സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാരോപണ കേസിൽ തന്റെ നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. രഞ്ജിത്തിനെതിരെയുള്ള ആദ്യ രണ്ട് കേസുകൾ തള്ളിയത് അവ നടന്നിട്ടില്ലെന്ന് കോടതി കണ്ടെത്തിയത് കൊണ്ടല്ലെന്നും, മറിച്ച് പരാതി നൽകാൻ വൈകിയത് മൂലം തെളിവുകൾ ഇല്ലാതിരുന്നതിനാലാണെന്നും സന്തോഷ് പണ്ഡിറ്റ് നിരീക്ഷിച്ചു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ വർഷങ്ങൾക്ക് ശേഷം പരാതി നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് സന്തോഷ് സംസാരിച്ചു. പീഡനത്തിന് ഇരയായാൽ ഉടൻ തന്നെ പരാതി നൽകണമെന്നും, അല്ലാത്തപക്ഷം കാലപ്പഴക്കം കാരണം തെളിവുകൾ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പീഡനം ആരോപിച്ച് വർഷങ്ങൾക്ക് ശേഷം പരാതി നൽകുന്നവർ പിന്നീട് അതേ വ്യക്തിയുമായി സൗഹൃദം പുലർത്തുന്നതും സന്ദേശങ്ങൾ അയക്കുന്നതും കേസിനെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംഭവം നടന്ന ഉടനെ നിയമനടപടികളുമായി മുന്നോട്ട് പോയത് കൊണ്ടാണ് പോലീസിന് വേഗത്തിൽ നടപടിയെടുക്കാൻ സാധിച്ചതെന്നും, വോട്ട് ചെയ്യാൻ പോലും ജാമ്യം ലഭിക്കാത്ത അവസ്ഥ രഞ്ജിത്തിന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
