‘ജയിലർ 2’ കേരളത്തിൽ റെക്കോർഡ് റിലീസിന്;

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരാധകരും തമിഴ് സിനിമാസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം ‘ജയിലർ 2’ നാളെ (ഒക്ടോബർ 15) മുതൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മാസും ആക്ഷനും തനിമയാർന്ന സ്വാഗും കൊണ്ട് സമ്പന്നമായ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ നാളെ പുലർച്ചെ 6 മണിക്ക് ആരംഭിക്കും. സംസ്ഥാനത്തുടനീളം എണ്ണൂറോളം സ്ക്രീനുകളിൽ റെക്കോർഡ് റിലീസായാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.

ആദ്യ ഭാഗത്തേക്കാൾ കൂടുതൽ മാസ് ആക്ഷനുകളും വമ്പൻ കാൻവാസുമാണ് രണ്ടാം ഭാഗത്തിനായി അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ചടുലമായ ഗാനങ്ങൾ, തീവ്രമായ വൈകാരിക രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് അവതരണം, നെൽസൺ ട്രേഡ് മാർക്കായ ബ്ലാക്ക് ഹ്യൂമർ എന്നിവയെല്ലാം കോർത്തിണക്കിയാണ് രണ്ടാം ഭാഗത്തിന്റെ കഥ പറയുന്നതെന്നാണ് സൂചനകൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന മാസ് കഥാപാത്രമായാണ് രജനീകാന്ത് വീണ്ടും വേഷമിടുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി തിയറ്ററുകളിലെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യ ഭാഗത്തിലെ തരംഗത്തിന് ശേഷം അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *