തുടർച്ചയായ 10 വർഷത്തെ ഭരണത്തിന് ശേഷം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധികാര കൈമാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. മുൻ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതോടെ ഇരുവരുടെയും പദവികളും ശമ്പളവും ആനുകൂല്യങ്ങളും പരസ്പരം വെച്ചുമാറപ്പെടും. ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവായി സഭയിലെത്തുന്ന പിണറായി വിജയന് ഇനി മുതൽ പ്രതിമാസം 97,429 രൂപയായിരിക്കും ആകെ ശമ്പളമായി ലഭിക്കുക. ഇതിൽ 2,000 രൂപ അടിസ്ഥാന ശമ്പളവും, 38,429 രൂപ ക്ഷാമബത്തയും (DA), 40,000 രൂപ മണ്ഡലം അലവൻസും, 17,000 രൂപ യാത്രാ അലവൻസും ഉൾപ്പെടുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ആകർഷകമായ മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങളും പിണറായി വിജയന് ലഭിക്കും. ഔദ്യോഗിക വസതി, പ്രത്യേക കാർ, പൈലറ്റ് വാഹനം എന്നിവയ്ക്ക് പുറമെ അദ്ദേഹത്തിനും കുടുംബത്തിനും പൂർണ്ണ ചികിത്സാ പരിരക്ഷയും സർക്കാർ ഉറപ്പുനൽകുന്നുണ്ട്. കൂടാതെ വാഹനങ്ങൾ വാങ്ങുന്നതിനായി 10 ലക്ഷം രൂപയും, ഭവന നിർമ്മാണ ആവശ്യങ്ങൾക്കായി 20 ലക്ഷം രൂപയും മുൻകൂർ വായ്പയായി കൈപ്പറ്റാനും പ്രതിപക്ഷ നേതാവിന് അവകാശമുണ്ടായിരിക്കും.അതേസമയം, പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് പ്രതിമാസം അടിസ്ഥാന ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ ഏകദേശം 1,85,000 രൂപ ശമ്പളമായി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരിക്കും ഇനി അദ്ദേഹത്തിന്റെ താമസം. 24 മണിക്കൂറും കനത്ത സുരക്ഷയുള്ള വസതിക്ക് പുറമെ ഔദ്യോഗിക യാത്രകൾക്കായി പ്രത്യേക വാഹനങ്ങളും പൈലറ്റ്-എസ്കോർട്ട് അകമ്പടിയും വിമാന-ട്രെയിൻ യാത്രകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂർണ്ണ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം, അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ആജീവനാന്ത പെൻഷനും അദ്ദേഹത്തിന് ലഭിക്കുന്നതായിരിക്കും.
