സ്വപ്ന തുറന്നുപറയുന്ന അഴിമതിക്കഥകൾ!വഴിയടഞ്ഞ് പിണറായി!

കേരള രാഷ്ട്രീയത്തെ വീണ്ടും വലിയൊരു ആടിയുലയലിലേക്ക് തള്ളിവിട്ടുകൊണ്ട്, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും നിലവിലെ ഭരണ നേതൃത്വത്തിനുമെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി സ്വപ്ന സുരേഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. മുൻകാലങ്ങളിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ കഥകളും തട്ടിപ്പ് ആരോപണങ്ങളും ഉണ്ടാക്കി അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ച അതേ തന്ത്രങ്ങളും ഭരണസ്വാധീനവുമാണ്, ഇപ്പോൾ സ്വന്തം അഴിമതികളും രാഷ്ട്രീയ തട്ടിപ്പുകളും മൂടിവെക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും പിണറായി വിജയനും അദ്ദേഹത്തിന്റെ കൂട്ടാളികളും ഉപയോഗിക്കുന്നത് എന്ന ഗുരുതരമായ ആരോപണമാണ് ഈ ഘട്ടത്തിൽ പ്രധാനമായും ഉയർന്നു വരുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ ദീർഘമായ രാഷ്ട്രീയ യാത്ര പരിശോധിച്ചാൽ, 1996-ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ ഒപ്പുവെച്ച കോടികളുടെ എസ്.എൻ.സി ലാവലിൻ കരാർ തട്ടിപ്പ് കേസ് മുതൽ, ഏറ്റവും ഒടുവിൽ കേരളത്തിൽ വൻ രാഷ്ട്രീയ വിവാദമായി മാറിയ മാസപ്പടി കേസും സ്പ്രിങ്ക്ലർ ഡാറ്റ കച്ചവടവും, സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ അഴിമതി, മരംമുറി വിവാദങ്ങൾ, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വരെയുള്ള എണ്ണിയാൽ ഒടുങ്ങാത്ത അഴിമതി പരമ്പരകളെയും കൂട്ടിയിണക്കിക്കൊണ്ടാണ് സ്വപ്ന സുരേഷിന്റെ ഈ പുതിയ വെളിപ്പെടുത്തലുകൾ ഒന്നൊന്നായി മുന്നോട്ട് പോകുന്നത്.

പിണറായി വിജയന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ, അധികാരത്തിൽ ഇരുന്ന സമയത്തെല്ലാം ഉയർന്നുവന്ന അഴിമതി ആരോപണങ്ങളെ പാർട്ടി സംവിധാനവും ഭരണസ്വാധീനവും ഉപയോഗിച്ച് പ്രതിരോധിക്കുന്ന രീതിയാണ് നാം കണ്ടിട്ടുള്ളത്. 1996-ൽ ലാവലിൻ കേസ് ഉയർന്നുവന്നപ്പോൾ അത് പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ ഒതുക്കാനും, കേസ് സി.ബി.ഐ അന്വേഷണത്തിലേക്ക് നീങ്ങിയപ്പോൾ അതിനെ നിയമപരമായും രാഷ്ട്രീയമായും നീട്ടിക്കൊണ്ടുപോകാനുമാണ് ശ്രമിച്ചത്. എന്നാൽ 2016-ൽ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം കഥ മാറി. അഴിമതി ആരോപണങ്ങൾ കേവലം പാർട്ടിക്കുള്ളിൽ ഒതുങ്ങുന്നതിന് പകരം, ഭരണകൂടത്തിന്റെ പരമോന്നത പീഠത്തെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും നേരിട്ട് ബാധിക്കുന്ന തലത്തിലേക്ക് ഉയർന്നു.
സ്വപ്ന സുരേഷ് ഉന്നയിക്കുന്ന അതിഗുരുതരമായ വാദങ്ങൾ അനുസരിച്ച്, കേവലം ഭരണത്തിന്റെ തണലും സ്വാധീനവും ഉപയോഗിച്ച് ഭരണാധികാരികൾ ചെയ്ത സകല അഴിമതി സത്യങ്ങളും നിയമത്തിനു മുന്നിൽ നിന്ന് തേച്ചുമാച്ചു കളയാനും, തനിക്കെതിരെയും സർക്കാരിനെതിരെയും സത്യം തുറന്നു പറഞ്ഞവരെ നിയമപരമായും രാഷ്ട്രീയമായും ക്രൂരമായി വേട്ടയാടാനുമാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള സംഘവും നിരന്തരം ശ്രമിച്ചത്. പിണറായി വിജയൻ സർക്കാരിന്റെ കാലത്തു നടന്ന മഹാ അഴിമതികൾക്കെതിരെ ഏറ്റവും ആദ്യമായി ജനങ്ങൾക്കും ഈ ലോകത്തിനും മുന്നിൽ സത്യങ്ങൾ വിളിച്ചു പറഞ്ഞത് താനാണെന്നും, അതിന്റെ പേരിൽ താനും കുടുംബവും നേരിട്ട അതിക്രൂരമായ മാനസിക-നിയമപരമായ വേട്ടയാടലുകൾക്കും അതിക്രമങ്ങൾക്കും യാതൊരു അതിരുകളുമില്ലായിരുന്നുവെന്നും സ്വപ്ന വളരെ വ്യക്തമായി ഓർമ്മിപ്പിക്കുന്നു. തന്റെ വാ അടപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പലവിധ വ്യാജ കേസുകൾ തനിക്കെതിരെ എടുത്തു ചാടിച്ചെങ്കിലും, അത്തരം കേസുകളിലൊന്നും സത്യസന്ധമായി അന്വേഷണം നടത്താനോ വിചാരണ നടപടികൾ ആരംഭിക്കാനോ ഭരണകൂടം അനുവദിച്ചില്ല.

  തനിക്കെതിരെ ഉയർന്നുവരുന്ന വെളിപ്പെടുത്തലുകളെ വ്യക്തിഹത്യ നടത്തിയും, ആരോപണം ഉന്നയിക്കുന്നവരെ ക്രിമിനലുകളായി ചിത്രീകരിച്ചും പ്രതിരോധിക്കുക എന്ന തന്ത്രമാണ് ഭരണകൂടം എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, എത്രയൊക്കെ ഉയർന്ന ഭരണസ്വാധീനവും പോലീസിനെയും ഉപയോഗിച്ച് കേസും അന്വേഷണവും ഒതുക്കാൻ ശ്രമിച്ചാലും, താൻ ജീവനോടെയിരിക്കുന്ന കാലത്തോളം ഈ വഞ്ചനകൾക്കെതിരെയും അനീതികൾക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും, പിണറായി വിജയന്റെയും കുടുംബത്തിന്റെയും യഥാർത്ഥ രാഷ്ട്രീയ നിറവും സ്വഭാവവും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നുമാണ് സ്വപ്നയുടെ പുതിയ ശപഥം,.

ഈ അഴിമതി വെളിപ്പെടുത്തലുകളിൽ ഏറ്റവും നിർണ്ണായകവും ശ്രദ്ധേയവുമാകുന്നത്, മുൻപ് നടന്ന ആളിപ്പടർന്ന സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിരോധിക്കാനും കേസ അന്വേഷണം വഴിതിരിച്ചുവിടാനും പിണറായി വിജയനും സംഘവും സ്വീകരിച്ച അതേ കുപ്രസിദ്ധമായ നാടകീയ രീതിയും തന്ത്രവുമാണ് ഇപ്പോഴത്തെ മാസപ്പടി കേസിലും വീണ്ടും നടപ്പാക്കാൻ ശ്രമിക്കുന്നത് എന്ന സ്വപ്നയുടെ ആരോപണമാണ്. താൻ മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിൽ കഴിയുന്ന സമയത്ത്, ഒരു പോലീസ് ഉദ്യോഗസ്ഥൻ മുഖേന രഹസ്യമായി ഒരു മൊബൈൽ ഫോൺ കൊടുത്തുവിട്ട്, “മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു” എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചു പറയാൻ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു.

 അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അടുക്കുമ്പോൾ, അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന ഭരണകൂടം പോലീസിനെയും വിജിലൻസിനെയും എങ്ങനെ ദുരുപയോഗം ചെയ്തു എന്നതിന്റെ തെളിവുകൾ സ്വപ്ന അക്കമിട്ട് നിരത്തുന്നു. മജിസ്ട്രേറ്റിന് നൽകിയ തന്റെ രഹസ്യമൊഴി ഇല്ലാതാക്കാനും അത് മാറ്റിപ്പറയിക്കാനുമായി കോൺസുലേറ്റ് മുൻ പി.ആർ.ഓ ആയിരുന്ന സരിത്തിനെ വിജിലൻസിനെ വിട്ട് തട്ടിക്കൊണ്ടുപോകുന്ന നാടകീയമായ സംഭവങ്ങൾ വരെ അന്ന് അരങ്ങേറുകയുണ്ടായി. സ്വന്തം വക്കീലിനെപ്പോലും ഭീഷണിപ്പെടുത്തി മാറ്റാനും, സർക്കാരിന്റെ താല്പര്യങ്ങൾക്ക് അനുകൂലമായി നിലകൊള്ളുന്ന മറ്റൊരു അഭിഭാഷകനെ വെച്ച് പുതിയ മൊഴി നൽകാനും വലിയ രീതിയിലുള്ള ഭീഷണിയും സമ്മർദ്ദവുമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് അവർ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോൾ കേരളത്തെ വലിയ രീതിയിൽ പിടിച്ചുകുലുക്കിയ മാസപ്പടി കേസിൽ, മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തും സമാനമായ രീതിയിൽ അന്വേഷണ ഏജൻസികൾക്കെതിരെയും മൊഴികൾക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തുമ്പോൾ, ഇതെല്ലാം പണ്ടത്തെപ്പോലെ തന്നെ മുൻകൂട്ടി തയ്യാറാക്കിയ അതേ രാഷ്ട്രീയ തിരക്കഥയുടെയും നാടകത്തിന്റെയും ഭാഗമാണെന്ന് സ്വപ്ന അക്കമിട്ട് നിരത്തി തുറന്നുകാട്ടുന്നു. പിണറായി വിജയന്റെ മകളെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി നിർബന്ധിച്ച് മൊഴി എറിയിപ്പിച്ചു എന്ന പ്രചരണം തികച്ചും വ്യാജമാണെന്നും, നിയമനടപടികളിൽ നിന്നും ജനങ്ങളുടെ കണ്ണിൽ നിന്നും രക്ഷപ്പെടാനുള്ള പിണറായി വിജയന്റെ മറ്റൊരു തട്ടിപ്പ് രീതി മാത്രമാണിതെന്നും സ്വപ്ന തുറന്നടിക്കുന്നു,.

  കേവലം ഒന്നോ രണ്ടോ വ്യക്തികളെ മാത്രം ചോദ്യം ചെയ്തതുകൊണ്ട് മാത്രം കോടികൾ മറിഞ്ഞ ഈ വലിയ സിൻഡിക്കേറ്റ് അഴിമതിയുടെ യഥാർത്ഥ ആഴവും വ്യാപ്തിയും പുറത്തുവരില്ലെന്നും, ഈ സംഭവങ്ങളിൽ പങ്കാളികളായ ഉയർന്ന തലത്തിലുള്ള മുഴുവൻ ആളുകളെയും കേന്ദ്ര അന്വേഷണ ഏജൻസികൾ കൃത്യമായും കർശനമായും ചോദ്യം ചെയ്യണമെന്നുമാണ് സ്വപ്ന ആവശ്യപ്പെടുന്നത്. ഭരണസംവിധാനവും ഇടനിലക്കാരും ചേർന്നുള്ള വലിയൊരു സിൻഡിക്കേറ്റാണ് കേരളത്തിലെ അഴിമതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന വാദത്തെ ഇത് ശക്തിപ്പെടുത്തുന്നു.
 അതിനോടൊപ്പം തന്നെ, സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് അഴിമതി അന്വേഷണങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള സ്വാധീനങ്ങളോ തടസ്സങ്ങളോ ഉണ്ടാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായാൽ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കരൻ തന്റെ കൈവശം വിശ്വസിച്ച് ഏൽപ്പിച്ചിട്ടുള്ള എല്ലാ പ്രധാനപ്പെട്ട രേഖകളും തെളിവുകളും ജനങ്ങൾക്ക് മുന്നിൽ പരസ്യമായി പുറത്തുവിടുമെന്ന അതിശക്തമായ ഒരു മുന്നറിയിപ്പും സ്വപ്ന നൽകുന്നുണ്ട്. നിലവിൽ ഈ വിഷയം ബഹുമാനപ്പെട്ട കോടതിയുടെ നേരിട്ടുള്ള പരിഗണനയിലും വിചാരണയിലുമുള്ള ഒന്നായതുകൊണ്ട് മാത്രമാണ് സാങ്കേതികമായി താൻ ഇപ്പോൾ അതൊക്കെ പുറത്തുവിടാതെ നിശബ്ദത പാലിക്കുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ അതിപ്രധാനമായ വ്യക്തിഗത ആരോഗ്യ ഡാറ്റ സ്പ്രിങ്ക്ലർ എന്ന വിദേശ കമ്പനിക്ക് മറിച്ച് വിറ്റതും, ജനങ്ങളെ വഞ്ചിച്ചതുമുൾപ്പെടെയുള്ള ചരിത്രപരമായ വലിയ തട്ടിപ്പുകളിൽ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷവാങ്ങിച്ചു കൊടുക്കുമെന്നാണ് സ്വപ്ന ഉറപ്പിച്ചു പ്രഖ്യാപിക്കുന്നത്.

 തനിക്കെതിരെ പ്രതികാരബുദ്ധിയോടെ ചുമത്തിയിട്ടുള്ള മുഴുവൻ വ്യാജ കേസുകളും എത്രയും വേഗം സത്യസന്ധമായി അന്വേഷിച്ച് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇതിനോടകം തന്നെ സംസ്ഥാന മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകിക്കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ അഴിമതികൾക്കും തട്ടിപ്പുകൾക്കും വഴിപ്പെടാത്തവരെയും കൂട്ടുനിൽക്കാത്തവരെയും അധികാരം ഉപയോഗിച്ച് നശിപ്പിച്ചു കളയുന്ന പിണറായി വിജയന്റെ പ്രത്യേക ഭരണ ശൈലിക്കെതിരെയുള്ള അതിനിർണ്ണായകമായ ഒരു നിയമ-രാഷ്ട്രീയ പോരാട്ടത്തിനാണ് ഇതിലൂടെ വീണ്ടും തുടക്കമായിരിക്കുന്നത്.

ഭരണാധികാരികളുടെ എല്ലാ തട്ടിപ്പുകളും നേരിട്ടറിയാവുന്ന പ്രധാന ദൃക്സാക്ഷി തന്നെ വീണ്ടും വിട്ടുവീഴ്ചയില്ലാതെ പോരാടാൻ ഇറങ്ങിയതോടെ, പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും രാഷ്ട്രീയ ഭാവി കൂടുതൽ കരിനിഴലിലാവുകയും, വലിയ പ്രതിസന്ധിയിലാവുകയും ചെയ്തിരിക്കുകയാണ്,. ഈ വിഷയത്തിൽ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഇനി എങ്ങനെയൊക്കെയായിരിക്കും പ്രതികരിക്കുക എന്നതും, കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വപ്ന സുരേഷ് ഉയർത്തിയ പുതിയ വെളിപ്പെടുത്തലുകളെയും മുന്നറിയിപ്പുകളെയും ആസ്പദമാക്കി എങ്ങനെയുള്ള നിയമനടപടികളിലേക്കായിരിക്കും കടക്കുക എന്നതും വരും ദിവസങ്ങളിൽ നിർണ്ണായകമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *