കുറഞ്ഞ വിലയിൽ വൺപ്ലസും ഓപ്പോയും വാങ്ങുന്നവർ സൂക്ഷിക്കുക! 

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഓപ്പോ, വൺപ്ലസ്, റിയൽമി എന്നിവയുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചിരുന്ന വൻ സംഘത്തെ ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടി. ഡൽഹിയിലെ കരോൾബാഗ്, മോതി നഗർ എന്നിവിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരത് റാം, ഗൗതം കുമാർ എന്നിവരാണ് പിടിയിലായത്.

രണ്ട് ഗോഡൗണുകളിലും ഒരു ഫാക്ടറിയിലുമായി നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് വ്യാജ ഇയർബഡുകൾ, ചാർജറുകൾ, അഡാപ്റ്ററുകൾ, പാക്കിംഗ് ബോക്സുകൾ എന്നിവ കണ്ടെടുത്തു. പ്രമുഖ ബ്രാൻഡുകളുടെ ലോഗോ പതിപ്പിക്കാൻ ഉപയോഗിച്ചിരുന്ന എട്ട് പ്രിന്റിംഗ് മെഷീനുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ചൈനയിൽ നിന്ന് ബ്രാൻഡില്ലാത്ത ആക്‌സസറികൾ ഇറക്കുമതി ചെയ്ത്, അവ പ്രമുഖ കമ്പനികളുടേതെന്ന വ്യാജേന പാക്ക് ചെയ്താണ് സംഘം വിതരണം ചെയ്തിരുന്നത്.കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ഒറിജിനാലിറ്റി പരിശോധിക്കണമെന്ന് പോലീസ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്റ്റോറുകളിൽ നിന്നോ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നോ മാത്രം സാധനങ്ങൾ വാങ്ങുക. പാക്കേജിംഗിലെ പ്രിന്റിംഗ് ഗുണനിലവാരം, ലോഗോയിലെ കൃത്യത എന്നിവ ശ്രദ്ധിക്കുന്നതിനൊപ്പം ഐഎംഇഐ നമ്പറോ സീരിയൽ നമ്പറോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റുമായി ഒത്തുനോക്കി ഉറപ്പുവരുത്തണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. സംഭവത്തിൽ വ്യാജ പാക്കേജിംഗ് സാമഗ്രികൾ എത്തിച്ചു നൽകിയിരുന്ന അമിത് മിശ്ര എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *