മുന്നറിയിപ്പായി ‘മാനിഫെസ്റ്റോ’, ലക്ഷ്യം ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥർ; എഫ്ബിഐ ഡയറക്ടറെ ഒഴിവാക്കിയതിൽ ദുരൂഹത;

ട്രംപ് ഭരണകൂടത്തിലെ പ്രമുഖരെ വധിക്കാൻ ലക്ഷ്യമിട്ട പ്രതിയുടെ ഹിറ്റ്‌ലിസ്റ്റിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ മാത്രം ഒഴിവാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കാലിഫോർണിയ സ്വദേശിയായ മുപ്പത്തിയൊന്നുകാരൻ കോൾ തോമസ് അലനാണ് സംഭവത്തിൽ പിടിയിലായത്. കൃത്യം നടത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് കുടുംബാംഗങ്ങൾക്ക് ഇയാൾ അയച്ച ‘മാനിഫെസ്റ്റോ’യിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ റാങ്ക് അടിസ്ഥാനത്തിൽ വധിക്കാനായിരുന്നു അലന്റെ പ്ലാൻ. എന്നാൽ തന്റെ കൊലവിളിയിൽ നിന്ന് കാഷ് പട്ടേലിനെ ഇയാൾ ഒഴിവാക്കി. ഇതിന്റെ കാരണം വ്യക്തമല്ല.

ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെയുള്ള പോരാട്ടമായാണ് ഈ ആക്രമണത്തെ പ്രതി വിശേഷിപ്പിക്കുന്നത്.സാധാരണക്കാരുടെ മരണം ഒഴിവാക്കാനായി താൻ തിരഞ്ഞെടുത്ത ആയുധങ്ങളെക്കുറിച്ചും വെടിയുണ്ടകളെക്കുറിച്ചും അലൻ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. രണ്ട് കൈത്തോക്കുകളും ഷോട്ട്ഗണും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ഇയാൾ ഹിൽട്ടൺ ഹോട്ടലിലെത്തിയത്.

“ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് ഇരയായവർക്ക് വേണ്ടി സംസാരിക്കാനാണ് ഞാൻ വരുന്നത്. അടിച്ചമർത്തപ്പെടുമ്പോൾ മറുപുറം കാണിച്ചു കൊടുക്കുന്നത് ക്രിസ്തീയമല്ല, അത് കുറ്റവാളികളെ സഹായിക്കുന്നതിന് തുല്യമാണ്.” – അലൻ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനായി സ്ലഗ്ഗുകൾക്ക് പകരം ബക്ക്ഷോട്ടുകൾ ഉപയോഗിച്ചതായും ഇയാൾ അവകാശപ്പെടുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് മുന്നേറാൻ ശ്രമിച്ച അലനെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.സംഘർഷത്തിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചതിനാൽ രക്ഷപ്പെട്ടു.

പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന കാര്യം ഫെഡറൽ ഏജൻസികൾ അന്വേഷിച്ചു വരികയാണ്.ഇറാൻ യുദ്ധമടക്കമുള്ള ട്രംപ് ഭരണകൂടത്തിന്റെ വിദേശ നയങ്ങളോടുള്ള കടുത്ത വിയോജിപ്പും അലന്റെ കുറിപ്പുകളിൽ പ്രകടമാണ്.

Leave a Reply

Your email address will not be published. Required fields are marked *