രാജ്യത്തിന്റെ ജനാധിപത്യ-ഫെഡറൽ സംവിധാനങ്ങളെ അടിമുടി തകർക്കാൻ പോകുന്ന അതീവ നിർണ്ണായകമായ രണ്ട് കരിനിയമങ്ങൾ വീണ്ടും പാർലമെന്റിൽ എത്തിക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാർ അണിയറയിൽ ഒരുങ്ങുകയാണ്. ഭാരതീയ ജനതാ പാർട്ടി തങ്ങളുടെ ഏകാധിപത്യ ഭരണം രാജ്യത്ത് ശാശ്വതമാക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും, അതേസമയം രാജ്യത്തെ ജനാധിപത്യ വിശ്വാസികളും വരാനിരിക്കുന്ന ‘ഇന്ത്യ’ മുന്നണിയും വല്ലാതെ ഭയപ്പെടുന്നതുമായ രണ്ട് വലിയ നീക്കങ്ങളാണിത്.
ഇതിൽ ഒന്നാമത്തേത് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ അഥവാ വൺ നേഷൻ വൺ ഇലക്ഷൻ ബില്ലാണ്. സംസ്ഥാന നിയമസഭകളിലെയും ലോക്സഭയിലെയും തിരഞ്ഞെടുപ്പുകൾ സമാന്തരമായി ഒരേ സമയത്ത് തന്നെ നടത്തുക എന്നതാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അടിക്കടി തിരഞ്ഞെടുപ്പുകൾ ഉണ്ടാകുന്നത് ഒഴിവാക്കി, സഭകളുടെ കാലാവധിയെല്ലാം ഒരുമിച്ച് നിജപ്പെടുത്തിയതിനു ശേഷം,
2029 ആകുമ്പോഴേക്കും ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ രാജ്യത്തെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്താനാണ് ഭാരതീയ ജനതാ പാർട്ടിയുടെ ചിന്ത. നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇതിന്റെ ഏറ്റവും വലിയ അഡ്വാന്റേജ് ലഭിക്കുക കോർപ്പറേറ്റ് ഫണ്ടിന്റെ കൊഴുപ്പുള്ള ബിജെപിക്ക് തന്നെയാണ്. കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണസ്വാധീനമുള്ള, രാജ്യത്തെ ഏറ്റവും വലിയ ഭരണകക്ഷിയെന്ന നിലയിൽ ഭീമമായ സാമ്പത്തിക ഫണ്ട് ഒഴുക്കാനും അതിഭയങ്കരമായ സംഘടന സംവിധാനം ഒരേസമയം രാജ്യത്തുടനീളം ചലിപ്പിക്കാനും ബിജെപിക്ക് കഴിയും. നരേന്ദ്ര മോദി എന്ന കേന്ദ്രീകൃത നേതൃത്വത്തെ മുൻനിർത്തി ഒരു വ്യാജ ദേശീയ തരംഗം സൃഷ്ടിച്ചാൽ, പ്രാദേശിക വിഷയങ്ങളെയും ജനകീയ പ്രശ്നങ്ങളെയും നിഷ്പ്രഭമാക്കി സംസ്ഥാനങ്ങളിലും ഒരേസമയം അധികാരം പിടിക്കാൻ ഈ വൺ നേഷൻ വൺ ഇലക്ഷൻ സംവിധാനത്തിലൂടെ ബിജെപിക്ക് സാധിക്കുമെന്നാണ് പൊതുവെയുള്ള ധാരണ.
എന്നാൽ ഈ തിരഞ്ഞെടുപ്പ് ബില്ലിനേക്കാൾ ദുർഘടമായതും ,ദൂരവ്യാപകമായ രാഷ്ട്രീയ ഫലങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായതുമായ രണ്ടാമത്തെ ബില്ലാണ് മണ്ഡല പുനർനിർണ്ണയം ,അഥവാ ഡീലിമിറ്റേഷൻ ബിൽ. ഇന്ത്യയുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി നിയോജക മണ്ഡലങ്ങളുടെ അതിർവരമ്പുകൾ പുനഃസംഘടിപ്പിക്കുകയും, സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. യഥാർത്ഥത്തിൽ 1971 മുതൽ രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം മാറ്റമില്ലാതെ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കേരളത്തിലെ ലോക്സഭാ അംഗങ്ങളുടെ എണ്ണം ഇരുപതായും ,തമിഴ്നാട്ടിലേത് മുപ്പത്തിയൊമ്പതായും ഉത്തർപ്രദേശിലേത് എൺപതായും ,തുടരുന്നത് അതുകൊണ്ടാണ്. പുതിയ ജനസംഖ്യാ കണക്കനുസരിച്ച് മണ്ഡലങ്ങൾ പുനക്രമീകരിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ജനസംഖ്യാ വർദ്ധനവ് ഉണ്ടായതുകൊണ്ട് അവിടുത്തെ സീറ്റുകളുടെ എണ്ണം കുത്തനെ ഉയരും.
എന്നാൽ ജനസംഖ്യാ നിയന്ത്രണം കൃത്യമായി പാലിച്ച തമിഴ്നാട്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകളുടെ എണ്ണം ആനുപാതികമായി വർദ്ധിക്കില്ല. ഇത് പാർലമെന്റിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിലപേശൽ ശേഷിയെയും ഫെഡറൽ സംവിധാനത്തിലെ തുല്യതയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ദക്ഷിണേന്ത്യയിൽ വ്യാപകമാണ്. മുൻപ് വനിതാ സംവരണ ബില്ലിനോടൊപ്പം ചേർത്ത് ഈ ഡീലിമിറ്റേഷൻ വിഷയം പാർലമെന്റിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചപ്പോൾ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി അതിനെ എതിർത്തത് നമ്മൾ കണ്ടതാണ്.
എന്നാൽ ഇപ്പോൾ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ മുന്നണിയിൽ വലിയ വിള്ളലുകൾ വീണിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പ്രായോഗികമായി പിളർന്നിരിക്കുകയാണ്. ബംഗാളിൽ വിജയിച്ച 80 നിയമസഭാ സാമാജികരിൽ അറുപത് പേരും ഒരു പ്രത്യേക ബ്ലോക്കായി മാറിക്കഴിഞ്ഞു. ലോക്സഭയിലുള്ള ഇരുപത്തിയൊൻപത് ടിഎംസി അംഗങ്ങളിൽ ഇരുപത് പേരുടെയും പിന്തുണ ഇപ്പോൾ മമതയ്ക്കില്ല. അവർ പ്രത്യേക ബ്ലോക്കായി നിന്നുകൊണ്ട് ബിജെപിയെ പിന്തുണയ്ക്കാനാണ് താല്പര്യപ്പെടുന്നത്. അതുപോലെ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് പരാജയം നേരിടേണ്ടി വന്നു, അവർക്ക് ആകെ ലഭിച്ചത് 59 സീറ്റുകൾ മാത്രമാണ്. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടി തങ്ങളെ വഞ്ചിച്ചു എന്ന ചിന്ത ഡിഎംകെയിൽ ഉണ്ട്. ലോക്സഭയിൽ 22 അംഗങ്ങളും രാജ്യസഭയിൽ 9 അംഗങ്ങളുമുള്ള ഡിഎംകെ, തങ്ങളുടെ നിലനിൽപ്പിനായി പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ചാൽ ചില നിർണ്ണായക നിയമനിർമ്മാണം വരുമ്പോൾ വേണ്ടിവന്നാൽ വിട്ടുനിന്നുകൊണ്ട് ബിജെപിയെ പരോക്ഷമായി സഹായിക്കാൻ സാധിക്കും. മണ്ഡല പുനർനിർണ്ണയത്തെ പിന്തുണയ്ക്കുന്നത് തമിഴ്നാടിന് ആത്മഹത്യാപരമായിരിക്കുമെങ്കിലും, ഇഡിയെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് അവരുടെ എംപിമാരെയും നേതൃത്വത്തെയും ബുദ്ധിമുട്ടിലാക്കാൻ ബിജെപിക്ക് കഴിയും.
നിലവിൽ ഭരണം നിലനിർത്താൻ ആവശ്യമായ ഭൂരിപക്ഷം ഉണ്ടെങ്കിൽ പോലും ബിജെപി എന്തിനാണ് പ്രതിപക്ഷ കക്ഷികളെ പിളർത്താനും അവരുടെ പിന്തുണ നേടാനും ശ്രമിക്കുന്നത് എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്. അത് കേവലം ഭരണം നിലനിർത്താൻ വേണ്ടി മാത്രമല്ല, മറിച്ച് ഭരണഘടന ഭേദഗതി ഉൾപ്പെടെയുള്ള ഇത്തരം നിർണ്ണായക നിയമനിർമ്മാണങ്ങൾ പാർലമെന്റിൽ പാസാക്കണമെങ്കിൽ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ് എന്നതുകൊണ്ടാണ്. ലോക്സഭയിലെ ആകെയുള്ള 540 അംഗങ്ങളിൽ കേവല ഭൂരിപക്ഷത്തിന് 273 സീറ്റുകൾ മതി. ബിജെപിക്ക് ഒറ്റയ്ക്ക് 240 സീറ്റുകൾ മാത്രമാണുള്ളതെങ്കിലും ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണയോടെ എൻഡിഎ സഖ്യത്തിന് 293 സീറ്റുകളുണ്ട്. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 360 എന്ന മാജിക് നമ്പറിലേക്ക് എത്താൻ ബിജെപിക്ക് ഇനിയും അംഗങ്ങൾ ആവശ്യമാണ്. തൃണമൂലിലെ വിമതരായ 20 പേരുടെ പിന്തുണ കൂടി ലഭിച്ചാൽ ഇത് 313 ആകും. ഇതിനൊപ്പം ഡിഎംകെയുടെ തന്ത്രപരമായ വിട്ടുനിൽക്കലോ, അല്ലെങ്കിൽ മുൻപ് ബിജെപിയുടെ കൂടെയുണ്ടായിരുന്ന ഉദ്ധവ് താക്കറെയുടെ ശിവസേന (ആത്യന്തികമായി ഇതൊരു ഹിന്ദുത്വ പാർട്ടി തന്നെയാണ്), ശരത് പവാറിന്റെ എൻസിപി തുടങ്ങിയ മഹാരാഷ്ട്രയിലെ കക്ഷികളുടെ പ്രശ്നാധിഷ്ഠിത പിന്തുണയോ ഉറപ്പാക്കാൻ കഴിഞ്ഞാൽ ലോക്സഭയിൽ 360 എന്ന സംഖ്യയിലെത്താൻ ബിജെപിക്ക് സാധിക്കും. രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 164 സീറ്റുകൾ വേണം. ബിജെപിക്ക് നിലവിൽ 106 സീറ്റുകളേ ഉള്ളൂവെങ്കിലും ഇന്ത്യ മുന്നണിയിൽ നിന്ന് വിട്ടുമാറിയ ആം ആദ്മി പാർട്ടിയുടെ ഏഴ് എംപിമാരുടെ പിന്തുണ അവർക്ക് ലഭിച്ചുകഴിഞ്ഞു. തൃണമൂൽ, ഡിഎംകെ കക്ഷികളിലെ ചില വിട്ടുനിൽക്കലുകൾ കൂടി ഉണ്ടായാൽ രാജ്യസഭയിലും ബിജെപിക്ക് ലക്ഷ്യം കാണാൻ കഴിയും.
ഈ സാഹചര്യങ്ങളെല്ലാം ഇന്ത്യ മുന്നണിയും കോൺഗ്രസ് പാർട്ടിയും വലിയ രീതിയിൽ ഭയക്കുന്നുണ്ട്. പണ്ടൊക്കെ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭൂരിപക്ഷം നേടി കാര്യങ്ങൾ സാധിച്ചെടുക്കുന്ന രീതിയായിരുന്നു എങ്കിൽ, ഇന്ന് വ്യക്തമായ ഭൂരിപക്ഷം ഇല്ലെങ്കിൽ പോലും പ്രതിപക്ഷ നിരയിലെ ആശയക്കുഴപ്പങ്ങൾ മുതലെടുത്ത് അവരെ പിളർത്തി തങ്ങളുടെ പെർപെക്ച്വൽ വാഴ്ചയ്ക്ക് വേണ്ടിയുള്ള കരുക്കൾ നീക്കാൻ മോദി-അമിത് ഷാ കൂട്ടുകെട്ടിന് സാധിക്കുന്നുണ്ട്. എന്നാൽ ബിജെപിക്കെതിരെ രാജ്യത്തുണ്ടാകുന്ന ഭരണവിരുദ്ധ വികാരത്തെയോ പ്രതിഷേധങ്ങളെയോ പൂർണ്ണമായി സ്വാംശീകരിക്കാൻ പടലപിണക്കങ്ങൾ കാരണം ഇന്ത്യ മുന്നണിക്ക് കഴിയുന്നില്ല. അവർ പരസ്പരം പാരവെച്ചും, സംസ്ഥാന തലങ്ങളിൽ ആരാണ് വല്യേട്ടൻ എന്ന് തർക്കിച്ചും സമയം കളയുകയാണ്. ഇവിടെയാണ് കേരളത്തിലെ സിപീഎമ്മിന്റെയും പിണറായി വിജയന്റെയും ഇരട്ടത്താപ്പ് നമ്മൾ തുറന്നുകാട്ടേണ്ടത്. സിപിഎം, സിപിഐ തുടങ്ങിയ ഇടതുപക്ഷ കക്ഷികൾ അവരുടെ ദേശീയ പദവി നിലനിർത്താനുള്ള പോരാട്ടത്തിലാണ്. തമിഴ്നാട്ടിലും രാജസ്ഥാനിലും കോൺഗ്രസിന്റെയും ഡിഎംകെയുടെയും പിൻബലത്തിലാണ് ഇടതുപക്ഷം സീറ്റുകൾ നേടിയത്. ദേശീയതലത്തിൽ ഒന്നിച്ചു നിൽക്കുമ്പോഴും കേരളത്തിൽ കോൺഗ്രസും സിപിഎമ്മും നിരന്തരം പരസ്പരം ബിജെപിയുടെ ബി ടീം എന്ന് ആരോപിക്കുകയാണ്. രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്തുകൊണ്ട് ഇഡി അന്വേഷണമോ സിബിഐ റെയ്ഡോ നടക്കുന്നില്ല എന്ന് ചോദിച്ച ചോദ്യം തികച്ചും ന്യായമാണ്. എന്നാൽ ദേശീയതലത്തിലെ ജൂനിയർ പാർട്ണറായ സിപീഎമ്മിനെതിരെ സംസാരിക്കാൻ രാഹുൽ ഗാന്ധി വരേണ്ടതില്ലായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ കോൺഗ്രസിനെ ബിജെപിയുടെ ബി ടീം എന്ന് ആദ്യം വിളിച്ചുകൂവിയത് സിപീഎമ്മാണ്. കോൺഗ്രസിനെ തകർക്കാൻ കേരളത്തിൽ ബിജെപിയും സിപീഎമ്മും ഒരേ അച്ചിലാണ് വാർത്തെടുത്തിരിക്കുന്നത്. കേരളം, ബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ ആരോഗ്യകരമായി മത്സരിക്കുകയും ബിജെപിക്ക് മുതലെടുപ്പിന് അവസരം നൽകാതിരിക്കുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനങ്ങളിൽ ബിജെപി ഈ നിർണ്ണായക ബില്ലുകൾ പാസാക്കിയെടുക്കും. അത് ബിജെപിയുടെ മാത്രം കരുത്തുകൊണ്ടാവില്ല, മറിച്ച് ഇന്ത്യ മുന്നണിയുടെ കെട്കാര്യസ്ഥതയുടെയും കെട്ടുറപ്പില്ലായ്മയുടെയും ഫലമായി പ്രതിപക്ഷം വെള്ളിത്താലത്തിൽ വെച്ച് നൽകുന്ന ഒരു ഔദാര്യമായിരിക്കും. മലർന്നു കിടന്നു തുപ്പുന്നത് പോലെയാവും ഇന്ത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള കാര്യങ്ങൾ. ഈ വലിയ രാഷ്ട്രീയ മാറ്റങ്ങളെ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണം.
