കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വലിയ അഴിച്ചുപണി ലക്ഷ്യമിട്ടുള്ള കെ.പി.സി.സി പുനഃസംഘടനയ്ക്കായുള്ള ചർച്ചകൾ സജീവമാകുന്നു. പുനഃസംഘടനയിൽ വനിതകൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യത്തിനൊപ്പം സംഘടനയ്ക്കുള്ളിൽ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമാക്കണമെന്ന വാദവും ശക്തമായിട്ടുണ്ട്. എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ കെ.പി.സി.സിയിലെ പ്രധാന സംഘടനാ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാത്ത നേതാക്കളെ ഇത്തരം പദവികളിൽ പരിഗണിക്കണമെന്നുമാണ് ഉയർന്നുവരുന്ന പ്രധാന ആവശ്യം.
കെ.പി.സി.സി പൂർണ്ണമായും പുനഃസംഘടിപ്പിക്കാനാണ് ഹൈക്കമാൻഡ് നൽകിയിട്ടുള്ള കർശന നിർദ്ദേശം. ഇതിന്റെ ഭാഗമായി ഭൂരിഭാഗം ഡി.സി.സികളിലും നേതൃമാറ്റമുണ്ടാകുമെന്നാണ് സൂചന. കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് നിലവിൽ മുതിർന്ന നേതാക്കളുടെ ഒരു വൻ നിര തന്നെയാണ് പരിഗണനയിലുള്ളത്. ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍, ആന്റോ ആന്റണി, വി.എസ്. ശിവകുമാര്‍, എം.കെ. രാഘവന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. താൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായി പ്രത്യേക വാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി. കെ.പി.സി.സിയിലും ഡി.സി.സികളിലും അനിവാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും, അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് പാർട്ടി പുനഃസംഘടന നേരത്തെ തന്നെ പൂർത്തിയായ സാഹചര്യത്തിൽ കേരളത്തിലെ നടപടികൾ അതിവേഗത്തിലാക്കാനാണ് തീരുമാനം. കെ.പി.സി.സി യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകൾ കാരണമാണ് കേരളത്തിലെ പുനഃസംഘടന വൈകിയതെന്നും, ഇനി ഒട്ടും സമയം കളയാതെ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു.
