ബോളിവുഡിലെ അനുകരണ പ്രവണതകൾക്കെതിരെ തുറന്നടിച്ച നടി കരീന കപൂറിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ഏതെങ്കിലും ഒരു സിനിമ വൻവിജയം നേടിയാൽ അതേ വഴി പിന്തുടരുന്ന ഇൻഡസ്ട്രിയുടെ മനോഭാവത്തെയാണ് കരീന വിമർശിച്ചത്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘ആനിമൽ’ എന്ന ചിത്രത്തിന്റെ വൻവിജയത്തിന് പിന്നാലെ അത്തരം ചിത്രങ്ങൾ നിർമിക്കാൻ എല്ലാവരും ധൃതി കൂട്ടിയ കാര്യം അവർ ചൂണ്ടിക്കാണിച്ചു.
ഇൻഡസ്ട്രി കരുതുന്നതിനേക്കാൾ വലിയ ബുദ്ധിയുള്ളവരാണ് ഇന്നത്തെ പ്രേക്ഷകരെന്നും, ഒരു പ്രത്യേക സ്വഭാവത്തിലുള്ള സിനിമയായതുകൊണ്ടു മാത്രം ആളുകൾ അത് കാണാൻ തയ്യാറാവില്ലെന്നും കരീന വ്യക്തമാക്കി. ‘നമ്മൾ കരുതുന്നതിലും ബുദ്ധിയുള്ളവരാണ് പ്രേക്ഷകർ. നല്ല സിനിമ ഏതാണെന്ന് അവർക്ക് കൃത്യമായി അറിയാം. ‘ആനിമൽ’ വിജയിച്ചു, അതിനാൽ നമുക്കും അക്രമരംഗങ്ങളുള്ള സിനിമകൾ ചെയ്യാം എന്നതെല്ലാം വളരെ പഴയ ചിന്താഗതിയാണ്’ എന്ന് അവർ പറഞ്ഞു.സ്ഥിരം ഫോർമുലകളെ മാത്രം ആശ്രയിച്ച് സിനിമ വിജയിപ്പിക്കാൻ ഇനി സംവിധായകർക്ക് കഴിയില്ല. ‘ഇതൊരു കോമഡി ചിത്രമായതുകൊണ്ട് ആളുകൾ കാണും’ എന്ന ചിന്തയും ഇനി നടക്കില്ലെന്നും കരീന അഭിപ്രായപ്പെട്ടു. യുവ പ്രേക്ഷകർ തങ്ങൾ കാണുന്ന സിനിമകളെ ചോദ്യം ചെയ്യാനും വ്യത്യസ്തമായ പ്രമേയങ്ങൾ ആവശ്യപ്പെടാനും തുടങ്ങിയിട്ടുണ്ടെന്നും, എല്ലാ ചിത്രങ്ങൾക്കും 200 കോടിയോ 500 കോടിയോ നേടാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു. രൺബീർ കപൂർ നായകനായി 2023-ൽ പുറത്തിറങ്ങിയ ‘ആനിമൽ’ ആഗോളതലത്തിൽ 900 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ആനിമൽ പാർക്ക്’ അണിയറയിൽ ഒരുങ്ങുകയാണ്.
അതേസമയം, മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’ എന്ന ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമയാണ് കരീനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ എത്തും
