ബിസിനസിൽ വളർച്ചയുണ്ടാക്കാൻ പൂജ നടത്തണമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത ജ്യോത്സ്യനെതിരെ കേസ്. കുമ്പൽഗോഡു സ്വദേശിയായ മോഹൻകുമാറിനെതിരെ (38) ബ്യൂട്ടീഷ്യനായ 34കാരിയാണ് പരാതി നൽകിയത്.യുവതി നടത്തുന്ന ബ്യൂട്ടീഷ്യൻ അക്കാദമിയിൽ സഹോദരിക്ക് പ്രവേശനത്തിനെന്ന പേരിലെത്തി പരിചയപ്പെട്ട മോഹൻ കുമാർ പിന്നീട് അടുപ്പം സ്ഥാപിക്കുകയായിരുന്നു. താൻ ജ്യോതിഷിയും രോഗശാന്തിക്കാരനുമാണെന്ന് വിശ്വസിപ്പിച്ച ഇയാൾ ബിസിനസ് മെച്ചപ്പെടുത്താൻ പൂജകൾ വേണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു.ഫെബ്രുവരിയിൽ യുവതിയുടെ വീട്ടിലെത്തിയ പ്രതി, ഒരു മണിക്കൂർ മരത്തിന് ചുറ്റും നടക്കണമെന്ന് പറഞ്ഞ് ഭർത്താവിനെയും മകനെയും അടുത്തുള്ള പാർക്കിലേക്ക് പറഞ്ഞുവിട്ടു. തുടർന്ന് വീട്ടിൽ തനിച്ചായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോൾ ദുർമന്ത്രവാദം നടത്തി കുടുംബത്തെ നശിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.പീഡനത്തെത്തുടർന്ന് മാനസികമായി തകർന്ന യുവതി കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പീഡനവിവരം പുറംലോകമറിഞ്ഞത്. ഒളിവിൽ പോയ മോഹൻ കുമാറിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
പൂജയുടെ മറവിൽ പീഡനം; ജ്യോത്സ്യനെതിരെ കേസ്;
