എൽനിനോ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് കാലവർഷം പ്രതീക്ഷിച്ചതിലും ദുർബലമായി തുടരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മഴ ശക്തിപ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ മാത്രമാണ് നിലവിൽ ശരാശരി മഴ ലഭിച്ചിട്ടുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് അനുഭവപ്പെടുന്നത്. ബാക്കിയുള്ള പത്ത് ജില്ലകളിലും ലഭിക്കേണ്ട മഴയിൽ ഗണ്യമായ കുറവുണ്ട്. ജൂൺ മാസാവസാനത്തോടെ കാലവർഷം മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നും എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
