കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ വലിയൊരു പുകില് പുകയുകയാണ്. കർട്ടന് പിന്നിൽ ഒളിച്ചുവെക്കാൻ നോക്കിയ സത്യങ്ങൾ ഓരോന്നായി പുറത്തുവരുമ്പോൾ ഇനിയാരെ കുറ്റം പറയും എന്നറിയാതെ അന്തംവിട്ടു നിൽക്കുന്ന ഒരു നേതൃത്വത്തെയാണ് നമ്മൾ കാണുന്നത്. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കനത്ത പ്രഹരത്തിന് പിന്നാലെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ സി.പി.എം മാളത്തിൽ ഒളിക്കുമ്പോൾ, മുന്നണിയിലെ രണ്ടാം കക്ഷി പച്ചയായ യാഥാർത്ഥ്യങ്ങൾ വിളിച്ചുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. പിണറായി വിജയൻ എന്ന പേരിനെ ഭയന്ന് സി.പി.എം നേതൃത്വം തൊണ്ടതൊടാതെ വിഴുങ്ങിയ ആ കയ്പേറിയ സത്യങ്ങൾ, ജനവികാരം മാനിച്ചുകൊണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇപ്പോൾ തുറന്നടിച്ചിരിക്കുന്നു. തോൽവിക്ക് കാരണം മാധ്യമസൃഷ്ടിയാണെന്നും ജനങ്ങൾക്ക് കാര്യം മനസ്സിലാകാത്തതാണെന്നും പറഞ്ഞ് ജനങ്ങളെ വീണ്ടും പരിഹസിച്ച പിണറായി വിജയനും എം.വി. ഗോവിന്ദനും മുഖത്തേറ്റ ഏറ്റവും വലിയ അടിയാണ് ഇപ്പോൾ സ്വന്തം മുന്നണിയിൽ നിന്ന് തന്നെ ഉണ്ടായിരിക്കുന്നത്.
കേരളത്തിൽ ഇടതുമുന്നണി നേരിട്ട ഈ വൻ തകർച്ചയ്ക്ക് പ്രധാന കാരണം മറ്റൊന്നുമല്ല, ജനങ്ങൾക്കിടയിലുണ്ടായ കടുത്ത ‘ഭരണവിരുദ്ധ വികാരം’ തന്നെയാണെന്ന് സി.പി.ഐ ഔദ്യോഗികമായി വിലയിരുത്തുമ്പോൾ അവിടെ തീരുകയാണ് മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും എല്ലാ ന്യായീകരണങ്ങളും. സർക്കാരിന്റെ ശൈലിക്കും ജനവിരുദ്ധ നടപടികൾക്കുമെതിരെ പൊതുസമൂഹത്തിൽ ശക്തമായ എതിർപ്പുണ്ടായെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഇൻസൈഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഞങ്ങൾ എന്ത് ചെയ്താലും ജനങ്ങൾ സഹിച്ചോളും, ഞങ്ങൾ എന്ത് ധിക്കാരം കാണിച്ചാലും വോട്ട് ബാങ്ക് ഭദ്രമായിരിക്കും എന്ന അഹങ്കാരത്തിനാണ് വോട്ടർമാർ ബാലറ്റ് പെട്ടിയിലൂടെ മറുപടി നൽകിയത്. എന്നിട്ടും തെറ്റുതിരുത്താൻ തയ്യാറാകാതെ, തോൽവിയുടെ ഉത്തരവാദിത്തം താഴേത്തട്ടിലെ അണികളുടെ തലയിൽ കെട്ടിവെക്കാനും മാധ്യമങ്ങളെ കുറ്റം പറയാനും ശ്രമിച്ച എം.വി. ഗോവിന്ദന്റെ രാഷ്ട്രീയ അടവുകളെല്ലാം സ്വന്തം സഖാക്കൾ തന്നെ പൊളിച്ചടുക്കിയിരിക്കുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ നടപടികളോട് ജനങ്ങൾക്കിടയിൽ കടുത്ത അമർഷമാണുണ്ടായിരുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ ശൈലിയും സർക്കാരിന്റെ പിടിപ്പുകേടും വോട്ടർമാരെ ഇടതുമുന്നണിയിൽ നിന്നും പൂർണ്ണമായി അകറ്റി. പിണറായി വിജയനെ പേടിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആരും വായ തുറക്കാതിരുന്നപ്പോൾ, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ ഇടപെടാതിരുന്നതാണ് തോൽവിക്ക് ആക്കം കൂട്ടിയതെന്ന് സി.പി.ഐ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. പാവപ്പെട്ടവന്റെ വയറ്റത്തടിച്ചുകൊണ്ട് ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശ്ശിക വരുത്തി വെച്ച ഒരു സർക്കാർ, മറുവശത്ത് ധൂർത്തും ധിക്കാരവും തുടർന്നപ്പോൾ ജനങ്ങൾ കടുത്ത അമർഷത്തിലായിരുന്നു. വോട്ട് ചോദിച്ചു ചെല്ലുമ്പോൾ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി നിന്ന അണികളുടെ വേദന നേതൃത്വം കണ്ടില്ലെന്ന് നടിച്ചു. സപ്ലൈകോയിൽ ഒന്നിനും വിലക്കുറവില്ലാതെ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയപ്പോൾ അതൊന്നും ഭരണകൂടത്തെ ബാധിച്ചതേയില്ല.
ഭരണത്തിലെ ഈ വൻ പാളിച്ചകൾക്ക് പുറമെയാണ് മുന്നണിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വന്ന വലിയ അബദ്ധങ്ങൾ. ജനങ്ങൾക്ക് ഒട്ടും സ്വീകാര്യരല്ലാത്തവരേയും, പ്രാദേശികമായ ജനവികാരത്തിന് വിരുദ്ധമായും പലയിടത്തും സ്ഥാനാർത്ഥികളാക്കിയത് വലിയ തിരിച്ചടിയായി മാറി. പാർട്ടിക്ക് വേണ്ടി ചോര നീരാക്കിയവരെ മാറ്റിനിർത്തി, ആർക്കൊക്കെയോ വേണ്ടി സീറ്റുകൾ വെച്ചുനീട്ടിയപ്പോൾ ജനം അത് തിരിച്ചറിഞ്ഞു. ഇതിനെല്ലാം പുറമെയാണ് ന്യൂനപക്ഷ ഏകീകരണവും സംഘടനാ വീഴ്ചയും തോൽവിക്ക് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നത്. തങ്ങൾ എപ്പോഴും കൂടെയുണ്ടാകും എന്ന് കരുതിയ വോട്ട് ബാങ്കുകൾ പോലും സർക്കാരിന്റെ വികലമായ നയങ്ങൾ കണ്ട് കൈവിട്ടുപോയി. താഴേത്തട്ടിലെ ചർച്ചകൾ കൃത്യമായി വിലയിരുത്തിയാണ് സി.പി.ഐ ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ വെറുമൊരു ആരോപണമെന്നോ മാധ്യമ അജണ്ടയെന്നോ പറഞ്ഞ് തള്ളിക്കളയാൻ പിണറായി വിജയനോ ഗോവിന്ദൻ സഖാവിനോ കഴിയില്ല.
ഇനി സി.പി.എമ്മിന്റെ സ്വന്തം കോട്ടകളിലേക്ക് നോക്കിയാൽ അവിടെയും കഥ വ്യത്യസ്തമല്ല. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടേറിയറ്റിനും വലിയ വീഴ്ചപറ്റിയെന്നുമാണ് അവരുടെ സ്വന്തം സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. പാർട്ടി കോട്ടയെന്ന് അഹങ്കരിച്ചിരുന്ന പയ്യന്നൂരിൽ പാർട്ടിക്ക് അകത്തുണ്ടായ കടുത്ത വിഭാഗീയത തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിച്ചു. ഇത് വൻതോതിൽ പാർട്ടി വോട്ടുകൾ ചോരുന്നതിന് കാരണമായി. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തവരുടെ പേരുകൾക്ക് കൃത്യമായ പരിശോധനയില്ലാതെ അനുമതി നൽകിയ ഘട്ടത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും ഗുരുതരമായ വീഴ്ച പറ്റി എന്ന് പറയുമ്പോൾ അമ്പേ പരാജയപ്പെട്ടത് പാർട്ടി നേതൃത്വത്തിന്റെ കടുംപിടുത്തങ്ങളാണ്. പയ്യന്നൂരിലെ പരാജയത്തിൽ ആഴത്തിലുള്ള പരിശോധന വേണമെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആവശ്യം.
അതിലും നാണക്കേടായ മറ്റൊരു കാര്യം, പാർട്ടിയുടെ തലമുതിർന്ന നേതാക്കൾ തന്നെ പാർട്ടി വിട്ട് എതിർപക്ഷത്തേക്ക് ചേക്കേറി എന്നതാണ്. കണ്ണൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവും, ആലപ്പുഴയിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗവും, കൊല്ലത്തും പാലക്കാട്ടും മുൻ ജില്ലാ കമ്മിറ്റി അംഗങ്ങളുമൊക്കെ യു.ഡി.എഫ് ബാനറിൽ മത്സരിക്കാൻ പോയത് പാർട്ടിക്കെതിരായ പ്രചാരവേല ശക്തിപ്പെടാൻ ഇടയാക്കി. കാലങ്ങളായി പാർട്ടിക്ക് വേണ്ടി സംസാരിച്ചവർ തന്നെ വിരുദ്ധ ചേരിയിൽ നിന്ന് നെഞ്ചിലേക്ക് അമ്പെയ്യാൻ തുടങ്ങിയപ്പോൾ അതിനെ പ്രതിരോധിക്കാൻ സി.പി.എം നേതൃത്വത്തിന് ആയുധമില്ലാതെയായി. യു.ഡി.എഫ് സി.പി.എമ്മിനെതിരെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തിയെന്നും വർഗ്ഗീയ ശക്തികളോട് മൃദുസമീപനം സ്വീകരിച്ചെന്നും അത് ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കാൻ കാരണമായെന്നും പറഞ്ഞ് ഇപ്പോഴും രക്ഷപ്പെടാൻ നോക്കുന്നുണ്ടെങ്കിലും സ്വന്തം അണികൾക്കിടയിലെ ചോർച്ച തടയാൻ പാർട്ടിക്ക് കഴിയുന്നില്ല.
തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ വിവിധ ഘടകങ്ങളിൽ നടന്ന ചർച്ചകളിൽ അണികൾ നേതൃത്വത്തോട് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അപ്പോഴും നേതൃത്വം പറയുന്നത് എന്തെന്നാൽ, വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടിക്ക് എതിരെ ബോധപൂർവ്വം രൂപപ്പെടുത്തിയ വിമർശനങ്ങൾ അതേപോലെ അവതരിപ്പിക്കാനാണ് ഒരു വിഭാഗം പ്രവർത്തകർ പരിശ്രമിച്ചത് എന്നാണ്. സ്വന്തം തെറ്റ് സമ്മതിക്കാൻ മടിയുള്ള നേതൃത്വം ഇപ്പോഴും അണികളെ കുറ്റപ്പെടുത്തുകയാണ്. പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ മനസ്സിൽ വെച്ചാണ് ചിലർ ചർച്ചയിൽ പങ്കെടുത്തതെന്ന് കുറ്റപ്പെടുത്തുമ്പോൾ, പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാകുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളിലും ഉപജീവന മാർഗ്ഗങ്ങളിലുമുണ്ടായ ബുദ്ധിമുട്ടുകൾ കൃത്യമായി പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചകൾ തന്നെയാണ് ജനങ്ങളെ മുന്നണിയിൽ നിന്ന് അകറ്റിയത്.
ഇനി ഇതിനൊക്കെ എന്ത് ന്യായീകരണമാണ് പിണറായി വിജയന് പറയാനുള്ളത്? പാർട്ടി ഘടകങ്ങളിൽ ഉയർന്ന വിമർശനങ്ങളെയൊക്കെ റദ്ദു ചെയ്ത്, പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കി മുന്നോട്ട് പോകാനാണ് സി.പി.എം തീരുമാനമെങ്കിലും മുന്നണിയിലെ കല്ലുകടികൾ അത്ര പെട്ടെന്ന് തീരുന്നതല്ല. ജനങ്ങൾ തള്ളിക്കളഞ്ഞ ഒരു ഭരണശൈലിയെ ഇനിയും തലയിൽ ചുമന്ന് നടക്കാൻ സി.പി.ഐ തയ്യാറല്ല എന്ന കൃത്യമായ സൂചനയാണ് ഈ റിപ്പോർട്ട്. ജനങ്ങളെ വെല്ലുവിളിക്കുന്ന, അഹങ്കാരത്തിന്റെ ആ ശൈലി മാറ്റാതെ ഇടതുപക്ഷത്തിന് കേരളത്തിൽ ഇനി ഒരു തിരിച്ചറിവുണ്ടാകില്ല എന്ന് സ്വന്തം മുന്നണി തന്നെ ഉറപ്പിച്ചു പറയുമ്പോൾ ക്യാപ്റ്റൻ പദവിയിലിരിക്കുന്ന ആളും അദ്ദേഹത്തെ താങ്ങി നടക്കുന്നവരും മറുപടി പറഞ്ഞേ മതിയാകൂ. ഇനിയെങ്കിലും ജനവികാരം മാനിക്കുമോ അതോ പഴയതുപോലെ ധാർഷ്ട്യവുമായി മുന്നോട്ട് പോകുമോ എന്ന് കാത്തിരുന്ന് കാണാം.
