ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതവും, അമേരിക്കയും തമ്മിലുള്ള ബന്ധം എന്നും ലോകശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. സിലിക്കൺ വാലിയിലെ ടെക് ഭീമന്മാർ മുതൽ വൈറ്റ് ഹൗസിലെ നിർണ്ണായക പദവികളിൽ വരെ ഇന്ത്യക്കാർ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇത്രയേറെ ആഴമുള്ള ഒരു സൗഹൃദം നിലനിൽക്കുമ്പോഴും, ഡൊണാൾഡ് ട്രംപ് ഇന്ത്യയെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. ലോകം മുഴുവൻ ഇന്ത്യയുടെ വളർച്ചയെ ഉറ്റുനോക്കുമ്പോൾ, വരാനിരിക്കുന്ന ചില രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപ് നടത്തിയ ഈ അധിക്ഷേപം ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു.
ട്രംപിന് തെറ്റിയത് ആണോ അതോ ബോധപൂർവ്വമായ അധിക്ഷേപമാണോ ഇതെന്ന ചർച്ചകൾ ആഗോളതലത്തിൽ തന്നെ നടക്കുന്നുണ്ട്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ട്രംപിന്റെ ഈ അഹങ്കാരത്തിന് ഇന്ത്യ എങ്ങനെയാണ് മറുപടി നൽകിയത്? ഇതിന് പിന്നിലെ സത്യങ്ങൾ എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം.സംഭവം തുടങ്ങുന്നത് ട്രംപിന്റെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ്. മൈക്കൽ സാവേജ് എന്നൊരു റേഡിയോ അവതാരകന്റെ വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകൾ ട്രംപ് പങ്കുവെക്കുകയായിരുന്നു. ഇന്ത്യയെയും ചൈനയെയും അദ്ദേഹം വിശേഷിപ്പിച്ചത് “നരകക്കുഴികൾ” എന്നാണ്. കേൾക്കുമ്പോൾ ആർക്കും ഒന്ന് നെറ്റി ചുളിയും. ഇന്ത്യയിൽ കുടിയേറ്റക്കാർ അമേരിക്കയെ നശിപ്പിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പരാതി. പ്രസവിക്കാൻ വേണ്ടി മാത്രം അമേരിക്കയിൽ എത്തുകയും അവിടെ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നേടിയെടുത്ത് പിന്നീട് കുടുംബത്തെ മുഴുവൻ ഇന്ത്യ എന്ന ‘നരകക്കുഴിയിൽ’ നിന്നും അമേരിക്കയിലേക്ക് കടത്തുകയും ചെയ്യുന്നു എന്നാണ് ട്രംപിന്റെയും കൂട്ടരുടെയും ആരോപണം.
ഇന്ത്യക്കാരെ അദ്ദേഹം വിശേഷിപ്പിച്ചത് “ലാപ്ടോപ്പുകളുമായി എത്തുന്ന ഗുണ്ടാസംഘങ്ങൾ” എന്നാണ്.
അമേരിക്കയുടെ ഐടി മേഖലയും സമ്പദ്വ്യവസ്ഥയും താങ്ങിനിർത്തുന്നതിൽ ഇന്ത്യൻ പ്രൊഫഷണലുകളുടെ പങ്ക് ലോകം മുഴുവൻ അംഗീകരിക്കുമ്പോൾ, അവരെ ഗുണ്ടാസംഘങ്ങളോട് ഉപമിക്കുന്നത് ട്രംപിന്റെ വിവരക്കേടല്ലാതെ മറ്റെന്താണ്? ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും തലപ്പത്ത് ഇന്ത്യക്കാർ ഇരുന്നില്ലെങ്കിൽ അമേരിക്കയുടെ സാങ്കേതിക മേഖല തന്നെ നിശ്ചലമാകുമെന്ന് അദ്ദേഹം മറന്നുപോയോ? ലോകത്ത് മറ്റൊരു രാജ്യവും ജന്മാവകാശ പൗരത്വം നൽകുന്നില്ലെന്നാണ് ട്രംപ് തട്ടിവിട്ടത്. എന്നാൽ കാനഡയും മെക്സിക്കോയും ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങളിൽ ഈ നിയമമുണ്ടെന്നത് മറ്റൊരു വസ്തുത. അറിവില്ലായ്മ വിളിച്ചുപറയുന്ന കാര്യത്തിൽ തനിക്ക് വലിയ മത്സരമൊന്നുമില്ലെന്ന് ട്രംപ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
എന്നാൽ ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണമാണ് ശരിക്കും ട്രംപിന് കിട്ടിയ തിരിച്ചടി. സാധാരണ ഇത്തരം അധിക്ഷേപങ്ങൾ ഉണ്ടാകുമ്പോൾ രാജ്യങ്ങൾ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലേക്ക് നീങ്ങാറാണ് പതിവ്. എന്നാൽ നരേന്ദ്ര മോദി സർക്കാരിന് കീഴിലുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാണിച്ച നയതന്ത്ര പക്വത അപാരമാണ്. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വെറും നാല് വാക്കുകളിലാണ് മറുപടി ഒതുക്കിയത്. “ഞങ്ങൾ ചില റിപ്പോർട്ടുകൾ കണ്ടു, അത് അവിടെ വിടുന്നു” എന്നായിരുന്നു ആ മറുപടി.
അതായത്, “നിങ്ങൾ എന്തും വിളിച്ചുപറഞ്ഞോളൂ, നിങ്ങളെപ്പോലെയുള്ളവർക്ക് മറുപടി തരാൻ പോലും ഞങ്ങൾക്ക് സമയമില്ല” എന്നൊരു മാസ്സ് മറുപടി. പണ്ട് അമേരിക്ക വിസ നിഷേധിച്ച നരേന്ദ്ര മോദി എന്ന നേതാവ് ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ ആർജ്ജിച്ചെടുത്ത കരുത്ത് ഈ നാല് വാക്കുകളിൽ വ്യക്തമാണ്. അമേരിക്കൻ അധിക്ഷേപങ്ങളെ പുഞ്ചിരിയോടെ തള്ളിക്കളയാനുള്ള ആത്മവിശ്വാസം മോദി സർക്കാർ ഇന്ത്യക്ക് നൽകിയിരിക്കുന്നു.
ഇന്ത്യയുടെ ഈ കടുപ്പത്തിലുള്ള പ്രതികരണം കണ്ടതോടെ അമേരിക്കൻ അധികൃതർ ശരിക്കും വിറച്ചുപോയി. ഉടനെ വന്നു ഡൽഹിയിലെ അമേരിക്കൻ എംബസിയുടെ വിശദീകരണം. “അയ്യോ… ട്രംപ് അങ്ങനെ ഉദ്ദേശിച്ചതല്ല, ഇന്ത്യ ഒരു മികച്ച രാജ്യമാണ്, പ്രധാനമന്ത്രി മോദി ട്രംപിന്റെ വളരെ അടുത്ത സുഹൃത്താണ്” എന്നൊക്കെ പറഞ്ഞ് അവർ തടിയൂരാൻ നോക്കി. ആദ്യം അധിക്ഷേപിക്കുക, പിന്നീട് സംഗതി കൈവിട്ടുപോകുമെന്ന് കാണുമ്പോൾ ചങ്ങാതിയാണെന്ന് പറഞ്ഞ് പിന്നാലെ വരിക—ഇതൊരു വല്ലാത്ത ഇരട്ടത്താപ്പാണ്. എങ്കിലും അമേരിക്കൻ എംബസിയെക്കൊണ്ട് തന്നെ “ഇന്ത്യ മഹത്തായ രാജ്യമാണ്” എന്ന് തിരുത്തി പറയിപ്പിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്
