വഖഫ് ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ ഭിന്നത കൂടുതൽ ചർച്ചയാകുന്നതിനിടെ മുസ്ലിം ലീഗ് അനുകൂലവിഭാഗം മലപ്പുറത്ത് നടത്താനിരുന്ന വഖഫ് വിശദീകരണസമ്മേളനം മാറ്റിവച്ചു. സി.പി.എമ്മിനും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനും മറുപടി നൽകാൻ ലക്ഷ്യമിട്ടായിരുന്നു വെള്ളിയാഴ്ച സമ്മേളനം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഉമർ ഫൈസിയുടെ വിവാദപ്രസംഗത്തിൽ നടപടിയുണ്ടാകുമെന്ന് സമസ്ത നേതൃത്വം ഉറപ്പുനൽകുകയും സമ്മേളനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഘാടകർ പിന്മാറിയത്.
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ എന്നിവരുടെ പേരിലാണ് സംഘാടകസമിതിക്ക് വ്യാഴാഴ്ച രാവിലെ കത്ത് ലഭിച്ചത്. വഖഫ് ബോർഡുമായി ബന്ധപ്പെട്ട് വിവാദമായ ഉമർ ഫൈസിയുടെ പ്രസംഗത്തെക്കുറിച്ചുള്ള പരാതി 23ന് ചേരുന്ന സമസ്ത മുശാവറ യോഗം ഗൗരവമായി പരിഗണിക്കുമെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എം.ടി. അബ്ദുള്ള മുസ്ലിയാർ ഒപ്പിട്ട കത്തിൽ ഉറപ്പുനൽകി. ഇതിന് പിന്നാലെ വൈകീട്ട് മലപ്പുറം സുന്നി മഹലിൽ ചേർന്ന സംഘാടകസമിതി യോഗത്തിലാണ് സമ്മേളനം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.നേതൃത്വത്തിന്റെ നിർദേശം അംഗീകരിച്ചാണ് സമ്മേളനം തത്കാലം മാറ്റുന്നതെന്നും മുശാവറ യോഗത്തിനുശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും സംഘാടകസമിതി വർക്കിങ് ചെയർമാൻ എം.സി. മായിൻ ഹാജി, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു. മുഹമ്മദ് ഷാഫി ഹാജി, കെ.എ. റഹ്മാൻ ഫൈസി, സലിം എടക്കര, അബൂബക്കർ ഫൈസി മലയമ്മ, സി.എച്ച്. ത്വയ്യിബ് ഫൈസി, ഹംസ ഹാജി മൂന്നിയൂർ, സി.എം. കുട്ടി സഖാഫി, ഖാദർ ഫൈസി കുന്നുംപുറം, ആർ.വി. കുട്ടിഹസ്സൻ ദാരിമി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞമാസം സി.പി.എം. ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സെമിനാറിൽ പങ്കെടുത്ത ഉമർ ഫൈസി മുക്കം യു.ഡി.എഫിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വഖഫ് ബോർഡ് അംഗം കൂടിയായ ഉമർ ഫൈസിക്കെതിരെ തുടർന്ന് സമസ്ത മുശാവറയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ലീഗ് അനുകൂലവിഭാഗം രേഖാമൂലം ആവശ്യമുന്നയിച്ചു. ഇതിന്റെ തുടർച്ചയായാണ് വഖഫ് വിശദീകരണസമ്മേളനം പ്രഖ്യാപിച്ചത്. വഖഫ് വിശദീകരണസമിതിയുടെ പേരിൽ ലീഗിന്റെ ഒത്താശയോടെയാണ് ഈ നീക്കമെന്ന ആരോപണവും ഉയർന്നിരുന്നു. ഇപ്പോൾ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് സമ്മേളനം മാറ്റിയതോടെ, 23ന് ചേരുന്ന മുശാവറ യോഗത്തിലെ തീരുമാനം നിർണായകമാകും.
