‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’; ഒടിടി റിലീസിനൊരുങ്ങുന്നു

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. നാലാം വാരത്തിലും മികച്ച സ്ക്രീൻ കൗണ്ടോടെ പ്രദർശനം തുടരുന്ന ചിത്രം ഇതിനകം 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിട്ടുണ്ട്. ഷഹദ് സംവിധാനം ചെയ്ത്, പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തിയ ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗുമായി ബന്ധപ്പെട്ട ആവേശകരമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ ഒൻപത് മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിവരം. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഈ ചിത്രം പറയുന്നത്. ചിത്രത്തിനായി വേടൻ പാടിയ തീം സോങ് പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായിരുന്നു. ഭാവന സ്റ്റുഡിയോസാണ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.‘ഉള്ളൊഴുക്ക്’ എന്ന സിനിമയ്ക്ക് ശേഷം പാർവതി തിരുവോത്തും, ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവരുൾപ്പെടുന്ന ഗംഭീര താരനിരയാണുള്ളത്. റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും, കലൈ കിംഗ്‌സൺ ആക്ഷനും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പിആർഒ മഞ്ജു ഗോപിനാഥാണ്.

Leave a Reply

Your email address will not be published. Required fields are marked *