ബലാത്സംഗത്തിനിരയായ 15 വയസ്സുകാരിയുടെ 31 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ തിരുത്തൽ ഹർജിയിൽ കോടതിയുടെ രൂക്ഷവിമർശനം. “വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ ഞങ്ങൾ ബഹുമാനിക്കുന്നു, നിങ്ങളും അങ്ങനെ തന്നെ ചെയ്യണം” എന്ന് കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ച ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ഇത്തരം സന്ദർഭങ്ങളിൽ പൗരന്മാരുടെ അന്തസ്സിനാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഏപ്രിൽ 30-ന് കേസ് പരിഗണിച്ചത്.
ഗർഭഛിദ്രത്തിനുള്ള നിയമപരമായ സമയപരിധി കഴിഞ്ഞുവെന്ന സർക്കാരിന്റെ വാദത്തെ കോടതി തള്ളി. ബലാത്സംഗം മൂലം ഗർഭം സംഭവിക്കുമ്പോൾ ഗർഭഛിദ്രത്തിന് നിശ്ചിത സമയപരിധി നിശ്ചയിക്കുന്ന നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിയമം എന്നത് ജൈവികവും കാലത്തിനനുസരിച്ച് പരിണമിക്കുന്നതുമായിരിക്കണം. ഈ പ്രായത്തിൽ സ്വന്തം അഭിലാഷങ്ങളുമായി വളരേണ്ട കുട്ടി, അനാവശ്യ ഗർഭധാരണത്തിലൂടെ അനുഭവിക്കുന്ന മാനസിക വേദനയും അപമാനവും അതിഭീകരമാണെന്നും കോടതി നിരീക്ഷിച്ചു.
