ന്യൂസ് ഡെസ്കിലെ പൊലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമെന്ന് കെ.ടി. ജലീൽ

റിപ്പോർട്ടർ ടി.വി ന്യൂസ് ഡെസ്കിലേക്ക് പൊലീസ് അതിക്രമിച്ചു കയറി പരിശോധന നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ. ടി. ജലീൽ രംഗത്തെത്തി. മാധ്യമങ്ങളുടെ ന്യൂസ് റൂമിൽ കയറി ജീവനക്കാരുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തിനു നേർക്കുള്ള നഗ്നമായ കയ്യേറ്റമാണിതെന്നും ജലീൽ വിമർശിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ഇത്തരം നടപടികൾ കണ്ടിട്ടുള്ളതെന്നും, എന്നാൽ ഇപ്പോൾ അത്തരം രീതികൾ കേരളത്തിലേക്കും പറിച്ചുനടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ് നൽകിയാൽ നാടുവിടുന്നവരല്ല മാധ്യമപ്രവർത്തകരെന്നും, പക്ഷെ ന്യൂസ് ഡെസ്കിൽ നേരിട്ടെത്തി ഭീഷണിപ്പെടുത്തുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുൻപ് ചെയ്ത മുന്നൊരുക്കങ്ങൾക്ക് സമാനമാണിതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്ന് ജലീൽ മുന്നറിയിപ്പ് നൽകി. കേരളവും കേന്ദ്രവും ഭരിക്കുന്നത് ഒരേ സർക്കാരാണെന്ന പ്രതീതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. ബിജെപി ഭരണത്തിലുള്ളതിനേക്കാൾ മികച്ച രീതിയിൽ ആർ.എസ്.എസ് അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കപ്പെടുന്നുണ്ടെന്നതിന്റെ തെളിവുകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമ സ്ഥാപനങ്ങൾ ഒന്നടങ്കം പോലീസിന്റെ ഈ നടപടിക്കെതിരെ രംഗത്തുവന്നില്ലെങ്കിൽ നാളെ മറ്റ് മാധ്യമങ്ങളുടെ എഡിറ്റോറിയൽ റൂമുകളിലേക്കും കാക്കിപ്പട എത്തുെമന്ന് ജലീൽ ഓർമ്മിപ്പിച്ചു. ഇന്ന് നിലവിളിച്ചാലേ നാളെ മറ്റ് മാധ്യമങ്ങളുടെ നിലവിളി കേൾക്കാനും ആളുകളുണ്ടാവൂ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *