എത്തിക്കുന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്” വീണ നന്ദകുമാർ പറഞ്ഞു.റിലീസിന് മുൻപേ തന്നെ ദൃശ്യം 3 ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ മാത്രം ഇതിനോടകം 25 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ 3,50,000 ടിക്കറ്റുകൾ ഇതിനോടകം വിറ്റുപോയി. ആദ്യ ദിനം പോസിറ്റീവ് റിപ്പോർട്ടുകൾ പുറത്തുവന്നാൽ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡുകൾ ചിത്രം മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആരാധകരും വലിയ ആവേശത്തോടെയാണ് ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും മടങ്ങിവരവിനായി കാത്തിരിക്കുന്നത്.
