ഐശ്വര്യ ലക്ഷ്മിയെയും വിഷ്ണു വിശാലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചെല്ലാ അയ്യാവ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘ഗാട്ട ഗുസ്തി’യുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെ, ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ ഒരു നിർണ്ണായക ഫൈറ്റ് സീക്വൻസിനായി ചെലവഴിച്ച വൻ തുകയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് വിഷ്ണു വിശാൽ. സിനിമയുടെ വിജയത്തിൽ തങ്ങൾക്ക് അത്രമേൽ ആത്മവിശ്വാസമുണ്ടായിരുന്നതിനാലാണ് ആ റിസ്ക് എടുത്തതെന്ന് താരം വ്യക്തമാക്കി.
ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് ആയ ഇന്റർവെൽ ബ്ലോക്കിനെക്കുറിച്ചാണ് വിഷ്ണു വിശാൽ സംസാരിച്ചത്. “ഞങ്ങൾ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ഒരു സീൻ ആണ് ഗാട്ട ഗുസ്തിയിലെ ഇന്റർവെൽ ഫൈറ്റ് സീക്വൻസ്. 1.3 കോടി രൂപയാണ് ആ ഒരൊറ്റ ഫൈറ്റിനായി മാത്രം ചെലവായത്. കാരണം ആ സിനിമയിൽ ഞങ്ങൾ അത്രയ്ക്കും കോൺഫിഡന്റ് ആയിരുന്നു. എന്റെ സിനിമയിൽ ഇത്രയും വലിയൊരു സെറ്റൊക്കെ വരുന്നത് കണ്ട് ഒരു വശത്ത് എനിക്ക് വലിയ സന്തോഷം തോന്നി. എന്നാൽ, ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തിന് ലഭിച്ചതുപോലെയുള്ള കടുപ്പമേറിയ ഒരു ഫൈറ്റ് സീൻ എനിക്ക് ചെയ്യാൻ പറ്റിയില്ലല്ലോ എന്ന ചെറിയ വിഷമവും ഒപ്പമുണ്ടായിരുന്നു” വിഷ്ണു വിശാൽ പറഞ്ഞു.ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ഒന്നാം ഭാഗത്തിന് ശേഷം, കൂടുതൽ രസകരമായ കുടുംബ പശ്ചാത്തലത്തിലാണ് ‘ഗാട്ട ഗുസ്തി 2’ ഒരുങ്ങുന്നത്. വീരയുടെയും കീർത്തിയുടെയും, അവരുടെ മകളുടെയും ജീവിതത്തിൽ സംഭവിക്കുന്ന രസകരവും ആക്ഷൻ നിറഞ്ഞതുമായ മുഹൂർത്തങ്ങളാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന ആകർഷണമെന്ന് ടീസർ സൂചന നൽകുന്നു. ആദ്യഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നയാവും രണ്ടാഭാഗത്തിലും ഉണ്ടാകുക. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവർ രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് പുതിയതായി ചിത്രത്തിലെത്തുന്നത്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഷാൻ റോൾഡനാണ്. കെ.എം. ഭാസ്കരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം ജൂലൈ 3-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
