രാമക്ഷേത്ര ഫണ്ട് തിരിമറിയിൽ ശക്തമായ അന്വേഷണം വേണം; 

അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനകളിലെ സാമ്പത്തിക തിരിമറികളിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ഞൂറോളം സന്ന്യാസിമാരും മതനേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. കമ്പ്യൂട്ടർ ബാബ, പ്രകാശാനന്ദ് ഗിരി മഹാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മണ്ഡി ഹൗസിലെ നേപ്പാൾ എംബസിക്ക് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്കാണ് നീങ്ങിയത്. അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിക്കാനാണ് സന്ന്യാസിമാരുടെ തീരുമാനം.ഇതിനിടെ, വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനുള്ളിൽ സംഘടിതമായി പ്രവർത്തിക്കുന്ന ഒരു സംഘമാണ് തിരിമറികൾക്ക് പിന്നിലെന്നും, സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക ക്രമക്കേടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കുന്ന ദിവസമാണ് ഈ പ്രതിഷേധം എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *