ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും.

ശബരിമല ശ്രീകോവില്‍പ്പാളികളില്‍ നിന്നു വേര്‍തിരിച്ചെടുത്ത സ്വര്‍ണം കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങളില്‍ പൂശാനുപയോഗിച്ചതായി സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി. ഇതേത്തുടര്‍ന്ന് 2020നു ശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സ് നേതൃത്വത്തില്‍ സ്വര്‍ണം പൂശിയ ഇതരസംസ്ഥാന ക്ഷേത്രങ്ങളില്‍ എസ്‌ഐടി പരിശോധനയാരംഭിച്ചു. എന്നാല്‍ ശബരിമലയിലെ സ്വര്‍ണം തന്നെയാണോ അവിടങ്ങളില്‍ പൂശിയതെന്നു കണ്ടെത്തുകയും അതു കോടതിയില്‍ സ്ഥാപിച്ചെടുക്കുകയും ദുഷ്‌കരമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഏതെല്ലാം ക്ഷേത്രങ്ങളിലാണ് ശബരിമലയിലെ സ്വര്‍ണം പൂശിയതെന്നത് പങ്കജ് ഭണ്ഡാരി വെളിപ്പെടുത്തിയോയെന്നതിലും വ്യക്തതയില്ല. എസ്‌ഐടി നേതൃത്വമേകുന്ന എസ്പി ശശിധരന്റെ മേല്‍നോട്ടത്തിലാണ് ഇതര സംസ്ഥാന ക്ഷേത്രങ്ങളിലെ അന്വേഷണം..കോടതി ഉത്തരവിലൂടെ പങ്കജ് ഭണ്ഡാരിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലല്ല ഈ അന്വേഷണമെന്നതു വലിയ പോരായ്‌മയാണ്. ഏതെങ്കിലും ക്ഷേത്രത്തില്‍ പൂശിയത് ശബരിമലയിലെ സ്വര്‍ണം തന്നെയാണോയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് എങ്ങനെ കണ്ടെത്താന്‍ കഴിയുമെന്നതിലും വ്യക്തതയില്ല. കൂടാതെ ഏതെങ്കിലും ക്ഷേത്രത്തില്‍ പൂശിയ സ്വര്‍ണം തൊണ്ടിയായി ഏറ്റെടുക്കാനും എസ്‌ഐടിക്കു കഴിയില്ല.. ശബരിമല ശ്രീകോവില്‍പ്പാളികളില്‍ നിന്ന് ഉദ്ദേശം 1700 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് വിഎസ്എസ്‌സിയിലെ ശാസ്ത്രീയ പരിശോധനാ കണ്ടെത്തല്‍. എസ്‌ഐടി അന്വേഷണത്തില്‍ ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധനില്‍ നിന്ന് 474.960 ഗ്രാമും സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 109 ഗ്രാമും സ്വര്‍ണമേ കണ്ടെത്തിയുള്ളൂ. എന്നാല്‍ ശബരിമലയില്‍ നിന്നു നഷ്ടമായ സ്വര്‍ണമല്ല ഇതെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് കൈമാറിയ സ്വര്‍ണത്തിന്റെ അളവിന് തത്തുല്യമായ സ്വര്‍ണം മാത്രമാണ് വീണ്ടെടുത്തത്. അതിനാല്‍ ഇതിനെതൊണ്ടിമുതലായി കണക്കാക്കാനാവില്ല. 1500 ഗ്രാം സ്വര്‍ണമെങ്കിലും ഇനിയും കണ്ടെത്തണം. ശബരിമലയില്‍ നിന്നു നഷ്ടമായ സ്വര്‍ണത്തില്‍ നല്ലൊരു ഭാഗവും മറ്റു ക്ഷേത്രങ്ങളില്‍ ഉപയോഗിച്ചെന്ന പങ്കജ് ഭണ്ഡാരിയുടെ മൊഴി ശരിയാണെങ്കില്‍ തൊണ്ടി മുതല്‍ കണ്ടെത്തിയതിനു തുല്യമായി ഇതിനെ കണക്കാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. കുറ്റപത്രം തയാറാക്കാന്‍ പര്യാപ്തമായ തെളിവാണിതെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പങ്കജ് ഭണ്ഡാരി യഥാര്‍ത്ഥത്തില്‍ ഇങ്ങനെ മൊഴി നല്‍കിയോയെന്നതില്‍ സംശയമുണ്ടെന്ന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.തൊണ്ടി മുതല്‍ എവിടെ യെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തിയ ഉത്തരമാണോ പങ്കജ് ഭണ്ഡാരിയുടേതെന്ന മട്ടില്‍ പുറത്തുവിട്ടതെന്നും സംശയമുണ്ട്. ഹൈക്കോടതിയില്‍ എസ്‌ഐടി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലേ ഇക്കാര്യം വ്യക്തമാകൂ..
ദ്വാരപാലക ശില്‍പ പാളികള്‍ അടക്കമുള്ളവയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിച്ച രാസലായനിയും എസ്‌ഐടി പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതും ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *