തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ ദാരുണമായി കൊല്ലപ്പെട്ടു. അപ്രതീക്ഷിതമായി പടർന്നുപിടിച്ച തീയോട് മല്ലിട്ട് രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ 63 പേർക്ക് പരിക്കേറ്റതായും ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമാണെന്നും അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തീ വളരെ വേഗത്തിൽ സീലിംഗിലേക്ക് പടരുകയായിരുന്നുവെന്ന് ബാങ്കോക്ക് ഗവർണർ ചാഡ്ചർട്ട് സിറ്റിപന്ത് വ്യക്തമാക്കി. തീജ്വാലകളെക്കാൾ വില്ലനായത് വിഷപ്പുകയായിരുന്നു.രക്ഷപ്പെടാൻ വഴിതേടി ഓടിയവരിലേറെയും എത്തിപ്പെട്ടത് ബാറിന്റെ പിൻഭാഗത്തുള്ള ടോയ്ലറ്റിലാണ്. അവിടെനിന്നാണ് മൃതദേഹങ്ങളിൽ ഭൂരിഭാഗവും കണ്ടെടുത്തത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ശ്വാസംമുട്ടിയാണ് പലരും മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലം സന്ദർശിച്ച തായ്ലൻഡ് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഉന്നതതല അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
