റിലീസ് ചെയ്ത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാളി നെഞ്ചോട് ചേർത്തുപിടിക്കുന്ന മോഹൻലാലിന്റെ കരിയർ ബെസ്റ്റ് ചിത്രം ‘കിരീടം’ വീണ്ടും വെള്ളിത്തിരയിലേക്ക്. നീണ്ട 37 വർഷങ്ങൾക്ക് ശേഷം, മലയാള സിനിമ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത അത്രയും മികച്ച റെസ്റ്റൊറേഷൻ മികവോടെയാണ് ചിത്രം പുനഃപ്രസിദ്ധീകരിക്കുന്നത്. റീ-റിലീസിനോടനുബന്ധിച്ചുള്ള ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കൊച്ചിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചേർന്നാണ് ട്രെയിലർ ലോഞ്ച് നിർവ്വഹിച്ചത്.
മലയാളത്തിലെ പല ക്ലാസിക് സിനിമകളുടെയും ഒറിജിനൽ പ്രിന്റുകൾ കൈമോശം വന്നുപോയ സാഹചര്യത്തിൽ, വളരെ സവിശേഷമായ രീതിയിലാണ് കിരീടത്തിന്റെ ദൃശ്യങ്ങൾ വീണ്ടെടുത്തിരിക്കുന്നത്. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനും, നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയും സംയുക്തമായാണ് ചിത്രത്തിന്റെ 4K റെസ്റ്റൊറേഷൻ പൂർത്തിയാക്കിയത്. ഇതുവരെ ഇറങ്ങിയ റീ-റിലീസ് ചിത്രങ്ങളുടെ ക്വാളിറ്റിയെ ഒക്കെ കവച്ചുവെക്കുന്ന ദൃശ്യ-ശ്രാവ്യ വിരുന്നായിരിക്കും പുതിയ പതിപ്പെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിൽ 1989-ൽ പുറത്തിറങ്ങിയ ‘കിരീടം’ മലയാളത്തിലെ ഏറ്റവും വലിയ ട്രാജിക് സിനിമകളിലൊന്നാണ്. മകനെ ഒരു എസ്.ഐ. ആയി കാണാൻ ആഗ്രഹിച്ച ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായരുടെയും, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഒടുവിൽ നാട്ടുകാർ ഭയക്കുന്ന ഗുണ്ടയായി മാറേണ്ടി വന്ന മകൻ സേതുമാധവന്റെയും കഥയാണിത്. തിലകനും മോഹൻലാലും മത്സരിച്ചഭിനയിച്ച അച്ഛൻ-മകൻ കോമ്പിനേഷൻ തന്നെയാണ് ഈ ചിത്രത്തിന്റെ ആത്മാവ്. ഒട്ടേറെ വൈകാരിക നിമിഷങ്ങൾ സമ്മാനിച്ച ഈ ചിത്രം അടുത്ത മാസത്തോടെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
