സത്യപ്രതിജ്ഞയ്ക്ക് മുൻപേ കൈയ്യടി നേടി വി.ഡി സതീശൻ

,എനിക്ക് പുതിയ ഔദ്യോഗിക വാഹനം വേണ്ട… വലിയ പത്രാസോടെ റോഡിലൂടെ പോയാൽ ആളുകൾ എന്നെ ഉള്ളിൽ കളിയാക്കി ചിരിക്കും…”
​ഭരണം ഏറ്റെടുക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഒരു നിയുക്ത മുഖ്യമന്ത്രി ഇങ്ങനെ പറയണമെങ്കിൽ, അയാൾ വരുന്നത് വെറുമൊരു ഭരണം നടത്താൻ മാത്രമല്ല. പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് 102 സീറ്റുകളുമായി യുഡിഎഫ് തിരുവനന്തപുരത്തേക്ക് വണ്ടി കയറുമ്പോൾ, അവിടെ കസേരകളേക്കാൾ വലിയ ചില രാഷ്ട്രീയ കൊടുങ്കാറ്റുകളാണ് രൂപപ്പെടുന്നത്.
​ഒരു വശത്ത്, ഒരു വോട്ട് പോലും തങ്ങൾക്ക് കിട്ടാതിരിക്കാൻ എതിരാളികൾ കെട്ടഴിച്ചുവിട്ട വർഗീയ ചാപ്പയടികളെ ,നിലപാടുകൾ കൊണ്ട് വെട്ടിനിരത്തിയ വി.ഡി. സതീശൻ. മറുവശത്ത്, നാല് മന്ത്രിമാരെ ഉറപ്പിച്ച് അഞ്ചാം പദവിക്കായി ചർച്ച മുറുക്കുന്ന മുസ്ലിം ലീഗ്. ഇതിനെല്ലാമപ്പുറം, തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്ന് ഒരു പ്രത്യേക അതിഥി കൂടി വണ്ടി കയറുന്നുണ്ട്… മറ്റാരുമല്ല, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്!
​എന്താണ് വരാനിരിക്കുന്ന സതീശൻ സർക്കാരിന്റെ യഥാർത്ഥ അജണ്ട? കേരള രാഷ്ട്രീയം ഇനി ഏത് വഴിക്കാണ് തിരിയുന്നത്? കൃത്യമായി വിശകലനം ചെയ്യാം…
നമുക്കറിയാം, ഈ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെ തകർക്കാൻ രാഷ്ട്രീയ എതിരാളികൾ പ്രയോഗിച്ച ഏറ്റവും വലിയ ആയുധം എന്തായിരുന്നു? അത് മുസ്ലിം ലീഗിനെ വല്ലാതെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളായിരുന്നു. ഒരു വിദ്വേഷ ക്യാമ്പയിൻ കേരളത്തിൽ ഉണ്ടാക്കി, ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് നാല് വോട്ട് നേടാൻ ചില കോണുകളിൽ നിന്ന് വലിയ ശ്രമം നടന്നു. എന്നാൽ അന്ന് വി.ഡി. സതീശൻ കേരളത്തിന്റെ പൊതുസമൂഹത്തോട് ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യൻ യൂണിയൻ ,മുസ്ലിം ലീഗ് ദുർബലമായാൽ ആ സ്പേസ് ആര് കൊണ്ടുപോകും?” വർഗീയ ശക്തികൾ ആ സ്പേസ് കൊണ്ടുപോകും! അതിനെ തടുത്തു നിർത്തുന്ന ഒരു പൊളിറ്റിക്കൽ പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
​യഥാർത്ഥത്തിൽ, ഈ ചാപ്പേട് രാഷ്ട്രീയം സഖാക്കൾ തുടങ്ങിവെച്ചതാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. വടകരയിൽ ഷാഫി പറമ്പിലിനെതിരെയും, തുടർന്ന് പേരാമ്പ്രയിലും മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് നിരന്തരം ഈ വർഗീയ ചിത്രീകരണം നടന്നു. സിപിഎം തുടങ്ങിവെച്ചതിനെ പിന്നീട് സംഘപരിവാർ ഏറ്റുപിടിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. എന്നാൽ ഈ രാജ്യം നേരിട്ട പല പോരാട്ടങ്ങളിലും ബ്രിട്ടീഷുകാരന്റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചു നിന്ന ചരിത്രമാണ് മുസ്ലിം ലീഗിനുള്ളത്. ഭരണഘടന ഉയർത്തിപ്പിടിച്ച്, തീവ്രവാദ ശക്തികൾക്ക് തടയിടാൻ മുന്നിൽ നിന്ന ഒരു പ്രസ്ഥാനത്തെ നാല് വോട്ടിന് വേണ്ടി അധിക്ഷേപിച്ചപ്പോൾ സതീശൻ അതിനെയെല്ലാം ശക്തമായി പ്രതിരോധിച്ചു. “നാല് വോട്ടിന് വേണ്ടി ഒരുത്തന്റെ മുന്നിലും മുട്ടുമടക്കില്ല” എന്ന ആർജ്ജവമുള്ള നിലപാടാണ് സതീശൻ എടുത്തത്. പിണറായി വിജയനും വി.ഡി സതീശനും ഒക്കെ അധികകാലം ഉണ്ടാവില്ല, പക്ഷേ നമ്മുടെ മക്കളും കൊച്ചുമക്കളും സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു മതേതര കേരളം ഇവിടെ ഉണ്ടാകണം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സാധാരണക്കാരായ ജനങ്ങളുടെ ഹൃദയത്തിലാണ് തൊട്ടത്. അതിന്റെ ഫലമാണ് ഇന്ന് നമ്മൾ കാണുന്ന ഈ വലിയ വിജയം.

     അധികാരത്തിൽ ഏറുന്നതിന് തൊട്ടുമുൻപ് തന്നെ ജനങ്ങളുടെ കൈയ്യടി നേടുന്ന മറ്റൊരു മാതൃകാപരമായ നിലപാടും വി.ഡി സതീശൻ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്താണ്? കടുത്ത സാമ്പത്തിക പ്രതിസന്ധി! ഇത് പരിഗണിച്ച് തനിക്ക് പുതിയ ഔദ്യോഗിക വാഹനം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തുറന്നുപറഞ്ഞു കഴിഞ്ഞു. സംസ്ഥാന ഖജനാവ് കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഭരണകൂടം ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ ജീവിതശൈലി പിന്തുടരണമെന്നാണ് അദ്ദേഹം ഓർമ്മിപ്പിക്കുന്നത്. പുതിയ കാർ വാങ്ങാൻ തീരുമാനിച്ചാൽ അത് ഭരണസംവിധാനത്തിന് തെറ്റായ സന്ദേശം നൽകും. സാമ്പത്തികനില വഷളായിരിക്കുന്ന സമയത്ത് ആർഭാടങ്ങൾ പരമാവധി കുറച്ച് നമ്മൾ ചില മാതൃകകൾ സൃഷ്ടിക്കണം.

​അദ്ദേഹത്തിന്റെ വാക്കുകൾ നോക്കൂ: “നിലവിലുള്ള കാർ തന്നെയാകും ഞാൻ ഉപയോഗിക്കുക, അതിന്റെ നിറമൊന്നും ഞാൻ നോക്കില്ല. വലിയ ആർഭാടത്തോടെയും പത്രാസോടെയും റോഡിലൂടെ പോയാൽ ആളുകൾ എന്നെ ഉള്ളിൽ കളിയാക്കി ചിരിക്കും, ഞാൻ അത്രയ്ക്കൊന്നും ആയിട്ടില്ല.” എത്ര ലളിതവും വൈകാരികവുമായ പ്രതികരണമാണിത്! നമ്മൾ പത്രാസും ആർഭാദവും കാണിച്ചാൽ താഴെയുള്ളവരും അത് ചെയ്യും. അതിനുള്ള ശേഷി നിലവിൽ കേരളത്തിന്റെ ഖജനാവിനില്ലെന്ന് അദ്ദേഹം യാഥാർത്ഥ്യബോധത്തോടെ തുറന്നുപറയുന്നു. മുൻപ് പോയവരെയൊന്നും താൻ പരിഹസിക്കുകയല്ലെന്നും അവർക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നിരിക്കാമെന്നും പറയാൻ അദ്ദേഹം മടിച്ചില്ല. കാർ മാത്രമല്ല, താൻ പോകുന്ന വഴിയിൽ പൊതുജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കരുതെന്ന് പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിരലിൽ എണ്ണാവുന്നതിൽ താഴെ വാഹനങ്ങൾ മാത്രമേ തന്റെ അകമ്പടിക്കായി പാടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ഒരുപോലെ മാതൃകയാകാൻ ആർഭാടങ്ങൾ ഒഴിവാക്കിയുള്ള ഈ ലളിത ശൈലി അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് കേരളത്തിന് ലഭിക്കാൻ പോകുന്നത്.
ഇനി വരാനിരിക്കുന്ന മന്ത്രിസഭയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിലെ ചർച്ചകളിലേക്ക് വരാം. ലീഗിൽ നാല് മന്ത്രിമാരുടെ കാര്യത്തിൽ ഇപ്പോൾ പ്രാഥമിക ധാരണയായിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരെയാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. എന്നാൽ അഞ്ചാം മന്ത്രി പദവിയെച്ചൊല്ലി ചില ചർച്ചകൾ ഇപ്പോഴും സജീവമാണ്.
അഞ്ചാമത് മന്ത്രിസ്ഥാനത്തിനായി കാസർകോട് നിന്ന് എ.കെ.എം. അഷ്റഫും കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുള്ളയുമാണ് പരിഗണനയിലുള്ളത്. ആറ് എംഎൽഎമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ജില്ലാ കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. അവർ മുന്നോട്ട് വെക്കുന്നത് ജില്ലാ പ്രസിഡന്റ് എം.എ. റസാഖിന്റെ പേരാണ്. അതേസമയം, മൂന്നാം തവണയും വിജയിച്ച ആബിദ് ഹുസൈൻ തങ്ങളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന സമ്മർദ്ദവും ശക്തമാണ്. എന്നാൽ ആബിദ് തങ്ങൾ കൂടി വന്നാൽ നാല് മന്ത്രിമാരും മലപ്പുറം ജില്ലയിൽ നിന്നാകും എന്നത് മറ്റു ജില്ലകളിൽ പ്രതിഷേധത്തിന് ഇടയാക്കിയേക്കാം എന്ന പരിമിതിയുണ്ട്. കളമശ്ശേരി എംഎൽഎ വി.ഇ. ഗഫൂറിന്റെ പേരും ചർച്ചയിലുണ്ടെങ്കിലും സാധ്യത കുറവാണ്. എങ്കിലും, അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ലീഗിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൂർണ്ണ പിന്തുണ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

   ഇനി വരാനിരിക്കുന്നത് തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആ മഹാവിസ്മയമാണ്! വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെറുമൊരു ചടങ്ങല്ല, അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വമ്പൻ നേതാക്കളുടെ ഒരു മഹാസംഗമമായി മാറാൻ പോവുകയാണ്. വി.ഡി സതീശന്റെ പ്രത്യേക നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് അതിഥികൾക്കുള്ള ക്ഷണക്കത്ത് അയച്ചിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായ ക്ഷണം തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കാണ്.

​തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം വിജയ് പങ്കെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അന്തർസംസ്ഥാന പരിപാടിയാണിത്. തമിഴ്‌നാട്ടിൽ കോൺഗ്രസുമായി സഖ്യം രൂപീകരിച്ച വിജയ്‌യുടെ പാർട്ടി ആയ ടിവികെ (TVK), കേരളത്തിലും പ്രവർത്തനം വിപുലീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയ്‌യുടെ ഈ വരവ് രാഷ്ട്രീയമായി ഏറെ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് പുറമെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും ചടങ്ങിലെത്തും. കൂടാതെ ജമ്മു കശ്മീരിൽ നിന്ന് ഉമർ അബ്ദുള്ള, ജാർഖണ്ഡിൽ നിന്ന് ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശിൽ നിന്ന് സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും അതിഥി പട്ടികയിലുണ്ടാകുമെന്നാണ് സൂചന. ദേശീയ തലത്തിൽ നിന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ എഐസിസി ഉന്നത നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.
പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചാണ് 102 സീറ്റുകളുടെ കരുത്തുമായി വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിലെത്തുന്നത്. ആർഭാടങ്ങൾ ഒഴിവാക്കിയും, മതേതരത്വത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും മുന്നോട്ട് പോകാൻ തയ്യാറെടുക്കുന്ന ഈ പുതിയ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *