മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലെ ഇ.ഡി പരിശോധനയെത്തുടർന്ന് സി.പി.ഐ.എം നടത്തുന്ന പ്രതിഷേധ സമരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ഈ പ്രതിഷേധങ്ങൾ പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ലെന്നും മറിച്ച് പൊതുമുതൽ നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇഡിയെ കോൺഗ്രസിനും വിശ്വാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വസിക്കാൻ കൊള്ളാത്തവരാണ് ഇഡിയെന്നും, അവർ നാളെ സെക്രട്ടേറിയറ്റിലും കയറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം കാണാതായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ശബരിമലയിലായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലായാലും ക്ഷേത്രമുതൽ കവരുന്നത് കള്ളത്തരമാണെന്നും ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം കാണാതായ വിഷയത്തിൽ ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയെന്നും, അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് ഉറപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി തുടര്‍ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
