കമലേശ്വരം കൺവെൻഷൻ സെന്റർ കരാറിൽ ആര്യ രാജേന്ദ്രനെതിരെ അഴിമതി ആരോപണം; അന്വേഷണം

തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള കമലേശ്വരം കൺവെൻഷൻ സെന്ററിന്റെ കരാർ നൽകിയതിൽ അഴിമതി നടന്നെന്ന ആരോപണത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ അന്വേഷണം. മേയർ വി.വി രാജേഷാണ് ഇത് സംബന്ധിച്ച് കോർപ്പറേഷൻ സെക്രട്ടറി ബിനിക്ക് അന്വേഷണ ചുമതല നൽകിയത്. അടുത്ത കൗൺസിൽ യോഗത്തിൽ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കും.

ഭരണപക്ഷത്തെ വി.ജി ഗിരിക്കുമാറാണ് കൗൺസിൽ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്. കോർപ്പറേഷന്റെ ആസ്തികൾ ലേലം ചെയ്യേണ്ട ധനകാര്യ സ്ഥിരം സമിതിയെ മറികടന്ന് എൻജിനീയറിംഗ് വിഭാഗം വഴി കരാർ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഭരണസമിതിയിൽ ധനകാര്യ സമിതിയിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നത് കണക്കിലെടുത്ത് മനഃപൂർവം സമിതിയെ ഒഴിവാക്കി വളഞ്ഞ വഴിയിലൂടെ കരാർ നടപ്പിലാക്കിയെന്നാണ് ആരോപണം.അഞ്ച് ഉദ്യോഗസ്ഥർ മണിക്കൂറുകൾക്കുള്ളിൽ ഫയൽ കണ്ട് തീരുമാനമെടുത്തപ്പോൾ സെക്രട്ടറി ഈ ഫയൽ കണ്ടിട്ടുപോലുമില്ലെന്നും ഗിരിക്കുമാർ ചൂണ്ടിക്കാട്ടി. കോർപ്പറേഷന്റെ ആസ്തികളെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് കെ.എസ് ശബരീനാഥ് യോഗത്തിൽ ആവശ്യപ്പെട്ടു. കോർപ്പറേഷനിലെ സ്ഥിരം, കരാർ ജീവനക്കാരുടെ കൃത്യമായ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നും അനധികൃത നിയമനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *