കേരളത്തിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥയെക്കുറിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ സംസ്ഥാനത്ത് ഉടനീളം നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണകൂടം ഇവിടെ ബാക്കിവെച്ചുപോയ സാമ്പത്തിക തകർച്ചയുടെയും കടക്കെണിയുടെയും ആഴം എത്രത്തോളമാണെന്ന് ഓരോ മലയാളിയും വസ്തുതാപരമായി മനസ്സിലാക്കേണ്ടതുണ്ട്. “ഭരണം മാറി ഇറങ്ങിപ്പോകുമ്പോൾ കേരളത്തിലെ ഖജനാവ് നിറഞ്ഞു കിടക്കുകയായിരുന്നു, പൂച്ച പെറ്റു കിടക്കുകയല്ലായിരുന്നു” എന്ന് എൽഡിഎഫ് നേതാവ് എ.എ. റഹീം ഇപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് തൊണ്ടപൊട്ടി വാദിക്കുമ്പോൾ, പുറത്തുവരുന്ന ഔദ്യോഗിക കണക്കുകളും കേന്ദ്ര ഏജൻസികളുടെ അന്വേഷണ വിവരങ്ങളും ആ വാദങ്ങളെ പൂർണ്ണമായി പൊളിച്ചടുക്കുകയാണ് ചെയ്യുന്നത്.
യഥാർത്ഥത്തിൽ എന്താണ് കേരളത്തിലെ ഖജനാവിന്റെ ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥ? കഴിഞ്ഞ മെയ് 12-ന് സംസ്ഥാനത്തെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ഏറ്റവും അടിയന്തിരമായ ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്താനായി മാത്രം കേരളത്തിന് 2,800 കോടി രൂപ വിപണിയിൽ നിന്ന് കടമെടുക്കേണ്ടി വന്നിരുന്നു. ഏഴു വർഷം, പതിനൊന്നു വർഷം, പതിനാറു വർഷം വരെയുള്ള വിവിധ തിരിച്ചടവ് കാലാവധികളിലാണ് ഈ തുക അന്ന് അടിയന്തിരമായി വിപണിയിൽ നിന്ന് സമാഹരിച്ചത്. ഇതോടെ ഈ നടപ്പ് സാമ്പത്തിക വർഷത്തെ മാത്രം കേരളത്തിന്റെ പൊതുകടം ഇതിനകം തന്നെ 6,600 കോടി രൂപയായി കുതിച്ചുയർന്നിരിക്കുകയാണ്. എൽഡിഎഫ് നേതാക്കൾ പറയുന്നതുപോലെ ഖജനാവ് നിറഞ്ഞിരിക്കുകയാണെങ്കിൽ, എന്തിനാണ് ഏറ്റവും അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി പോലും ഇത്രയും വലിയ തുക തുടർച്ചയായി കടമെടുക്കേണ്ടി വരുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഇവർക്ക് ആർക്കും സാധിക്കുന്നില്ല.
ഈ വലിയ പ്രതിസന്ധി അവിടെയും തീരുന്നില്ല. ദൈനംദിന ചിലവുകൾ മുന്നോട്ട് കൊണ്ടുപോകാൻ ഒരു രൂപ പോലും ഇല്ലാത്ത കടുത്ത ലിക്വിഡിറ്റി ക്രഞ്ച് അഥവാ കടുത്ത പണരാഹിത്യമാണ് മുൻ സർക്കാർ ഇവിടെ വരുത്തിവെച്ചിരിക്കുന്നത്. ഇത് താൽക്കാലികമായി പരിഹരിക്കാൻ ഇപ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഇ-കുബേർ’ പോർട്ടൽ വഴി വീണ്ടും 1,800 കോടി രൂപ വായ്പ എടുക്കാൻ അപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. എന്താണ് ഈ ഇ-കുബേർ സംവിധാനം എന്ന് സാധാരണക്കാരായ ജനങ്ങൾ കൃത്യമായി മനസ്സിലാക്കണം. ഇതൊരു സാധാരണ രീതിയിലുള്ള ദീർഘകാല വായ്പയല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പെട്ടെന്ന് പണത്തിന് വലിയ ക്ഷാമം അനുഭവപ്പെടുമ്പോൾ, താൽക്കാലികമായി ആ ആവശ്യം നിർവഹിക്കാൻ വേണ്ടി ഗവൺമെന്റ് സെക്യൂരിറ്റികൾ റിസർവ് ബാങ്കിന്റെ കൗണ്ടറിൽ കൊണ്ടുപോയി പണയം വെച്ച് പണമെടുക്കുന്ന പ്രത്യേക സംവിധാനമാണിത്.
നമ്മൾ അടിയന്തിര ഘട്ടങ്ങളിൽ വീട്ടിലെ സ്വർണ്ണം പണയം വെച്ച് പണമെടുക്കുന്നത് പോലെ, എൽഡിഎഫ് വരുത്തിവെച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ബോണ്ടുകൾ പണയം വെക്കേണ്ടി വരുന്നു. ഖജനാവിൽ 4,573 കോടി രൂപ കെട്ടിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു എന്ന എൽഡിഎഫിന്റെ വാദം പൂർണ്ണമായും പച്ചക്കള്ളമാണെന്നും, ഖജനാവ് ശൂന്യമാണ് എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞ വാക്കുകളാണ് നൂറു ശതമാനം സത്യമെന്നും ഈ ഇ-കുബേർ വായ്പാ അപേക്ഷയിലൂടെ വ്യക്തമാകുന്നു. ജനങ്ങളെ പച്ചയ്ക്ക് പറ്റിക്കുന്ന ഇത്തരം കള്ളക്കണക്കുകൾ നിരത്തിയാണ് എൽഡിഎഫ് ഇത്രയും കാലം ഭരണം നടത്തിയത്.
എങ്ങനെയാണ് നമ്മുടെ കേരളം ഇത്ര വലിയൊരു കടക്കെണിയിലേക്ക് വീണത്? അതിന് ഒരേയൊരു കാരണമേയുള്ളൂ—മുൻ എൽഡിഎഫ് സർക്കാരിന്റെയും തോമസ് ഐസക്കിന്റെയും തെറ്റായ സാമ്പത്തിക നയങ്ങളും ‘കിഫ്ബി’ (KIIFB), സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ഫണ്ട് തുടങ്ങിയ സമാന്തര ഭരണ സംവിധാനങ്ങളുമാണ്. ബജറ്റിന് പുറത്തുനിന്നും കിഫ്ബി വഴിയും പെൻഷൻ ഫണ്ട് വഴിയും കോടികൾ കടമെടുത്ത്, അത് സംസ്ഥാനത്തിന്റെ ഔദ്യോഗിക കടമായി കൂട്ടേണ്ടതില്ല എന്ന വിചിത്ര വാദമാണ് പിണറായി സർക്കാർ സുപ്രീം കോടതി വരെ പോയി ഉന്നയിച്ചത്. കിഫ്ബിയുടെ മസാല ബോണ്ടുകളിൽ വിദേശ നിക്ഷേപകർ പണം മുടക്കിയത് അത് ‘സോവറിൻ ഗ്യാരന്റി’ ഉള്ള ബോണ്ടുകൾ ആയതുകൊണ്ടാണ്. അതായത്, നാളെ സംസ്ഥാന സർക്കാർ പൊട്ടിയാലും ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര ഗവൺമെന്റിന് അത് തിരിച്ചു കൊടുക്കേണ്ടി വരും എന്ന ഉറപ്പിലാണ് ആളുകൾ പണം നിക്ഷേപിച്ചത്.
ഇതുതന്നെയാണ് സിഎജിയും ആർബിഐയും കേന്ദ്ര ധനവകുപ്പും ഒരേ സ്വരത്തിൽ ചൂണ്ടിക്കാണിച്ച കാര്യം. കിഫ്ബി വഴി എടുക്കുന്ന കടം ബജറ്റിന് പുറത്തല്ല, അത് ബജറ്റിനകത്തുള്ള കടമായി തന്നെ കണക്കാക്കണമെന്ന് അവർ പറഞ്ഞു. അല്ലാത്തപക്ഷം സംസ്ഥാനം പൂർണ്ണമായ തകർച്ചയിലേക്ക് പോകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. അത്രമാത്രമല്ല, ജനങ്ങളിൽ നിന്ന് പിരിക്കുന്ന പെട്രോളിയം സെസും, മോട്ടോർ വെഹിക്കിൾ ടാക്സിന്റെ 50 ശതമാനവും ഖജനാവിലേക്ക് വിടാതെ നേരിട്ട് കിഫ്ബിയുടെ അക്കൗണ്ടിലേക്ക് മാറ്റുന്ന വിദ്യയാണ് തോമസ് ഐസക് ചെയ്തത്. സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും ഇത് ബജറ്റിനകത്ത് വരേണ്ട പണമാണെന്ന്. നിയമങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ഈ കടമെടുപ്പാണ് കേരളത്തെ ഇന്നിപ്പോൾ വലിയൊരു തകർച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ബജറ്റിന് പുറത്തുകൂടി വൻതോതിൽ കടമെടുത്ത പണം എവിടെപ്പോയി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്തുവരുന്ന ഇഡി (Enforcement Directorate) റെയ്ഡുകളുടെ സൂചനകൾ വ്യക്തമാക്കുന്നത്! കിഫ്ബിയുടെ മറവിലും മസാല ബോണ്ട് ഇടപാടുകളിലും വൻതോതിൽ വിദേശ നാണ്യ വിനിമയ ചട്ട ലംഘനങ്ങളും (FEMA) കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്ന ശക്തമായ സംശയത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോൾ കിഫ്ബി ആസ്ഥാനത്തും അതുമായി ബന്ധപ്പെട്ട ഉന്നതരിലേക്കും അന്വേഷണവും റെയ്ഡുകളും വ്യാപിപ്പിക്കുന്നത്.
ജനങ്ങളുടെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിച്ച്, വരുംതലമുറയെ പണയം വെച്ച് കിഫ്ബി വഴി സമാഹരിച്ച കോടികൾ എങ്ങോട്ടാണ് മറിഞ്ഞത്? വികസനത്തിന്റെ പേരിൽ നടന്ന ഈ സമാന്തര കടമെടുപ്പിൽ വൻ അഴിമതിയും കമ്മീഷൻ ഇടപാടുകളും നടന്നിട്ടുണ്ടെന്ന യാഥാർത്ഥ്യമാണ് ഇഡി റെയ്ഡുകളിലൂടെ ഇപ്പോൾ പുറത്തുവരുന്നത്. ഒരു വശത്ത് ധൂർത്തും മറുവശത്ത് വൻ കൊള്ളയും നടത്തിയതിന്റെ ഫലമായാണ് കേരളം ഇന്ന് ശമ്പളം കൊടുക്കാൻ പോലും റിസർവ് ബാങ്കിന്റെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയിൽ എത്തിയത്. നാടിയുടെ വികസനത്തിനല്ല, മറിച്ച് തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങൾക്കും അഴിമതിക്കുമാണ് ഈ പണം വിനിയോഗിക്കപ്പെട്ടത് എന്ന് തെളിയുന്നതാണ് ഈ റെയ്ഡുകൾ.
ഇപ്പോൾ സിഎജിയുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ കേരളത്തിന്റെ ആകെ കടം 6 ലക്ഷം കോടി രൂപയാണ്! സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) 43.04 ശതമാനമാണ് ഈ കടബാധ്യത. രാജ്യത്തെ ധനഉത്തരവാദിത്ത നിയമപ്രകാരം ) ഇത് വെറും 29 ശതമാനത്തിൽ നിൽക്കേണ്ടതാണ്. നമ്മുടെ മക്കൾക്കും വരുംതലമുറയ്ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിന് പകരം, അവരെ വലിയൊരു കടക്കെണിയിലേക്ക് തള്ളിയിട്ടാണ് എൽഡിഎഫ് ഭരണം അവസാനിപ്പിച്ചത്. വരുംതലമുറയെ ഇടിച്ചുതാഴ്ത്തി അവരെ ദ്രോഹിക്കുന്ന നയമാണ് എൽഡിഎഫ് സ്വീകരിച്ചത്.
എന്നാൽ ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും കേരളത്തിലെ ജനങ്ങൾക്ക് പ്രത്യാശ നൽകുന്നത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വമാണ്. മുൻ സർക്കാരിനെപ്പോലെ കേന്ദ്രത്തോടും ആർബിഐയോടും വെറുതെ രാഷ്ട്രീയ സംഘർഷമുണ്ടാക്കി സംസ്ഥാനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ ഈ യുഡിഎഫ് സർക്കാർ മുതിരില്ല. മുഖ്യമന്ത്രി വി.ഡി. സതീശന് കേരളത്തിന്റെ ധനപ്രതിസന്ധിയെക്കുറിച്ചും അതിന്റെ കൃത്യമായ കാരണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. എൽഡിഎഫിന്റെ കാലത്ത് ഒരു പാരലൽ ഗവൺമെന്റ് പോലെ പ്രവർത്തിച്ച കിഫ്ബിയെ അതേപടി അഴിമതി നടത്താൻ അദ്ദേഹം അനുവദിക്കില്ല. കിഫ്ബി എന്ന ഇൻസ്ട്രുമെന്റ് ഒരുപക്ഷേ തുടർന്നേക്കാം, പക്ഷേ അതുവഴി എടുക്കുന്ന കടങ്ങൾ പൂർണ്ണമായും സുതാര്യമായി ബജറ്റിന്റെ പരിധിക്കുള്ളിൽ നിർത്തിക്കൊണ്ട് മാത്രമായിരിക്കും. അന്വേഷണ ഏജൻസികളോട് പൂർണ്ണമായി സഹകരിച്ച് അഴിമതിക്കാരെ പുറത്തുകൊണ്ടുവരാനും ഈ സർക്കാർ ഭയക്കില്ല. വരുംതലമുറയെ കടക്കണിയിലാക്കാതെ, കൃത്യമായ ധനമാനേജ്മെന്റിലൂടെയും സുതാര്യമായ ഭരണത്തിലൂടെയും കേരളത്തെ ഈ വലിയ സാമ്പത്തിക ദുരന്തത്തിൽ നിന്ന് യുഡിഎഫ് സർക്കാർ കരകയറ്റുക തന്നെ ചെയ്യും. എൽഡിഎഫിന്റെ ധൂർത്തിന്റെയും കൊള്ളയുടെയും കാലം കഴിഞ്ഞു, ഇനി സുതാര്യമായ ജനപ്രിയ വികസനത്തിന്റെ കാലമാണ്.
