കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ. കേസിലെ അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപിക്കുന്ന സമിതി, ഇതിൽ പ്രതിഷേധിച്ച് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും സംയുക്തമായാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരരംഗത്തിറങ്ങുന്നത്.
നിലവിൽ ഒളിവിൽ കഴിയുന്ന ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ മാത്രമല്ല ഈ കേസിൽ കുറ്റക്കാരെന്നും കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സമിതിയുടെ പ്രധാന ആവശ്യം. ഭാവിയിൽ ഒരു ഡോക്ടറാകേണ്ടിയിരുന്ന മിടുക്കനായ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയതാണെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതാണെന്നും ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
