വിനോദിനി കോടിയേരിയുടെ വിമർശനത്തിൽ ടി.പി. രാമകൃഷ്ണൻ

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വെച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്ത്. വിനോദിനി ഉന്നയിച്ച ആരോപണങ്ങൾ ആരെക്കുറിച്ചാണെന്ന് അറിഞ്ഞാൽ മാത്രമേ പാർട്ടിക്കുള്ളിൽ അത് ചർച്ച ചെയ്യാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ അത്തരമൊരു വിഷയം പാർട്ടിയുടെ മുന്നിൽ വന്നിട്ടില്ലെന്നും പരാതികൾ ലഭിച്ചാൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ കുടുംബം എപ്പോഴും സി.പി.ഐ.എമ്മിന്റെ ഭാഗമാണെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ ഉയർന്നുവന്ന ആവശ്യങ്ങളെക്കുറിച്ചും എൽ.ഡി.എഫ് കൺവീനർ നിലപാട് വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സി.പി.ഐ പുതിയൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ വിഷയം എൽ.ഡി.എഫ് യോഗത്തിൽ ഉയർന്നുവന്നിട്ടുണ്ടെങ്കിലും നിലവിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിൽ നടത്തുന്ന ചർച്ചകളിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. മുന്നണിക്കുള്ളിൽ നിലവിൽ തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷമാണുള്ളതെന്നും ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചു. ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർട്ടിയിലെ ഒരു പ്രമുഖ പി.ബി അംഗം തങ്ങളെ അവഗണിക്കുന്നുവെന്നും ആവശ്യത്തിന് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങൾ വിനോദിനി ബാലകൃഷ്ണൻ ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *